ബിഹാറിൽ എൻഡിഎ പ്രചാരണയോഗത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന് നാക്കുപിഴ സോഷ്യൽ മീഡിയ ഏറ്റെടുത്തു. നരേന്ദ്രമോദി വീണ്ടും മുഖ്യമന്ത്രിയാവട്ടെ എന്ന് നിതീഷ് ആശംസിച്ചത് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. നേരത്തെ, ചിരാഗ് പാസ്വാന് വേണ്ടി വോട്ടുചോദിക്കുമ്പോഴും നിതീഷിന് സമാന നാക്കു പിഴ സംഭവിച്ചിരുന്നു.
പട്ന സാഹിബ് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി മുൻകേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന് വേണ്ടി വോട്ടുചോദിക്കുമ്പോഴായിരുന്നു നിതീഷിന്റെ പരാമർശം. ‘400-ലേറെ വോട്ടുകൾ നേടി നമ്മൾ ഇത്തവണ ജയിക്കുമെന്നാണ് പ്രതീക്ഷ. ആദരണീയനായ നരേന്ദ്രമോദി വീണ്ടും മുഖ്യമന്ത്രിയാവും. ഇന്ത്യ വികസിക്കും, ബിഹാർ പുരോഗമിക്കും, എല്ലാം നടക്കും’, എന്നായിരുന്നു നിതീഷിന്റെ പ്രസംഗം.
അതേസമയം, വേദിയിൽ ഉള്ള മറ്റ് നേതാക്കൾ ഉടൻ തന്നെ തെറ്റ് നിതീഷിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഉടൻ തന്നെ അദ്ദേഹം തിരുത്തി. മോദി ഇപ്പോൾ തന്നെ പ്രധാനമന്ത്രിയാണെന്നും അദ്ദേഹം കൂടുതൽ മുന്നോട്ടുപോകുമെന്നാണ് താൻ പറഞ്ഞതെന്നും നിതീഷ് പറഞ്ഞു ഫലിപ്പിച്ച് തടിതപ്പുകയായിരുന്നു.