Monday, November 25, 2024
spot_imgspot_img
HomeLatest Newsചാടി മടുക്കാത്ത നിതീഷ് കുമാര്‍; വീണ്ടും സോഷ്യലിസ്റ്റ് ചേരിയിലേക്ക്, രാഷ്ട്രീയ ചരിത്രം

ചാടി മടുക്കാത്ത നിതീഷ് കുമാര്‍; വീണ്ടും സോഷ്യലിസ്റ്റ് ചേരിയിലേക്ക്, രാഷ്ട്രീയ ചരിത്രം

ഞ്ചുവർഷം നീണ്ടുനിന്ന എൻഡിഎ ബന്ധം അവസാനിപ്പിച്ച് നിതീഷ് കുമാർ വീണ്ടും ‘സോഷ്യലിസ്റ്റ് ചേരിയിലേക്ക്’ പോകുമ്പോൾ, നിതീഷിന്റെ ചാട്ടം പതിവാക്കിയ രാഷ്ട്രീയ വഴികൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

1994ലാണ് ആദ്യമായി നിതീഷ് കുമാർ കൂട്ടുകെട്ടുകൾ പൊട്ടിച്ചു പുറത്തുവരുന്നത്. ലാലു പ്രസാദ് യാദവുമായി തെറ്റി ജോർജ് ഫെർണാണ്ടസുമായി ചേർന്ന് സമതാ പാർട്ടി രൂപികരിച്ചു. 1996ൽ ബിജെപിയുമായി കൂട്ടുകൂടിയ നിതീഷ്, വാജ്‌പെയ് സർക്കാരിൽ മന്ത്രിയായി. അതേവർഷം തന്നെ ലാലു പ്രസാദ് യാദവ് ആർജെഡി രൂപീകരിച്ചതോടെ രണ്ട് ജനതാ പാർട്ടികൾ തമ്മിലായി ബിഹാറിൽ പോര്.

2000ലാണ് നിതീഷ് കുമാർ ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തുന്നത്. അന്ന് എൻഡിഎയ്‌ക്കൊപ്പമായിരുന്നു സമതാ പാർട്ടി. എൻഡിഎയ്ക്ക് 151 സീറ്റ്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ആർജെഡിക്ക് 159. കേവലഭൂരിപക്ഷമായ 163 സീറ്റ് തികയ്ക്കാൻ കഴിയാതെ വന്നതോടെ മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജിവച്ചു.

2003ൽ ശരദ് യാദവിന്റെ ജനതാ ദളുമായി സമതാ പാർട്ടി ലയിക്കുകയും ജെഡിയു രൂപീകരിക്കുകയും ചെയ്തു. എൻഡിഎയ്‌ക്കൊപ്പമായിരുന്നു കുമാർ നിലയുറപ്പിച്ചത്. അതേവർഷം തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2010ലെ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിനൊപ്പം നിന്ന ജനതാദൾ, അധികാരത്തിലെത്തുകയും നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

2013ൽ നരേന്ദ്ര മോദിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് ബിജെപിയുമായി 17 വർഷം നീണ്ടുനിന്ന സഖ്യം നിതീഷ് അവസാനിപ്പിച്ചു. വിശ്വാസ വോട്ടെടുപ്പിൽ കോൺഗ്രസിന്റെ പിന്തുണയോടെ മുഖ്യമന്ത്രിയായി തുടർന്നെങ്കിലും 2014 ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചു. 2015ൽ ആർജെഡിയുമായി സഖ്യമുണ്ടാക്കിയ നിതീഷ് വീണ്ടും മുഖ്യമന്ത്രിയായി.

2017ൽ ആർജെഡിയുമായുള്ള പാലംവലിച്ച് വീണ്ടും എൻഡിഎ ക്യാമ്പിലെത്തി. 2020ലെ തെരഞ്ഞെടുപ്പിൽ പക്ഷേ നിതീഷ് കുമാറിന് കാലിടറി. തേജസ്വി യാദവിന്റെ നേതൃത്വത്തിൽ ആർജെഡി 76 എംഎൽഎമാരുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബിജെപി 77 സീറ്റ് നേടി. 45 സീറ്റുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും നിതീഷിനെ തന്നെ എൻഡിഎ മുഖ്യമന്ത്രിയാക്കി.

എന്നാൽ, 2017 മുതൽ നിലനിന്നിരുന്ന ബിജെപിയും ജെഡിയും തമ്മിലുള്ള അധികാര വടംവലി സർക്കാർ രൂപീകരണത്തിന് പിന്നാലെ കടുത്തു. ജെഡിയു എംഎൽഎമാരെ ബിജെപി ചാക്കിലാക്കാൻ ശ്രമം ആരംഭിച്ചെന്ന സംശയം ബലപ്പെട്ടതോടെയാണ് പഴയ ‘സോഷ്യലിസ്റ്റ് ചേരിയിലേക്ക്’ മടങ്ങാൻ നിതീഷ് കുമാർ തീരുമാനിച്ചത്.

ഒരിക്കൽപ്പോലും ബിജെപിയ്‌ക്കൊപ്പം നിന്നിട്ടില്ലാത്ത ലാലു പ്രസാദിന്റെ ആർജെഡി, നിതീഷിനെ ഇനി പൂർണമായി വിശ്വസിക്കുമോയെന്ന് സംശയമാണ്. മുൻപത്തേക്കാൾ ശക്തനാണ് തേജസ്വി യാദവ്. 2017ൽ നിതീഷിൽ നിന്നേറ്റ പിൻകുത്ത് ആർജെഡി മറക്കാനിടിയില്ല. നിതീഷിനെ മുഖ്യമന്ത്രിയാക്കിയാലും ഇത്തവണ മന്ത്രിസഭയുടെ കടിഞ്ഞാൺ തേജസ്വിയുടെ കയ്കളിൽ തന്നെയാകും. നാൽപ്പത് ലോക്‌സഭ സീറ്റുള്ള ബിഹാറിൽ എൻഡിഎയെ അധികാരത്തിന് പുറത്തുനിർത്തുക എന്നതിലൂടെ ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷ കക്ഷികൾക്കിടയിൽ സ്വാധീനം വർധിപ്പിക്കാനുള്ള അവസരമായി ആർജെഡി നിതീഷുമായുള്ള പുതിയ സഖ്യത്തെ കണക്കാക്കുന്നുണ്ട്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares