കൊച്ചി: സിവിൽ സപ്ലൈസ് വകുപ്പിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും. ഓഗസ്റ്റ് 23 മുതൽ തുടങ്ങിയ കിറ്റുവിതരണമാണ് ഇന്ന് സമാപിക്കുന്നത്. 87 ലക്ഷം കിറ്റുകളാണ് സൗജന്യ വിതരണത്തിനായി റേഷൻ കടകളിലേക്കെത്തിച്ചത്. അതിൽ ഇന്നലെ വൈകിട്ടു വരെയുള്ള കണക്കുകളനുസരിച്ച് 82 ലക്ഷത്തോളം കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
14 ഉത്പന്നങ്ങൾ അടങ്ങിയ കിറ്റാണ് ഇക്കുറി വിതരണം ചെയ്തത്. മിൽമ നെയ്യും ക്യാഷു കോർപ്പറേഷനിലെ കശുവണ്ടി പരിപ്പും ഇക്കുറി കിറ്റിൽ ഇടം പിടിച്ചു. കശുവണ്ടി 50 ഗ്രാം, മിൽമ നെയ് 50 മി.ലി, ശബരി മുളക് പൊടി 100 ഗ്രാം, ശബരി മഞ്ഞൾപ്പൊടി 100 ഗ്രാം, ഏലയ്ക്കട 20 ഗ്രാം, ശബരി വെളിച്ചെണ്ണ 500 മി.ലി, ശബരി തേയില 100 ഗ്രാം, ശർക്കരവരട്ടി 100 ഗ്രാം, ഉണക്കലരി 500 ഗ്രാം, പഞ്ചസാര ഒരു കിലോഗ്രാം, ചെറുപയർ 500 ഗ്രാം, തുവരപ്പരിപ്പ് എന്നിവ അടങ്ങുന്നതാണ് ഓണക്കിറ്റ്.
അതേസമയം സൗജന്യ ഓണക്കിറ്റ് വിതരണം വിജയിപ്പിച്ച റേഷൻ വ്യാപാരികൾക്ക് സർക്കാർ ഓണസമ്മാനം പ്രഖ്യാപിച്ചു. ഉത്സവബത്തയായി 1000 രൂപയാണ് റേഷൻ വ്യാപാരികൾക്കായി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.