ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി ടി ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം. ഈ മാസം 25 ന് ചേരുന്ന പ്രത്യേക ഐ ഒ എ യോഗത്തിൽ അവിശ്വാസ പ്രമേയം ചർച്ച ചെയ്യും. പതിനഞ്ചംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ 12 പേർ പി ടി ഉഷക്ക് എതിരാണ്. അധ്യക്ഷ സ്ഥാനത്തുള്ള പി ടി ഉഷയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്നതും ചർച്ച ചെയ്യും.
2022 ഡിസംബർ പത്തിനാണ് ഒളിമ്പിക് അസോസിയേഷന്റെ തലപ്പത്തേയ്ക്ക് പി ടി ഉഷ എത്തുന്നത്. അധികാരത്തിലെത്തി രണ്ട് വർഷമാകുന്നതിന് മുൻപാണ് പി ടി ഉഷയ്‌ക്കെതിരെ ഐ ഒ എയിൽ പടയൊരുക്കം നടത്തുന്നത്. ഉഷയ്‌ക്കെതിരായ അവിശ്വാസ പ്രമേയ നീക്കത്തിന്റെ വിശദാംശങ്ങൾ എക്‌സിക്യൂട്ടീവ് കൗൺസിൽ പുറത്തുവിട്ട മീറ്റിങ്ങിലെ അജണ്ടയിലാണുള്ളത്. ഐ ഒ എയുടെ ഭരണഘടന ഉഷ ലംഘിച്ചതായാണ് പ്രധാന ആരോപണം. ഇതിന് പുറമേ കായിക മേഖലയ്ക്ക് ഹാനികരമാകുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ ഉഷ ചെയ്തതായും ഒളിമ്പിക് അസോസിയേഷൻ എക്‌സിക്യൂട്ടീവ് അംഗങ്ങൾ ആരോപിക്കുന്നു. പാരീസ് ഒളിമ്പിക്സിലെ ഹോസ്പിറ്റാലിറ്റി ലോഞ്ചുമായി ബന്ധപ്പെട്ട് റിലയൻസുമായുള്ള കരാറിൽ സി എ ജി ഉഷയ്ക്ക് നേരെ ചോദ്യങ്ങൾ ഉയർത്തിയിരുന്നു. റിലയൻസിനെ ഉഷ വഴിവിട്ട് സഹായിച്ചെന്നും ഇതുമൂലം ഐഒഎയ്ക്ക് 24 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് സി എ ജിയുടെ ആരോപണം. എന്നാൽ ഈ ആരോപണങ്ങൾ ഉഷ നിരസിക്കുകയാണ് ചെയ്തത്.
ഐഒഎയുടെ എക്‌സിക്യൂട്ട് അംഗങ്ങളും ഉഷയുമായി കഴിഞ്ഞ കുറച്ചു നാളുകളായി തർക്കത്തിൽ തുടരുകയാണ്. യോഗ്യതാ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് എക്‌സിക്യൂട്ടീവ് അംഗങ്ങൾക്ക് ഉഷ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉഷയ്‌ക്കെതിരെ നിലപാട് കടുപ്പിക്കാൻ എക്‌സിക്യൂട്ടീവ് അംഗങ്ങളും തീരുമാനിച്ചത്.