തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത മങ്കിപോക്സിന് തീവ്ര വ്യാപനശേഷിയില്ലെന്ന് പരിശോധന ഫലം. കേരളത്തിൽ നിന്നും പരിശോധനയ്ക്ക് അയച്ച രണ്ട് സാമ്പിളുകളുടെ പരിശോധനാഫലം പൂർത്തിയായി. മങ്കിപോക്സിന് കാരണം എ. 2 വൈറസ് വകഭേദമെന്ന് ജിനോം സീക്വൻസ് പഠനം. എ. 2 വൈറസ് വകഭേദത്തിന് വ്യാപനശേഷി കുറവാണ്.
രാജ്യത്ത് മങ്കിപോക്സ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വാക്സിൻ വികസിക്കാൻ തയ്യാറെടുക്കുകയാണ് ഐസിഎംആർ. കേരളത്തിനു പുറമെ ഉത്തർ്പ്രദേശിലും മങ്കിപോക്സിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരാൾ ഗാസിയാബാദിലെ ആശുപത്രിയിലും, മറ്റൊരാൾ ഡൽഹി എൽഎൻജിപി ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്. രണ്ട് പേരുടെയും സ്രവം പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ‍്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.