Sunday, November 24, 2024
spot_imgspot_img
HomeKeralaനിപ വൈറസ്: റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു; 702 പേർ സമ്പർക്കപ്പട്ടികയിൽ

നിപ വൈറസ്: റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു; 702 പേർ സമ്പർക്കപ്പട്ടികയിൽ

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ചവരുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദിന്റെ (48) റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ മെഡിക്കൽ സംഘം പറമ്പിൽ നിന്ന് അടയ്ക്ക ശേഖരിച്ചു. വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലായ കുടുതൽ പേരെ കണ്ടെത്തി. മൂന്ന് കേസുകളിൽ നിന്നായി 702 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. അതിനിടെ, കോഴിക്കോട്ടെ രണ്ടു ആരോഗ്യപ്രവർത്തകർക്കും നിപ ലക്ഷണമുണ്ട്. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കാണ് രോഗലക്ഷണമുളളത്. ഇവരുടെ സ്രവസാംപിൾ പരിശോധനയ്ക്ക് അയച്ചു.

ഓഗസ്റ്റ് 22ന് മുഹമ്മദിന് രോഗലക്ഷണങ്ങൾ കണ്ടു. 23ന് തിരുവള്ളൂർ കുടുംബച്ചടങ്ങിൽ പങ്കെടുത്ത അദ്ദേഹം 25ന് മുള്ളൂർകുന്ന് ഗ്രാമീൺ ബാങ്കിലും കള്ളാട് ജുമാ മസ്ജിദിലും എത്തി. 26ന് കുറ്റ്യാടിയിലെ ക്ലിനിക്കിൽ ഡോക്ടറെ കണ്ടു. 28ന് തൊട്ടിൽപാലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 29ന് ആംബുലൻസിൽ കോഴിക്കോട്ട് ആശുപത്രിയിലെത്തിച്ച മുഹമ്മദ് 30ന് മരിച്ചു.

നിപ ബാധിച്ച് മരിച്ച് മരിച്ച രണ്ടാമത്തെ രോഗി മംഗലാട് സ്വദേശി ഹാരിസിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. സെപ്റ്റംബർ അഞ്ചിനാണ് ഇയാൾക്ക് രോഗലക്ഷണമുണ്ടായത്. ആറാം തീയതിയും ഏഴാം തീയതിയും ഒരു ബന്ധുവീട് സന്ദർശിച്ചു. ഏഴാം തീയതി ദിവസം ഉച്ചയ്ക്ക് റൂബിയാൻ സൂപ്പർ മാർക്കറ്റ് സന്ദർശിച്ചു. എട്ടാം തീയതി രോഗം മൂർച്ചിച്ചതോടെ ആയഞ്ചേരി ഹെൽത്ത് സെന്ററിൽ എത്തി. എട്ടാം തീയതി കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലിൽ ചികിത്സ തേടി. അന്നേദിവസം തട്ടാംകോട് മസ്ജിദ് സന്ദർശിച്ചു.

ഒൻപതിനും പത്തിനും വില്യാപ്പള്ളിയിലെ ആരോഗ്യ കേന്ദ്രം സന്ദർശിച്ചു. പത്താം തീയതി വടകരയിലെ രണ്ട് ആരോഗ്യകേന്ദ്രം സന്ദർശിച്ചു. പതിനൊന്നാം തീയതി ജ്യോതി കുമാറിന്റെ ക്ലിനിക്കിലും വടകരിയലെ സഹകരണ ആശുപത്രിയിലും ചികിത്സ തേടുന്നു. അവിടെ നിന്നാണ് കോഴിക്കോട് മിംസ് ആശുപത്രിയിൽ എത്തുന്നത്. അവിടെ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

നിപയെ തുടർന്ന് ആദ്യം മരിച്ച ആളുടെ സമ്പർക്ക പട്ടികയിൽ 371 പേരും രണ്ടാമത്തെ ആളുടെ സമ്പർക്കപട്ടികയിൽ 281 പേരും ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 50 പേരുമാണുള്ളത്.നിപ സ്ഥിരീകരിച്ച സാംപിളുകൾ ഉൾപ്പെടെ ആകെ ഏഴു സാംപിളുകളാണ് ഇതുവരെ പരിശോധനക്കയച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മൊബൈൽ ലാബും ജില്ലയിൽ സജ്ജമാക്കും. ഇത് വഴി പരിശോധനാ ഫലം ലഭ്യമാകുന്നതിനുള്ള കാലതാമസം ഒഴിവാകും.

ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ കൺട്രോൾ റൂമുകളുടെ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ രോഗലക്ഷണമുണ്ടെങ്കിൽ കോൾ സെന്ററിൽ ബന്ധപ്പെടണം. രോഗബാധിത പ്രദേശങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares