ഉന്നതനായ കമ്മ്യൂണിസ്റ്റ് നേതാവ്, ഭാരതീയ ദര്‍ശനങ്ങളിലും തത്വചിന്തയിലും അവഗാഹജ്ഞാനമുള്ള വ്യക്തിത്വം, പ്രഗത്ഭനായ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍, പ്രതിഭാധനനായ സാഹിത്യനിരൂപകന്‍, പണ്ഡിതനായ ചരിത്രകാരന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാവ്, സ്വാതന്ത്ര്യസമരസേനാനി എന്നീ നിലകളിലെല്ലാം ഒരിക്കലും മായാത്ത മുദ്രകള്‍ പതിപ്പിച്ച നേതാവായിരുന്നു സ. എന്‍ ഇ ബാലറാം. അദ്ദേഹത്തിന്റെ 30അം ചരമവാർഷിക ദിനമാണ് ഇന്ന്. 1994 ജൂലൈ 16ന് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞെങ്കിലും അദ്ദേഹം പകര്‍ന്നുനല്‍കിയ ജീവിതമാതൃകയും സര്‍ഗ്ഗാത്മകതവും ബൗദ്ധികവുമായ രചനകളും എക്കാലവും വെളിച്ചം പകരുന്നതാണ്.
കമ്മ്യൂണിസ്റ്റുകാരെ ആശയപരമായി ആയുധമണിയിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച ആചാര്യനായിരുന്നു ബാലറാം. മാര്‍ക്‌സിസം – ലെനിനിസത്തില്‍ അനന്യസാധാരണമായ അറിവുണ്ടായിരുന്ന അദ്ദേഹം ലളിതമായ നിലയില്‍ ആയിരങ്ങള്‍ക്ക് അത് പകര്‍ന്നുനല്‍കി. ഭാരതീയ സാംസ്‌കാരിക പൈതൃകത്തിലും തത്വചിന്തയിലും പണ്ഡിതനായിരുന്ന ബാലറാം ചരിത്രത്തിലും സാഹിത്യത്തിലുമെല്ലാം തന്റേതായ മികച്ച സംഭാവനകള്‍ നല്‍കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത നേതാക്കളില്‍ പ്രമുഖനായിരുന്നു അദ്ദേഹം.
ബാല്യത്തില്‍ തന്നെ തന്റെ കുടുംബത്തില്‍ നിന്ന് വേദോപനിഷത്തുക്കളിലും പുരാണേതിഹാസങ്ങളിലും പഠനം തുടങ്ങിയ ബാലറാം ജീവിതാന്ത്യംവരെ വിജ്ഞാനാന്വേഷണത്തിനായുള്ള വ്യഗ്രത പ്രകടിപ്പിച്ചിരുന്നു. ചെറുപ്പത്തില്‍ ആധ്യാത്മികതയില്‍ ആകൃഷ്ടനായ ബാലറാം സന്ന്യാസം വരിക്കുന്നതിനായി കല്‍ക്കട്ടയിലെ ശ്രീരാമകൃഷ്ണാശ്രമത്തില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ സന്ന്യാസത്തെക്കുറിച്ചുള്ള തന്റെ സങ്കല്‍പ്പങ്ങള്‍ക്കും കാഴ്ച്ചപ്പാടുകള്‍ക്കുമനുസരിച്ചല്ല അവിടത്തെ യാഥാര്‍ഥ്യങ്ങള്‍ എന്ന് തിരിച്ചറിഞ്ഞപ്പോള്‍ സന്ന്യാസമാര്‍ഗ്ഗം ഉപേക്ഷിച്ച് ബാലറാം നാട്ടിലേക്കു മടങ്ങി. സ്വാതന്ത്ര്യസമരവും സാമൂഹ്യഅനാചാരങ്ങള്‍ക്കെതിരായ പ്രക്ഷോഭവും ശക്തിപ്പെടുന്ന കാലമായിരുന്നു അത്. ബാലറാം കോണ്‍ഗ്രസുകാരനാവുകയും സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയാവുകയും ചെയ്തു. അയിത്തത്തിനും ജാതിവിവേചനത്തിനുമെതിരായി പോരാടുന്ന പ്രസ്ഥാനമായിരുന്നു അന്ന് എസ് എന്‍ ഡി പി. അതിന്റെ തലശ്ശേരി ശാഖാരൂപീകരണത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖനായിരുന്നു ബാലറാം. ആ ശാഖയുടെ ആദ്യ സെക്രട്ടറിയായത് ബാലറാമും പ്രസിഡന്റായത് വി ആര്‍ കൃഷ്ണയ്യരുമായിരുന്നു. ജാതി ഉച്ചനീചത്വങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുന്നതിനൊപ്പം ബാലറാം കൊടിയ ചൂഷണം അനുഭവിച്ചിരുന്ന തൊഴിലാളികളെയും സംഘടിപ്പിക്കുവാന്‍ മുന്നോട്ടുവന്നു. അന്നുതന്നെ മികച്ച സംഘാടക സാമര്‍ഥ്യം പ്രകടിപ്പിച്ച ബാലറാം ബീഡിത്തൊഴിലാളികളെ സംഘടിപ്പിക്കുകയും സമരങ്ങളില്‍ അണിനിരത്തുകയും ചെയ്തു.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇടതുപക്ഷത്തോടൊപ്പമായിരുന്നു ബാലറാം. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ സജീവമായ അദ്ദേഹം മാര്‍ക്‌സിസത്തെയും സോഷ്യലിസ്റ്റ് വ്യവസ്ഥിതിയെയും കുറിച്ച് ഗഹനമായി പഠിക്കുകയും മോചനത്തിനും മുന്നേറ്റത്തിനുമുള്ള ശരിയായ വഴി അതാണെന്ന് തിരിച്ചറിയുകയും ചെയ്തിരുന്നു. 1939 ല്‍ തലശ്ശേരിയിലെ പാറപ്പുറത്ത് വച്ച് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണ സമ്മേളനം നടക്കുമ്പോള്‍ അതിന്റെ മുഖ്യസംഘാടകനായി പ്രവര്‍ത്തിച്ചവരില്‍ പ്രമുഖന്‍ അദ്ദേഹമായിരുന്നു.
തന്റെ വൈജ്ഞാനിക സമ്പത്തും ത്യാഗപൂര്‍ണമായ പ്രവര്‍ത്തനവുംകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നതനേതാവായി അദ്ദേഹം ഉയര്‍ന്നു. നിരവധി ഘട്ടങ്ങളിലായി ആറു വര്‍ഷക്കാലം ബാലറാം ജയില്‍വാസം അനുഭവിച്ചു. 1948 ല്‍ പാര്‍ട്ടി നിരോധിക്കപ്പെട്ടപ്പോള്‍ ഒളിവുജീവിതവും നയിച്ചു. ജയില്‍ജീവിതകാലം പോലും ബാലറാമിന് പഠനത്തിന്റെയും എഴുത്തിന്റെയും കാലമായിരുന്നു. പട്ടാഭിസീതാരാമയ്യയ്ക്കും ആന്ധ്രാ കേസരി എന്നറിയപ്പെട്ടിരുന്ന ടി പ്രകാശത്തിനുമൊപ്പം ജയിലില്‍ കഴിഞ്ഞിരുന്ന ബാലറാം ടാഗോറിന്റെ കൃതികളെ കുറിച്ചും പൗരാണിക ഇന്ത്യയെക്കുറിച്ചും പഠിക്കാനാണ് ആ കാലയളവ് വിനിയോഗിച്ചത്. ടാഗോര്‍ കൃതികളുടെ പഠനത്തിനായി അദ്ദേഹം ബംഗാളിഭാഷപോലും പഠിച്ചു. ടാഗോര്‍ കൃതികളെ സംബന്ധിച്ച ഗ്രന്ഥരചനയ്ക്കായി ജയിലില്‍ വച്ച് ബാലറാം തയ്യാറാക്കിയ കുറിപ്പുകളൊക്കെയും ഒളിവുജീവിതകാലത്ത് പൊലീസുകാര്‍ അദ്ദേഹത്തിന്റെ വീടു തകര്‍ത്തപ്പോള്‍ നഷ്ടപ്പെടുകയായിരുന്നു.
പാര്‍ട്ടി രൂപീകരണകാലം മുതല്‍ സംസ്ഥാന നേതൃനിരയുടെ ഭാഗമായിരുന്ന ബാലറാം പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലും ദേശീയ എക്‌സിക്യൂട്ടീവിലും സെക്രട്ടേറിയറ്റിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 1972 മുതല്‍ 1984 വരെയുള്ള പന്ത്രണ്ടുവര്‍ഷക്കാലം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. കേരളത്തിന്റെ മുന്നേറ്റത്തില്‍ നിര്‍ണായക സംഭാവന നല്‍കിയ അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് ചുരുങ്ങിയകാലം അദ്ദേഹം വ്യവസായം, വാര്‍ത്താവിതരണം വകുപ്പുകളുടെ മന്ത്രിയുമായിരുന്നു. 1957 ലും 60 ലും 70 ലും നിയമസഭ സാമാജികനായും രണ്ടുതവണ രാജ്യസഭാംഗമായും തിരഞ്ഞെടുക്കപ്പെട്ട ബാലറാം പാര്‍ലമെന്ററി രംഗത്തും തന്റെ വൈദഗ്ധ്യം പ്രകടിപ്പിച്ചു. ആദര്‍ശത്തിന്റെയും സത്യസന്ധതയുടെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലാതിരുന്ന ബാലറാം ലളിതജീവിതം നയിക്കുന്നതില്‍ ബദ്ധശ്രദ്ധ പുലര്‍ത്തുകയും ചെയ്തു.
ബാലറാമിലെ പണ്ഡിതന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാത്രമല്ല, രാജ്യത്തിനും സമൂഹത്തിനാകെയും വിലപിടിപ്പുള്ള സംഭാവനകളാണ് നല്‍കിയത്. ഭാരതീയ പൈതൃകത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അപാരമായ അറിവ് നിരവധി ലേഖനങ്ങളിലൂടെയും ഉത്കൃഷ്ട ഗ്രന്ഥങ്ങളിലൂടെയും പകര്‍ന്നുകിട്ടി. ഭാരതീയ സാംസ്‌കാരിക പൈതൃകത്തിലെ ഭൗതികശാസ്ത്രീയ ചിന്തകളെ യുക്തിഭദ്രതയോടെ അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ഭാരതീയ തത്വചിന്തയിലെ പ്രബലമായ ഭൗതികവാദത്തെ തമസ്‌ക്കരിക്കുവാനും ആശയവാദത്തെ മുന്നോട്ടുവയ്ക്കാനും ശ്രമിച്ചവരെ ശക്തമായ വാദമുഖങ്ങള്‍ കൊണ്ട് അദ്ദേഹം നേരിട്ടു. ഭാരതീയ സംസ്‌കാരത്തെ തെറ്റായി വ്യാഖ്യാനിക്കുവാനും വര്‍ഗീയതയ്ക്കും മതമൗലികവാദത്തിനുമായി ഉപയോഗിക്കുവാനും പരിശ്രമിച്ച തത്പരശക്തികളെ പ്രതിരോധിക്കുന്നതിന് ബാലറാം നല്‍കിയ സംഭാവനകള്‍ കിടയറ്റതാണ്. ഹിന്ദുത്വവാദികളുടെ തെറ്റായ പ്രചാരണത്തിന്റെ മുനയൊടിക്കുന്നതിനായി അദ്ദേഹം രചിച്ച ലേഖനങ്ങളും പുസ്തകങ്ങളും മതേതരത്വത്തിനുവേണ്ടി നിലകൊള്ളുന്നവര്‍ക്ക് ലഭിച്ച മികച്ച ആയുധങ്ങളാണ് എന്നതില്‍ തര്‍ക്കമില്ല. ചരിത്രാന്വേഷണത്തിലും താല്‍പര്യം പുലര്‍ത്തിയിരുന്ന അദ്ദേഹം ഈടുറ്റ ചരിത്രപരമായ സംഭാവനകളും നല്‍കി. തികഞ്ഞ വായനക്കാരനായിരുന്ന ബാലറാം നല്ല സാഹിത്യാസ്വാദകനുമായിരുന്നു. ഏറ്റവും പുതിയ ലോകക്ലാസിക്കുകള്‍ പോലും ആദ്യം തന്നെ തേടിപ്പിടിച്ച് വായിക്കുമായിരുന്ന അദ്ദേഹം പല സാഹിത്യസൃഷ്ടികളെയും കുറിച്ച് പഠനാര്‍ഹമായ നിരൂപണങ്ങള്‍ രചിക്കുകയും ചെയ്തു. തന്റെ സാഹിത്യവിമര്‍ശനങ്ങളിലും പഠനങ്ങളിലും സങ്കുചിത രാഷ്ട്രീയ വീക്ഷണം കടന്നുവരാതിരിക്കാന്‍ ബാലറാം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
പാര്‍ട്ടി ഭിന്നിപ്പുണ്ടായപ്പോള്‍ ഏറെ വേദനിച്ച അദ്ദേഹം ഭിന്നിപ്പിലെ യുക്തിയില്ലായ്മയും അകാരണമായി ഉണ്ടായ ഭിന്നിപ്പിന്റെ അപകടങ്ങളും യുക്തിഭദ്രതയോടെ സമര്‍ത്ഥിച്ചു. ‘തര്‍ക്കത്തിന്റെ തായ്‌വേര്’ എന്ന ഗ്രന്ഥത്തിലൂടെ ബാലറാം പാര്‍ട്ടി ഭിന്നിപ്പിച്ചവരുടെ വാദങ്ങളെ നിഷ്‌കരുണം ഖണ്ഡിച്ചു.
ബഹുഭാഷാ പണ്ഡിതന്‍, പ്രതിഭാധനനായ എഴുത്തുകാരന്‍, ചിന്തകന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നിട്ടും വിനയം കൈവിടാതെ കാത്തുസൂക്ഷിച്ചിരുന്നു അദ്ദേഹം. രാഷ്ട്രീയ എതിരാളികളുടെ പോലും ആദരവും സ്‌നേഹവും നിര്‍ലോഭം നേടാന്‍ കഴിഞ്ഞിരുന്ന ബാലറാം പക്ഷേ തെറ്റായ സമീപനങ്ങളോടും ഭരണകൂടനയങ്ങളോടും സന്ധിയില്ലാതെ പോരാടിയിരുന്നു.
മാര്‍ക്‌സിസത്തിന്റെ പ്രസക്തി ലോകമെങ്ങും വീണ്ടും വീണ്ടും തിരിച്ചറിയപ്പെടുന്ന ഈ കാലത്ത് ബാലറാം ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് പണ്ഡിതര്‍ ദീര്‍ഘവീക്ഷണത്തോടെ നടത്തിയ വിലയിരുത്തലുകള്‍ ശരിയാണെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെടുകയാണ്. മുതലാളിത്തം വന്യമായ നിലയില്‍ കടന്നാക്രമണം നടത്തുമ്പോള്‍ ബാലറാമിനെ പോലുള്ളവര്‍ പകര്‍ന്നുനല്‍കിയ സൈദ്ധാന്തിക പാഠങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കരുത്തുപകരും. മതമൗലികവാദികളും മതഭീകരതയും വെല്ലുവിളികള്‍ ഉയര്‍ത്തുമ്പോള്‍ മതനിരപേക്ഷതയുടെ കാവല്‍ഭടനായി നിലകൊണ്ട ബാലറാം നല്‍കിയ ആശയപരമായ കരുത്ത് പ്രതിരോധത്തിന് ശക്തി പകരുകയും ചെയ്യുന്നു. കാലാതിവര്‍ത്തിയായ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ ബാലറാമിന്റെ നിത്യസ്മാരകങ്ങളാണ്