ഫാസിസത്തിന്റെ വെറുപ്പും ആക്രമണോത്സുകതയും പരത്തുന്ന പ്രചാരവേലക്ക് വിധേയപ്പെടാത്തതിനെയെല്ലാം മുഖ്യധാരയിൽ നിന്നടർത്തിമാറ്റി നിഷേധാത്മകമായി രേഖപ്പെടുത്തുന്ന സ്ഥിതി വിശേഷം അത്യന്തം ആശാങ്കാജനകമാണെന്ന് നിലമ്പൂർ ആയിഷ പ്രസ്ഥാവിച്ചു. വയനാട് പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം എഐവൈഎഫ് സംഘടിപ്പിച്ച യുവകലാ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

ജനാധിപത്യത്തിന്റെ കരുത്തുറ്റ പാരമ്പര്യം അവകാശപ്പെടുന്ന ഇന്ത്യയിൽ ജനാധിപത്യം എന്നത് കേവല പ്രഹസനമായി മാറുകയാണ്. അധികാരം മാത്രം മുൻനിർത്തിക്കൊണ്ടുള്ള വർഗീയ ധ്രുവീകരണ അജൻഡയിൽ നിന്നുടലെടുക്കുന്ന ജനാധിപത്യ വിരുദ്ധ ഏകീകരണം രാജ്യത്തിന്റെ ബഹുസ്വരതയെ കാർന്നു തിന്നുമ്പോൾ ജാഗ്രത പാലിക്കേണ്ടത് യുവജനങ്ങളാണെന്നും അവർ കൂട്ടിച്ചേർത്തു.

എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ അധ്യക്ഷത വഹിച്ചു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ, ഇ ടി ടൈസൺ എംഎൽഎ, സിപിഐ മലപ്പുറം ജില്ല സെക്രട്ടറി പി കെ കൃഷ്ണ ദാസ്, സുഹൈബ് മൈലമ്പാറ, ആ ർ ജയകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.