കാഞ്ഞങ്ങാട്: വയനാടിന് സാന്ത്വനമേകാൻ വിവാഹ പന്തലിൽവെച്ച് സ്വർണ മോതിരം കൈമാറി നവദമ്പതികളായ വിഷ്ണുവും-അഭിരാമിയും. എഐവൈഎഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി അംഗവും, സിപിഐ മടിക്കൈ ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറിയുമായ വിഷ്ണുവാണ് തൻ്റെ വിവാഹ പന്തലിൽ വെച്ച് സ്വർണമോതിരം വയനാട് ദുരിതാശ്വ നിധിയിലേക്ക് കൈമാറിയത്. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം ധനീഷ് ബിരിക്കുളം മോതിരം ഏറ്റുവാങ്ങി. വയനാട്ടിൽ എഐവൈഎഫ് നിർമ്മിച്ച് നൽകുന്ന 10 വിടുകളുടെ നിർമ്മാണ ഫണ്ടിലേക്കാണ് സ്വർണ്ണമോതിരം സംഭാവനയായി ഏറ്റുവാങ്ങിയത്.
സമാനതകളില്ലാത്ത ദുരന്തം വിതച്ച വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ പൊതുപ്രവർത്തകനായ വിഷ്ണു നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ഇതോടൊപ്പമാണ് ഇന്നലെ നടന്ന തന്റെ വിവാഹ ചടങ്ങിൽവെച്ച് സ്വർണമോതിരം കൈമാറിയത്. സിപിഐ സംസ്ഥാന അസി. സെക്രട്ടറി ഇ ചന്ദ്രശേഖരൻ എംഎൽഎയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കൂടിയാണ് വിഷ്ണു. ഏച്ചിക്കാനും നീരളി വീട്ടിലെ എൻ ഗംഗാധരൻ സുധ ടി ആർ ദമ്പതികളുടെ മകനാണ്. ഓരിയിലെ സിപി എം ലോക്കൽ സെക്രട്ടറി പി കെ പവിത്രൻ-കെ വി പ്രീത ദമ്പതികളുടെ മകളാണ് അഭിരാമി. എഐവൈഎഫ് ജില്ലാ സെക്രട്ടറി എം ശ്രീജിത്ത്, എഐവൈഎഫ് ഭഗത് സിംഗ് യൂത്ത് ഫോഴ്സ് ക്യാപ്റ്റൻ പ്രകാശൻ പള്ളിക്കാപ്പിൽ, ജിനു ശങ്കർ, ശ്രീകാന്ത് മാക്കി എന്നിവർ സംബന്ധിച്ചു.