ന്യൂഡല്‍ഹി: ബോംബെ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് നിതിന്‍ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ജസ്റ്റിസ് നിതിന്‍ ജാംദാര്‍ വൈകാതെ തന്നെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബോംബെ ഹൈക്കോടതിയിലെ തന്നെ ജസ്റ്റിസ് കെ.ആര്. ശ്രീറാമിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ച് കൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ വേരുകളുള്ളയാളാണ് ജസ്റ്റിസ് ശ്രീറാം. കേരള, മദ്രാസ് ഹൈക്കോടതികള്‍ക്ക് പുറമെ ആറ് ഹൈക്കോടതികള്‍ക്ക് കൂടി പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ച് കേന്ദ്രം വിജ്ഞാപനം ഇറക്കി.
ബോംബെ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ കഴിഞ്ഞാല്‍ ഏറ്റവും സീനിയര്‍ ആയ ജഡ്ജിയാണ് നിതിന്‍ ജാംദാര്‍. ഷോലപുര്‍ സ്വദേശിയായ ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ബോംബെ ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2012 ജനുവരി 23-നാണ് ബോംബെ ഹൈക്കോടതി ജഡ്ജി ആയി നിയമിതനായത്. അതിന് മുമ്പ് കേന്ദ്രസര്‍ക്കാരിന്റെ സീനിയര്‍ സ്റ്റാന്റിങ് കോണ്‍സല്‍ ആയിരുന്നു