തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സയിലുള്ള മെഡിക്കൽ വിദ്യാർത്ഥിയുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിശോധന നടത്തിയത്.
ചൊവ്വാഴ്ചയാണ് വിദ്യാർത്ഥിയെ നിരീക്ഷണത്തിലാക്കിയത്. പഴങ്ങൾ കഴിച്ചിരുന്നെന്ന് വിദ്യാർത്ഥി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ആദ്യ നിപ പരിശോധനാ ഫലമാണിത്.
അതേസമയം, സംസ്ഥാനത്ത് നിലവിൽ നിപ സ്ഥിരീകരിച്ച് മൂന്ന് പേരാണ് ചികിത്സയിലുള്ളത്. സ്വകാര്യ ആശുപത്രിയിലെ 24 കാരനായ ആരോഗ്യ പ്രവർത്തകനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മറ്റൊരു ആരോഗ്യപ്രവർത്തകനും രോഗലക്ഷണമുണ്ട്.
കോഴിക്കോട് അടുത്ത പത്ത് ദിവസം എല്ലാ പൊതുപരിപാടികളും നിർത്തിവയ്ക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. കലാ -സാംസ്‌കാരിക, കായിക പരിപാടികളിലാണ് നിയന്ത്രണമേർപ്പെടുത്തിയത്. വിവാഹ സത്കാരങ്ങൾക്കും നിയന്ത്രണമുണ്ട്.
കോഴിക്കോട് ഇന്നും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽ ഉൾപ്പെട്ട കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ പരീക്ഷകൾ മാറ്റിവച്ചു. പിന്നീട് പ്രത്യേക പരീക്ഷ നടത്തും.