ദേശീയ മഹിളാ ഫെഡറേഷന്റെ (എൻഎഫ്ഐഡബ്ല്യു) അമരത്തേക്ക് മുതിർന്ന സാമൂഹ്യ പ്രവർത്തകയും സയ്ദ ഹമീദും വിദ്യാഭ്യാസ പ്രവർത്തക നിഷ സിദ്ദുവും തെരഞ്ഞെടുക്കപ്പെട്ടു. അരുണ റോയിയുടെയും, ആനി രാജയുടെയും പിന്മുറക്കാരായിട്ടാണ് സെയ്ദ ഹമീദും നിഷ സിദ്ദുവും കടന്നുവരുന്നത്. കേരളത്തിൽ നിന്ന് മന്ത്രി ജെ ചിഞ്ചുറാണി, കമല സദാനന്ദൻ എന്നിവർ വൈസ് പ്രസിഡന്റുമാരും ഇ എസ് ബിജിമോൾ സെക്രട്ടറിയുമാണ്. ഇവർക്ക് പുറമേ പി വസന്തം, ആർ ലതാദേവി, എൻ ഉഷ, ഷാജിറാ മനാഫ്, രാഖി രവികുമാർ, കെ എസ് ജയ, ദീപ്തി അജയകുമാർ, ഹേമലത പ്രേം സാഗർ, താരാ ദിലീപ്, സുമലത മോഹൻ ദാസ് എന്നിവർ ദേശീയ കൗൺസിൽ അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.
സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ കരുത്തയായ പോരാളിയാണ് നിഷ സിദ്ദു. മണിപ്പൂർ കലാപ ബാധിത മേഖല സന്ദർശിച്ചതിന്റെ പേരിൽ ആനി രാജയ്ക്കൊപ്പം യുഎപിഎ ചുമത്തപ്പെട്ടവരിൽ ഒരാൾ നിഷ സിദ്ദുവായിരുന്നു. കർഷക, വിദ്യാർഥി സമരങ്ങളിൽ സ്ഥിരസാന്നിധ്യം. ഇന്ത്യൻ സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ വലിയ സംഭവാന നൽകിയ വനിത, എഴുത്തുകാരി, ഇന്ത്യയുടെ ആസൂത്രണ കമ്മീഷൻ മുൻ അംഗം എന്നീ നിലകളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് സെയ്ദ സയദയ്ൻ ഹമീദ്. ദേശീയ ആരോഗ്യ കമ്മീഷന്റെ സ്റ്റിയറിംഗ് കമ്മിറ്റി അധ്യക്ഷയായും അവർ ചുമതല വഹിച്ചിട്ടുണ്ട്. സ്ത്രീകളുടെ ഉന്നമനത്തിനായി ദക്ഷിണേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിമൻസ് ഇനിഷ്യേറ്റീവ് ഫോർ പീസ് ഇൻ സൗത്ത് ഏഷ്യ (ഡബ്ല്യുഐപിഎസ്എ) യുടെ സ്ഥാപകയാണ്. മൗലാന ആസാദ് നാഷണൽ ഉറുദു സർവകലാശാലയുടെ (എംഎഎൻയുയു) ചാൻസലറായി സേവനമനുഷ്ഠിച്ചു. അവരുടെ സാമൂഹ്യ സേവനത്തിനുള്ള ആദരവായി രാജ്യത്തിന്റെ പരമോന്നത ബഹുമതികളിൽ ഒന്നായ പത്മശ്രീ ലഭിച്ചു.
1943 ൽ ഖ്വാജ ഗുലാം സയ്യിദൈന്റെ മകളായി ജനനം. ഡൽഹിയിലെ മോഡേൺ സ്കൂളിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും ഹവായ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. ന്യൂഡൽഹിയിലെ ലേഡി ശ്രീറാം കോളേജ് ഫോർ വുമണിൽ അധ്യാപികയായി കരിയർ തുടങ്ങി. ഫ്രഞ്ച് യൂണിവേഴ്സിറ്റിയായ ആൽബർട്ട യൂണിവേഴ്സിറ്റിയിൽ സെഷണൽ ലക്ചറായി ജോലി അനുഷ്ടിച്ചിട്ടുണ്ട്. 1978-ൽ മന്ത്രാലയത്തിലെ കോളേജുകളുടെയും സർവകലാശാലകളുടെയും ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. ആൽബർട്ട യൂണിവേഴ്സിറ്റിയിലെ ബിസിനസ് അഡ്മിനിസ്ട്രേഷൻ ആൻഡ് കൊമേഴ്സ് ഫാക്കൽറ്റി പ്രൊഫസറായ എസ്എംഎ ഹമീദാണ് സയ്യിദയിടെ ഭർത്താവ്.
സെയ്ദ ഹമീദ് 1984-ലാണ് ഫ്രാൻസിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്. മുസ്ലീം സ്ത്രീകൾക്ക് അവരുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ശബ്ദം നൽകുകയെന്ന ലക്ഷ്യത്തോടെ മുസ്ലീം വിമൻസ് ഫോറത്തിന്റെ സ്ഥാപകരിൽ ഒരാളായി. ബഹുഭാര്യത്വം, മുത്തലാഖ്, അനന്തരാവകാശം തുടങ്ങിയ മുസ്ലീം വ്യക്തിനിയമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുസ്ലീം വിമൻസ് ഫോറം മുന്നോട്ട് വച്ച പോരാട്ടങ്ങൾ രാജ്യ ശ്രദ്ധ നേടി. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെയും ലക്ഷദ്വീപിന്റേയും വികസനത്തിനായി പ്രധാനമന്ത്രിയുടെ കീഴിലുള്ള ഇന്ത്യാ ഗവൺമെന്റ് ഏജൻസിയായ ഐലൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐഡിഎ) യിലെ അംഗമായിരുന്നു അവർ.
ഇന്ത്യൻ കോൺഫെഡറേഷൻ ഓഫ് എൻജിഒയുടെ കർമ്മവീർ പുരസ്‌കാരം ലഭിച്ചു. മൗലാന മുഹമ്മദ് അലി ജൗഹർ അക്കാദമിയുടെ മൂന്നാമത് ബി അമ്മ അവാർഡും സയ്യിദ നേടിയിട്ടുണ്ട്. കഷ്ടത അനുഭവിക്കുന്ന ജനങ്ങളെ ഒപ്പം നിർത്തി അവർ നടത്തിയ പോരാട്ടങ്ങൾ അത്രയും രാജ്യ കണ്ടതാണ്. ഇപ്പോൾ എൻഎഫ്ഐഡബ്ല്യൂവിന്റെ അമരത്ത് എത്തുമ്പോഴും ആ പോരാട്ടം അവസാനിക്കുകയല്ല. ഇനി പുതിയ പോരാട്ടങ്ങളിൽ എൻഎഫ്ഐഡബ്യൂ വിന്റെ പേര് ചേർക്കുമ്പോൾ അതിൽ സെയ്ദ ഹമീദിന്റെ പൊതുരംഗത്തെ അനുഭവ നേട്ടങ്ങളുടെ ഉർജം കാണും.