വിദ്യാർത്ഥികൾ വർഗീയ കലാപത്തെക്കുറിച്ചും ബാബരി മസ്ജിദ് തകർത്തതിനെക്കുറിച്ചും പഠിക്കേണ്ടതില്ലെന്ന് എൻസിഇആർടി ഡയറക്ടർ ദിനേഷ് പ്രസാദ് സക്ലാനി പറഞ്ഞു. പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ നിന്നും ബാബരി മസ്ജിദും അയോധ്യ വിഷയവും ഉൾപ്പെടുന്ന പാഠഭാഗത്തിൽ തിരുത്തൽ വരുത്തിയതിനെ ന്യായീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“പാഠപുസ്തകങ്ങളിൽ എന്തിന് കലാപത്തെക്കുറിച്ച് പഠിപ്പിക്കണം. നമ്മുക്ക് നല്ല പൗരൻമാരെയാണ് സൃഷ്ടിക്കേണ്ടത്. ചെറു പ്രായത്തിൽ കലാപങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നത് അക്രമസ്വഭാവമുള്ളതും വിഷണ്ണരുമായ പൗരൻമാരെ സൃഷ്ടിക്കാനിടയാക്കും. പാഠപുസ്തകങ്ങളിൽ കാവിവത്കരണമാണെന്ന ആരോപണം ശരിയല്ല. പാഠപുസ്തകങ്ങളിൽ വരുത്തിയ മാറ്റങ്ങൾ എല്ലാം തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണ്” എൻസിഇആർടി ഡയറക്ടർ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യ വ്യക്തമാക്കിയത്.
ബാബ്റി മസ്ജിദും അയോധ്യ വിഷയവും ഉൾപ്പെടുന്ന പാഠഭാഗം തിരുത്തി എൻസിഇആർടി. പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസിന്റെ ‘സ്വാതന്ത്ര്യത്തിനുശേഷമുള്ള ഇന്ത്യൻ രാഷ്ട്രീയം’ എന്ന പുസ്തകത്തിലാണ് എൻസിഇആർടി മാറ്റം വരുത്തിയത്. ബാബ്റി മസ്ജിദ് എന്നത് ഒഴിവാക്കി “മൂന്ന് മിനാരമുള്ള കെട്ടിട’മെന്നാണ് വിശേഷിപ്പിച്ചത്. സംഘപരിവാറിനെ പ്രതിരോധത്തിലാക്കുന്ന മറ്റ് വിവരങ്ങളും ഒഴിവാക്കി. ബാബ്റി മസ്ജിദ് പതിനാറാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ ബാബറിന്റെ ജനറൽ മിർ ബാഖി നിർമിച്ച മസ്ജിദാണെന്നാണ് പഴയ പുസ്തകത്തിലുള്ളത്. എന്നാൽ, പുതിയ പുസ്തകത്തിൽ അത് രാമന്റെ ജന്മസ്ഥലത്ത് 1528ൽ നിർമിക്കപ്പെട്ട മൂന്നു മിനാരങ്ങളുള്ള ഒരു കെട്ടിടം ഉണ്ടായിരുന്നു എന്നാക്കി. കെട്ടിടത്തിൽ ഹിന്ദു ആരാധനയുടെ ഭാഗമായുള്ള ദൈവങ്ങളുടെ പ്രതിമകളുണ്ടെന്നും കൂട്ടിച്ചേർത്തിട്ടുണ്ട്.
എൽ കെ അദ്വാനിയുടെ നേതൃത്വത്തിൽ ബിജെപി സംഘടിപ്പിച്ച രഥയാത്രയും അതിന്റെ ഭാഗമായുണ്ടായ വർഗീയകലാപങ്ങളെയും കുറിച്ച് പറയുന്ന ഭാഗങ്ങൾ പുസ്തകത്തിൽനിന്ന് ഒഴിവാക്കി. ബാബ്റി മസ്ജിദ് പൊളിച്ചതാണെന്ന സൂചനയും പൂർണമായും വെട്ടിമാറ്റി. നാലു പേജുകളിലായുണ്ടായിരുന്ന ഭാഗം രണ്ട് പേജിലൊതുക്കി. സിബിഎസ്ഇക്ക് കീഴിലുള്ള സ്കൂളുകളിലാണ് ഈ പാഠപുസ്തകങ്ങൾ പഠിപ്പിക്കുന്നത്.
ഹിന്ദുത്വശക്തികൾ നിരന്തരം നടത്തിയ വിദ്വേഷ പ്രചാരണത്തിനും വർഗീയ കലാപങ്ങൾക്കും ഒടുവിലാണ് 1992 ഡിസംബർ ആറിന് ബാബ്‌റി മസ്‌ജിദ് തകർത്തത്. രാജ്യത്ത് ധ്രുവീകരണം സൃഷ്‌ടിച്ച് അധികാരത്തിലെത്താൻ സംഘപരിവാർ ചവിട്ടുപടിയാക്കിയത് ഈ വിഷയമായിരുന്നു.
ഹിന്ദു-മുസ്ലിം ഐക്യത്തിനായുള്ള ഗാന്ധിയുടെ ശ്രമങ്ങൾ ഹിന്ദു തീവ്രവാദികളെ എങ്ങനെ പ്രകോപിപ്പിച്ചു എന്നും ഗാന്ധിവധത്തിനുശേഷം ആർഎസ്‌എസ്സിനെ നിരോധിച്ചതിനെക്കുറിച്ചുമുള്ള ഭാഗങ്ങൾ 11, 12 ക്ലാസിലെ പാഠപുസ്‌തകങ്ങളിൽനിന്നും കഴിഞ്ഞ വർഷം എൻസിഇആർടി നീക്കംചെയ്‌തിരുന്നു. മുഗൾ രാജാക്കന്മാരുടെ ഭരണകാലത്തെ പരിഷ്‌കാരങ്ങളെക്കുറിച്ചും സ്വാതന്ത്ര്യസമര സേനാനിയും വിദ്യാഭ്യാസ വിചക്ഷണനവുമായ മൗലാന അബുൾ കലാം ആസാദിനെക്കുറിച്ചുമുള്ള ഭാഗങ്ങളും വെട്ടി. പത്താംക്ലാസിലെ പുസ്‌തകത്തിൽനിന്ന് ജനാധിപത്യം, ജനകീയ പ്രക്ഷോഭങ്ങൾ, ബഹുസ്വരത തുടങ്ങിയവയും നീക്കംചെയ്‌തിരുന്നു.