ന്യൂഡൽഹി: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) വർദ്ധിപ്പിച്ച ടോൾ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ. രാജ്യത്തുടനീളം ഏഴ് ശതമാനം വരെയാണ് ടോൾ നിരക്ക് ഉയർത്തിയിരിക്കുന്നത്. ടോൾ ഗതാഗതം അനുസരിച്ച് ഫീസ് 3.5 ശതമാനം മുതൽ ഏഴ് ശതമാനം വരെ വ്യത്യാസപ്പെടും.
കേരളത്തിൽ അരൂർ – ഇടപ്പള്ളി ദേശീയപാതയിലെ കുമ്പളം ടോൾ പ്ലാസയിൽ കുറഞ്ഞ ടോൾ നിരക്ക് 40 രൂപയിൽ നിന്ന് 45 രൂപയാകും. കാറുകൾക്ക് മടക്കയാത്രയടക്കം 70 രുപയായിരിക്കും ടോൾ ഫീസ്. മിനി ബസ് ഒരു പ്രാവശ്യ യാത്രയ്ക്ക് 75 രൂപയും മടക്കയാത്രയടക്കം 110 രൂപയുമാണ്. ബസ്, ട്രക്ക് എന്നിവയ്ക്ക് ഇന്നുമുതൽ ഒരു പ്രാവശ്യ യാത്രയ്ക്ക് 150രൂപയും മടക്കയാത്രയടക്കം 230 രൂപയുമാണ്. മൾട്ടി ആക്സിൽ വാഹനങ്ങളുടെ ടോൾ നിരക്കിലും വർധനവ് ബാധകമാണ്.
പാലക്കാട് – തൃശൂർ ആറുവരിപ്പാതയിലെ പന്നിയങ്കര ടോൾ കേന്ദ്രത്തിലും വാളയാർ-വടക്കഞ്ചേരി നാലുവരിപ്പാതയിലെ വാളയാർ ടോൾകേന്ദ്രത്തിലും നിരക്ക് കൂടും.
ബംഗളൂരു-മൈസൂരു അതിവേഗപാതയിൽ നിലവിലുള്ള നിരക്കിനേക്കാൾ 22 ശതമാനമാണ് വർധിക്കുന്നത്. കാർ, ജീപ്പ്, വാൻ എന്നിവയ്ക്ക് ഒരു വശത്തേക്ക് 135 രൂപയായിരുന്നത് ഇനി മുതൽ 165 രൂപയാകും. 24 മണിക്കൂറിനുള്ളിൽ തിരിച്ചുള്ള യാത്രയ്ക്ക് നേരത്തെ 205 രൂപയായിരുന്നത് 250 രൂപയായി കൂടും. ബസുകൾക്ക് ഒരുവശത്തേക്ക് 565രൂപയും തിരിച്ചുള്ള യാത്രയ്ക്ക് 850 രൂപയുമാകും.
2022 സാമ്പത്തിക വർഷത്തിൽ ദേശീയ പാതകളിൽ 33,881.22 കോടി രൂപയാണ് ടോൾ പിരിച്ചെടുത്തത്. മുൻവർഷത്തെക്കാൾ 21 ശതമാനം കൂടുതലാണിത്. 2022 സാമ്പത്തിക വർഷത്തിൽ ദേശീയ പാതകളിൽ 33,881.22 കോടി രൂപയാണ് ടോൾ പിരിച്ചെടുത്തത്. മുൻവർഷത്തെക്കാൾ 21 ശതമാനം കൂടുതലാണിത്. യാത്ര ചെയ്ത ദൂരത്തിനു മാത്രം ടോൾ ഈടാക്കുന്ന രീതിയും ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഡൽഹി-ഗുരുഗ്രാം എക്സ്പ്രസ് വേയിലാണ് ഈ രീതി പരീക്ഷിക്കുക. ടോൾ ബൂത്തുകൾ വഴി പണം പിരിക്കുന്നതിന് പകരം ഓട്ടോമാറ്റിക് ക്യാമറകളുടെ സഹായത്തോടെയാണ് ഈ സംവിധാനത്തിൽ പണം ഈടാക്കുന്നത്. ഓട്ടോമാറ്റിക് നമ്പർപ്ലേറ്റ് റീഡിങ് രീതിയായിരിക്കും സ്വീകരിക്കുക.