എൻസിഇആർടി (നാഷണൽ കൗണ്‍സിൽ ഫോർ എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്) പാഠപുസ്‌തകത്തിൽ ബാബറി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കി. അടുത്ത അധ്യായന വർഷത്തിലെ 12-ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ നിന്നും ബാബറി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കി. ഒഴിവാക്കിയ പാഠ്യവിഷയങ്ങൾക്ക് പകരം രാമക്ഷേത്ര നിർമാണം പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എൻസിഇആർടി പന്ത്രണ്ടാം ക്ലാസിലെ പാഠപുസ്തക ഉള്ളടക്കത്തിലാണ് പുതിയ തീരുമാനം. എൻസിഇആർടി നിയോഗിച്ച പാഠ്യ പുസ്‌തക പരിഷ്കരണ സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് പുതിയ നിർദ്ദേശം.
സമിതിയുടെ നിർദേശം അനുസരിച്ച് വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ കാര്യങ്ങൾ ഒഴിവാക്കണം എന്നതായിരുന്നു. പന്ത്രണ്ടാംതര രാഷ്ട്രതന്ത്ര പാഠപുസ്തകത്തിൽ നിന്നുമാണ് ഈ വിഷയങ്ങൾ ഒഴിവാക്കുന്നത്. സിബിഎസ്ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേൻ) യ്ക്ക് കീഴിലുള്ള സ്കൂളുകളിലാണ് ഈ പാഠപുസ്തകങ്ങൾ പഠിപ്പിക്കുന്നത്, രാജ്യത്ത് ഏകദേശം 30,000 സ്കൂളുകൾ ഇതിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ അനുസരിച്ചാണ് പാഠപുസ്തകത്തിന്റെ ഉള്ളടക്കങ്ങളിൽ മാറ്റം വരുത്തിയതെന്നാണ് എൻസിഇആർടി രേഖകളിൽ പറയുന്നത്.
ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള സംഭവങ്ങളാണ് ബാബരി മസ്ജിദ് തകർത്തതും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ രാജിയിലേക്ക് വരെ നയിച്ച ഗുജറാത്ത് കലാപവും. ഇവയ്ക്ക് പുറമെ ഹിന്ദുത്വ രാഷ്ട്രീയം, ന്യൂനപക്ഷങ്ങൾ എന്നിവയെ കുറിച്ചുള്ള ചില പരാമർശങ്ങളും എൻസിആർടി നീക്കം ചെയ്‌തിട്ടുണ്ട്.