ന്യൂഡൽഹി: സാമൂഹിക പ്രവർത്തകയായ ടീസ്റ്റ സെതൽവാദിനെ രണ്ട് മാസത്തിലേറെയായി തടങ്കലിൽ പാർപ്പിച്ച ഗുജറാത്ത് ഹൈക്കോടതിയുടെ നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി. അവരെ ജയിലിലാക്കിയിട്ട് ആറ് ആഴ്ച കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ എങ്ങനെയാണ് ഗുജറാത്ത് ഹൈക്കോടതി അവർക്ക് മറുപടി ആവശ്യപ്പെട്ട് നോട്ടീസ് നൽകുകയെന്നും സുപ്രീം കോടതി ചോദിച്ചു. ജാമ്യം നിഷേധിക്കപ്പെടേണ്ട കൊലപാതക കുറ്റമോ മറ്റോ അല്ല അവർ ചെയ്തതെന്നും കോടതി നിരീക്ഷിച്ചു.
ജയിലിലായിട്ട് രണ്ട് മാസത്തോളമായി ഇതുവരെ കുറ്റപത്രം പോലും ഫയൽ ചെയ്തിട്ടില്ല. എഫ്ഐആറിലുള്ളത് സാകിയ ജഫ്രി കേസ് തള്ളി കോടതി നടത്തിയ നിരീക്ഷണങ്ങൾ മാത്രമാണെന്നും ബഞ്ച് ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളല്ലാതെ കൂടുതലൊന്നും എഫ്ഐആറിൽ പറയുന്നില്ലെന്ന് ബഞ്ച് വിലയിരുത്തി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ, പ്രിവൻഷൻ ഓഫ് ടെററിസം ആക്റ്റ് എന്നിവ പോലെ ജാമ്യം അനുവദിക്കാൻ കഴിയാത്ത ഒരു കുറ്റവും ഈ കേസിൽ ഇല്ല. ടീസ്റ്റയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത് സാധാരണ കുറ്റകൃത്യങ്ങളാണെന്നും ഒരു സ്ത്രീക്ക് അനുകൂലമായ ചികിത്സയ്ക്ക് അർഹതയുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ടീസ്റ്റയുടെ ജാമ്യാപേക്ഷയിൽ ഓഗസ്റ്റ് മൂന്നിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ നീണ്ട അവധി ഗുജറാത്ത് ഹൈക്കോടതി ആവശ്യപ്പെട്ടെന്നും ബഞ്ച് വ്യക്തമാക്കി. എങ്ങനെയാണ് ഒരു സ്ത്രീയായ ടീസ്റ്റ സെതൽവാദിനെ കസ്റ്റഡിയിലെടുത്ത് ആറ് ആഴ്ചയ്ക്ക് ശേഷം നോട്ടീസ് നൽകുക. ഇതാണോ ഗുജറാത്ത് ഹൈക്കോടതിയുടെ പ്രവർത്തന രീതിയെന്നും സുപ്രീംകോടതി ചോദിച്ചു.സെതൽവാദിനു വേണ്ടി മുതിർന്ന അഭിഭാഷകനായ കപിൽ സിബലാണ് ഹാജരായത്. കേസ് ഇന്ന് വീണ്ടും കേൾക്കും.