തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകൾ കേന്ദ്രീകരിച്ച് എൻഐഎ റെയ്ഡ്. സംസ്ഥാന വ്യാപകമായി 56 സ്ഥലങ്ങളിലാണ് റെയ്ഡ്. പിഎഫ്‌ഐ രണ്ടാം നിര നേതാക്കളെ തേടിയാണ് എൻഐഎ പരിശോധന നടത്തുന്നത്. ഫണ്ട് ചെയ്തവരെയും അക്കൗണ്ടുകൾ കൈകാര്യം ചെയ്തവരെയുമാണ് എൻഐഎ സംഘം അന്വേഷിക്കുന്നത്. പുലർച്ചെ രണ്ട് മണിയോടെ ആരംഭിച്ച റെയ്ഡ് ഇതിനോടകം പലയിടത്തും പൂർത്തിയായി. നിരവധി രേഖകളും മൊബൈൽ ഫോണുകൾ അടക്കമുള്ള ഇലക്ട്രോണിക് ഡിവൈസുകളും പിടിച്ചെടുത്തു എന്നാണ് വിവരം. ഡൽഹിയിൽ നിന്നടക്കം ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും പരിശോധനയിലുണ്ട്.
പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഭീകരപ്രവർത്തനത്തിന് വിവിധയിടങ്ങളിൽ യോഗം ചേർന്നെന്ന് എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു. എറണാകുളം ജില്ലയിലെ പെരിയാർവാലിയിലായിരുന്നു യോഗം. നിരോധിച്ച ശേഷവും പിഎഫ്ഐയുടെ തുടർ പ്രവർത്തനങ്ങൾ എങ്ങനെ കൊണ്ടുപോകണമെന്നടക്കം നേതാക്കളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ യോഗം ചേർന്നെന്നാണ് എൻഐഎ നൽകുന്ന പ്രാഥമിക വിവരം. നിരോധിച്ച സംഘടനയുമായി നേരത്തെ പ്രവർത്തിച്ചവരെ കൂടെകൂട്ടി പുതിയ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുവെന്നും എൻഐഎ കണ്ടെത്തൽ.
എറണാകുളം ജില്ലയിൽ മാത്രമായി എട്ടിടങ്ങളിൽ എൻഐഎ പരിശോധനയുണ്ട്. ജില്ലയിൽ ആലുവ കേന്ദ്രീകരിച്ചാണ് പരിശോധന. റെയ്ഡിൽ തെളിവുകളും സുപ്രധാന രേഖകളും കണ്ടെടുത്തു. എറണാകുളം മൂപ്പടത്ത് കമറുദീന്റെ വീട്ടിലും കാഞ്ഞിരമറ്റത്തും എൻഐഎ സംഘമെത്തിയിട്ടുണ്ട്. മൂവാറ്റുപുഴയിൽ വ്യവസായി തമർ അഷ്‌റഫിന്റെ വീട്ടിലും റെയ്ഡ് നടന്നു.
തോന്നയ്ക്കലിൽ പിഎഫ്‌ഐ മുൻ സോണൽ പ്രസിഡന്റ് നവാസിന്റെ വീട്ടിലും വിതുരയിൽ സുൽഫിയുടെ വീട്ടിലും പള്ളിക്കലിൽ ഫസലിന്റെ വീട്ടിലുമാണ് പരിശോധന നടന്നത്. കൊല്ലം ചക്കുവള്ളിയിൽ സിദ്ദിഖ് റാവുത്തറിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ മൂന്ന് മൊബൈൽ ഫോണുകളും രണ്ട് ബുക്ക്‌ലെറ്റുകളും പിടിച്ചെടുത്തു. ഓച്ചിറയിൽ അൻസാരിയുടെ വീട്ടിൽ റെയ്ഡ് നടത്തി. ഓച്ചിറയിലെ പരിശോധനയിൽ ഫോൺ, സിംകാർഡ്, പിഎഫ്‌ഐ യൂണിഫോം എന്നിവ പിടിച്ചെടുത്തു.
പത്തനംതിട്ട ജില്ലയിൽ മൂന്നിടങ്ങളിൽ എൻഐഎ റെയ്ഡ് പൂർത്തിയായി. ജില്ലയിലെ പിഎഫ്‌ഐ സംസ്ഥാന സമിതിയംഗം നിസാറിന്റെ വീട്ടിലാണ് റെയ്ഡ്. നിസാറിന്റെ വീട്ടിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്തു. പോപ്പുലർ ഫ്രണ്ട് പ്രസിദ്ധീകരണമുള്ള ബാഗും കണ്ടെടുത്തു. അടൂരിൽ റെയ്ഡിനിടെ പ്രതിഷേധമുണ്ടായി. ആലപ്പുഴയിൽ വീയപുരം, വണ്ടാനം, ചന്തിരൂർ, കായംകുളത്തിന് സമീപം ഓച്ചിറ എന്നിവിടങ്ങളിലായിരുന്നു പരിശോധന. വണ്ടാനത്ത് പിഎഫ്‌ഐ പ്രസിഡന്റായിരുന്ന നവാസിന്റെ വീട്ടിലും എൻഐഎ സംഘം പരിശോധന നടത്തി.
മലപ്പുറം ജില്ലയിൽ ഏഴിടങ്ങളിലായാണ് റെയ്ഡ് നടന്നത്. മഞ്ചേരിയിൽ ഒഎംഎ സലാമിന്റെ സഹോദരന്റെ വീട്ടിൽ പരിശോധന പൂർത്തിയാക്കി. ഒരു മൊബൈൽ ഫോണും ബാങ്ക് ഇടപാട് രേഖകളും കസ്റ്റഡിയിലെടുത്തു. മുൻ പിഎഫ്‌ഐ സംസ്ഥാന ചെയർമാനായിരുന്ന അബ്ദുൾ ഹമീദിന്റെ വീട്ടിലും റെയ്ഡ് നടന്നു. കാസർഗോഡും ഇടുക്കിയും ഒഴികെയുള്ള ജില്ലകളിലാണ് പരിശോധന.