മെഡിക്കൽ വിദ്യാഭ്യാസ മേഖലയെ വാണിജ്യവത്കരിച്ച് വിദ്യാഭ്യാസ കച്ചവടക്കാരെ സംരക്ഷിക്കുന്ന കേന്ദ്ര നയത്തിന്റെ ഭാഗമാണ് നീറ്റ് യു ജി പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ആരോപണങ്ങൾ. ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് യു.ജി.യിൽ 67 പേരാണ് ഇത്തവണ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. ഇത്രയേറെപ്പേർ ഒന്നാം റാങ്ക് നേടുന്നത് ആദ്യമായാണ്. 2020 ൽ രണ്ടു പേർക്കും 2021-ൽ മൂന്നു പേർക്കും 2023-ൽ രണ്ടു പേർക്കുമാണ് മുഴുവൻ മാർക്ക് ലഭിച്ചത്. 2022 ൽ നാലു പേർ ഒന്നാം റാങ്ക് നേടിയെങ്കിലും 715 മാത്രമായിരുന്നു അവരുടെ സ്‌കോർ. ഇത്തവണ ഒന്നാം റാങ്കിൽ മാത്രമല്ല, താഴെയുള്ള മറ്റു റാങ്കുകളിലും സ്‌കോർ വളരെ ഉയർന്നിരിക്കുന്നു എന്നതാണ് വസ്തുത.
നീറ്റ് യു ജി പരീക്ഷയുടെ പ്രോസ്പെക്ടസ് മാനദണ്ഡം അനുസരിച്ച് പരിശോധിക്കുമ്പോൾ, ഭൂരിപക്ഷം വിദ്യാർത്ഥികളുടെ സ്‌കോറും യഥാർത്ഥത്തിൽ അവർക്ക് ലഭിക്കേണ്ട സ്‌കോറുമായി പൊരുത്തപ്പെടുന്നില്ല. എംബിബിഎസ്-ബിഡിഎസ് ബിരുദതല പ്രവേശന പരീക്ഷയിലെ ആകെ മാർക്ക് 720 ആണ്. ശരിയായ ഉത്തരത്തിന് 4 മാർക്ക് ലഭിക്കുകയും ഓരോ തെറ്റായ ഉത്തരത്തിനും മൊത്തത്തിൽ നിന്ന് 1 മാർക്ക് കുറയ്ക്കുകയും ചെയ്യും.
അതേസമയം ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ അടയാളപ്പെടുത്താതെ അവശേഷിക്കും. എന്നാൽ ഗണിതശാസ്ത്രപരമായി 719, 718 എന്നിങ്ങനെയുള്ള മാർക്ക് ലഭിക്കില്ലെന്നിരിക്കെ അത്തരം കേസുകൾ ഒന്നിലധികം ഫലങ്ങളിൽ കണ്ടിട്ടുണ്ട്. എൻ ടി എ ഈ വിഷയവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വിശദീകരണം ഗ്രേസ് മാർക്ക് വിദ്യാർത്ഥികൾക്ക് നൽകിയത് നിമിത്തമാണ് അപ്രകാരം സംഭവിച്ചത് എന്നാണ്. എന്നാൽ മെഡിക്കൽ പ്രവേശന പരീക്ഷക്ക് ഗ്രേസ് മാർക്ക് നൽകുന്ന രീതി നിലവിലില്ലെന്ന് മാത്രമല്ല അപ്രകാരം ഗ്രേസ് മാർക്ക് നൽകുന്നതിന്റെ മാനദണ്ഡം ഇത് വരെ വെളിപ്പെടുത്തിയിട്ടുമില്ല.
തന്നെയുമല്ല ഒരേ പരീക്ഷ കേന്ദ്രങ്ങളിൽ പരീക്ഷയെഴുതിയവർ മുഴുവൻ മാർക്കും നേടിയത് സംശയാസ്പദമാണ്.ഹരിയാനയിലെ ഒരു സെന്ററിൽ നിന്നുമാത്രം ആറുപേർക്ക് മുഴുവൻ മാർക്കും ലഭിച്ചതായി പറയപ്പെടുന്നു. ചോദ്യപ്പേപ്പർ ചോർന്നുവെന്ന ആരോപണം മുൻപേ ഉയർന്നിരുന്നുവെങ്കിലും ആരോപണം മുഖ വിലക്കെടുക്കാനോ സമഗ്രാന്വേഷണം നടത്താനോ അധികൃതർ ഇത് വരെ തയ്യാറായിട്ടില്ല. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) ജൂൺ 18-ാം തീയതി നടത്തിയ യു.ജി.സി. നെറ്റ് പരീക്ഷ റദ്ദാക്കിയതും ഇതിനോട് ചേർത്ത് വായിക്കേണ്ടതുണ്ട്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തിയത്.
പരീക്ഷാനടത്തിപ്പിൽ വീഴ്ചകളുണ്ടായെന്ന് നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്‌സ് യൂണിറ്റിൽ നിന്ന് യു.ജി.സിക്ക് ലഭ്യമായ വിവരമനുസരിച്ചാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷ റദ്ദാക്കാൻ നിർദേശം നൽകിയത്. രാജ്യത്തെ 1205 കേന്ദ്രങ്ങളിൽ നടന്ന പരീക്ഷ 11.21 ലക്ഷം പേരാണ് പ്രസ്തുത പരീക്ഷ എഴുതിയിരുന്നത്. രാജ്യത്തെ കുട്ടികളുമായും അധ്യാപകരുമായും മാതാപിതാക്കളുമായും രക്ഷിതാക്കളുമായും ‘പരീക്ഷ പേ ‘ ചർച്ച പ്രഹസനം നടത്തുന്ന നരേന്ദ്ര മോദിയുടെ സർക്കാരിനു കീഴിലാണ് എൻഎംസിയും എൻടിഎയും സംയുക്തമായി മെഡിക്കൽ വിദ്യാഭ്യാസം വാണിജ്യ വത്കരിക്കുന്ന നിലപാടുകളുമായി മുന്നോട്ട് പോകുന്നത്.
ഹിന്ദുത്വ-കോർപ്പറേറ്റ് ഭരണകൂടത്തിന്റെ പദ്ധതിയുടെ ഏറ്റവും വലിയ ഇരകളിലൊന്നായി വിദ്യാഭ്യാസ മേഖലയെ മാറ്റിത്തീർക്കുന്നതിന്റെ പലവിധ അനുഭവങ്ങൾക്കാണ് ബിജെപി ഭരണത്തിൽ രാജ്യം സാക്ഷ്യം വഹിച്ചത്. ഒരു ഭാഗത്ത് വിദ്യാഭ്യാസത്തെ ഭരണ കൂടത്തിന്റെ ഉത്തരവാദിത്വം എന്ന നിലയിൽ മാറ്റി നിർത്തി കച്ചവടവത്കരണത്തിന് വിട്ടു കൊടുക്കുകയും മറു ഭാഗത്ത് അക്കാദമിക് പ്രവർത്തനങ്ങളോട് യാതൊരു പ്രതിപത്തിയുമില്ലാത്ത സംഘപരിവാര പ്രചാരകരെയും സഹയാത്രികരെയും കുത്തിനിറച്ച് ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിഷ്ഠിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
കോർപ്പറേറ്റുകൾക്ക് വീടു പണി ചെയ്യുന്നതിനപ്പുറം അറിവുല്പാദനമോ സ്വതന്ത്ര്യമായ ഗവേഷണങ്ങൾക്കുള്ള സാഹചര്യം ഒരുക്കലോ ജനാധിപത്യ സമൂഹത്തെ രൂപപ്പെടുത്തലോ സാമൂഹ്യ നീതിയിലേക്കുള്ള ചവിട്ടുപലകയായി വിദ്യാഭ്യാസത്തെ മാറ്റുകയോ ഒന്നും അജൻഡയിലില്ലാത്ത ഭരണ കൂടം ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയുടെ മേൽ ഇരുൾ പടർത്തുകയാണ് ചെയ്യുന്നത് !