സംസ്ഥാനത്ത് ഒരാൾക്കു കൂടി എംപോക്‌സ് സ്ഥിരീകരിച്ചു. യുഎഇയിൽ നിന്ന് കഴിഞ്ഞാഴ്ച എത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയ ഇയാളുടെ ശരീരസ്രവങ്ങൾ പരിശോധിച്ചാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. രോഗിയുടെ സമ്പർക്കപ്പട്ടിക തയാറാക്കാനുള്ള ശ്രമത്തിലാണെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു.
സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന രണ്ടാമത്തെ എംപോക്‌സ് കേസാണിത്. നേരത്തെ മലപ്പുറം സ്വദേശിയായ മുപ്പത്തിയെട്ടുകാരന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളും യുഎഇയിൽ നിന്നു നാട്ടിലെത്തിയതായിരുന്നു. മറ്റ് രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്ക് ഉൾപ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി വീണ ജോർജ് അറിയിച്ചു.
ആരോഗ്യ വകുപ്പിന്റെ തിരഞ്ഞെടുത്ത ആശുപത്രികളിൽ ചികിത്സയും ഐസൊലേഷൻ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. എല്ലാ മെഡിക്കൽ കോളേജുകളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഈ മാസം ആദ്യം ഡൽഹിയിൽ രാജ്യത്തെ ആദ്യ എം പോക്‌സ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. നിരീക്ഷണത്തിലായിരുന്ന യുവാവിലായിരുന്നു വൈറസ് ബാധ കണ്ടെത്തിയത്.
രോഗവ്യാപനരീതി, പ്രതിരോധം, എന്നിവയെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുക, ആശുപത്രികളിൽ ഐസൊലേഷൻ സംവിധാനം ഒരുക്കുക തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയത്. പുതിയ വകഭേദം കണ്ടെത്തിയതിനേത്തുടർന്ന് കഴിഞ്ഞാഴ്ച ലോക ആരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ മാർഗനിർദേശം പുറത്തിറക്കിയത്.