ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ മഹാരാഷ്‌ട്രയിൽ എൻഡിഎ മുന്നണിയിൽ വൻ ഭിന്നത. അജിത് പവാറിന്റെ എൻസിപിയിൽനിന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി ഛഗൻ ഭുജ്ബൽ മറുകണ്ടംചാടാനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്. തിങ്കളാഴ്‌ച അദ്ദേഹം അനുയായികളുമായി ചർച്ച നടത്തിയെന്നാണ് അറിയുന്നത്. ഭുജ്‌ബൽ വൈകാതെ തന്നെ തന്റെ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. മന്ത്രിപദവി ഉടൻ രാജിവച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ വർഷം നവംബറിൽ മന്ത്രിസ്ഥാനം രാജിവച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ അംഗീകരിച്ചിരുന്നില്ല. ഒബിസി സംവരണം വെട്ടിക്കുറച്ചുകൊണ്ട് മറാത്ത വിഭാഗത്തിന് സംവരണം നൽകാനുള്ള നിർദേശത്തെ ശക്തമായി എതിർക്കുന്ന ഭുജ്‌ബൽ ദേശീയടിസ്ഥാനത്തിൽ ജാതി സെൻസസ് നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു.
എൻസിപിയെ പിളർത്താൻ അജിത് പവാറിനൊപ്പം നിലകൊണ്ട ഭുജ്‌ബലിനെ എൻഡിഎ ഒതുക്കുന്നതിൽ ഒബിസി നേതാവിന്റെ അനുയായികൾ രോഷത്തിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാസിക് മണ്ഡലം ആവശ്യപ്പെട്ട ഭുജ്‌ബലിനെ മുന്നണിയും തഴഞ്ഞു. രാജ്യസഭാ സീറ്റിൽ അജിത്‌പവാറിന്റെ ഭാര്യ സുനേത്രയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതും ഭുജ്‌ഭലിനെ ചൊടിപ്പിച്ചു. അജിത് പവാർ പക്ഷത്തെ 19 എംഎൽഎമാർ തങ്ങൾക്കൊപ്പം ചേരുമെന്ന് ശരദ്‌പവാർ പക്ഷ നേതാവ് രോഹിത് പവാർ ആവർത്തിച്ചു.