മൊറയൂർ: ഒരുമിച്ച് നടക്കാം വർഗ്ഗീയതയ്ക്കെതിരെ ഒന്നായ് പൊരുതാം തൊഴിലിനുവേണ്ടി എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് സംഘടിപ്പിക്കുന്ന സേവ് ഇന്ത്യ മാർച്ചിനു മൊറയൂരിൽ വമ്പിച്ച സ്വീകരണം നൽകും. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ നയിക്കുന്ന വടക്കൻ മേഖല ജാഥയ്ക്കാണ് മൊറയൂരിൽ സ്വീകരണം നൽകുക. കെ ഷാജഹാൻ, പ്രസാദ് പറേരി, അഡ്വ. വിനീത വിൻസന്റ് തുടങ്ങിയവർ വൈസ് ക്യാപ്റ്റന്മാരായും അഡ്വ. കെ കെ സമദ് ഡയറക്ടറായും വടക്കൻ മേഖല ജാഥയ്ക്ക് നേതൃത്വം നൽകും. മെയ് 24 ന് പകൽ 10 മണിക്കാണ് എഐവൈഎഫ് മൊറയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം സംഘടിപ്പിക്കുന്നത്. മെയ് 17ന് കാസർകോട് നിന്നുമാണ് വടക്കൻ മേഖല ജാഥ ആരംഭിക്കും.
കേരളമൊട്ടാകെയാണ് എഐവൈഎഫ് കാൽനട ജാഥകൾ സംഘടിപ്പിക്കുന്നത്. മെയ് 15ന് ആരംഭിക്കുന്ന തെക്കൻ മേഖല ജാഥ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ നയിക്കും. എസ് വിനോദ് കുമാർ, അഡ്വ. ആർ എസ് ജയൻ, ഭവ്യ കണ്ണൻ വൈസ് ക്യാപ്റ്റൻമാരായും അഡ്വ. ആർ ജയൻ ഡയറക്ടറായും ജാഥയ്ക്കൊപ്പം അണിനിരക്കും.