കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പനിബാധിച്ച് രണ്ട് പേർ മരിച്ചതിനെ തുടർന്ന് ജില്ലയിൽ ജാഗ്രത നിർദേശം. മരിച്ചയാളുടെ ശരീര സ്രവങ്ങളുടെ സാമ്പിൾ പരിശോധന ഫലം ചൊവ്വാഴ്ച ഉച്ചയോടെ ലഭിക്കും. ഫലം കിട്ടിയാലേ നിപയാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയൂ. മരിച്ച ഒരാളുടെ നാല് ബന്ധുക്കൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
മരണപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. രോഗികളുമായി ഇടപഴകിയ ആരോഗ്യപ്രവർത്തകരും ബന്ധുക്കളും നിരീക്ഷണത്തിലാണ്. മരിച്ച ആദ്യത്തെയാളുടെ ഒമ്പത് വയസുകാരനായ മകൻ ഉൾപ്പെടെ രണ്ട് മക്കൾക്കും സഹോദരി ഭർത്താവിനും മകനുമാണ് സമാനമായ രോഗലക്ഷണങ്ങളുള്ളത്. 9 വയസുകാരന്റെ സാമ്പിൾ ചൊവ്വാഴ്ച പുണെയിലേ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും.
ആദ്യ രോഗി ചികിത്സയിലിരിക്കെ ആശുപത്രിയിലെത്തിയ ആളാണ് പിന്നീട് മരിച്ചതെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്. രണ്ടാമത്തെയാളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടില്ല. ഈ കേസുകളിൽ നിപ സംശയിക്കുന്നതായി സംസ്ഥാന ആരോഗ്യ വകുപ്പാണ് അറിയിച്ചത്.
മരണത്തിൽ ആശുപത്രി അധികൃതർ സംശയം പ്രകടിപ്പിച്ചതിനു പിന്നാലെ ആരോഗ്യ മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നിരുന്നു. മന്ത്രി വൊവ്വാഴ്ച കോഴിക്കോട്ടെത്തിയേക്കും. മരിച്ചവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരുടെ വിവരങ്ങൾ ആരോഗ്യ വകുപ്പ് ശേഖരിക്കുന്നുണ്ട്.