ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറി തികച്ച് ഇന്ത്യൻ താരം നിതീഷ് കുമാർ റെഡ്ഡി. 171-ാം പന്തിലാണ് നിതീഷിന്റെ സെഞ്ച്വറി നേട്ടം. മത്സരത്തിൽ വാഷിങ് ടൺ സുന്ദർ അർധ സെഞ്ച്വറിയും (50) തികച്ചു. ഈ സിരീസിൽ ഇന്ത്യൻ നിരയിൽ വളരെ മികച്ച നിലയിൽ ബാറ്റ് ചെയ്യുന്ന താരമാണ് നിതീഷ് കുമാർ റെഡ്ഡി.
ആദ്യ ഇന്നിങ്‌സിൽ ഓസ്‌ട്രേലിയ 474 റൺസെടുത്തപ്പോൾ മുൻ ടെസ്റ്റുകളിലെ പോലെ ഇന്ത്യ ബാറ്റിങ് തകർച്ച നേരിടുകയായിരുന്നു. യശ്വസി ജയ്‌സ്വാളിന് മാത്രമേ ഇന്ത്യൻ ബാറ്റർമാരിൽ ഭേദപ്പെട്ട പ്രകടനം കാഴ്‌ചവെക്കാൻ സാധിച്ചുള്ളൂ. 164ന് അഞ്ച് എന്ന നിലയിലായിരുന്നു മൂന്നാം ദിനം ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. ഋഷഭ് പന്തും രവീന്ദ്ര ജഡേജയുമായിരുന്നു മൂന്നാം ദിനം കളി ആരംഭിക്കുമ്പോൾ ക്രീസിൽ. നിതീഷ് കുമാർ റെഡ്ഡിയും വാഷിങ് ടൺ സുന്ദറും ചേർന്ന് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ട് വരാൻ ശ്രമിച്ചെങ്കിലും അർധ സെഞ്ച്വറി തികച്ചതോടെ വാഷിങ് ടണ്ണിന്റെ വിക്കറ്റ് നഷ്‌ടമാവുകയായിരുന്നു.