ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ‘ സംവിധാനം രാജ്യത്ത് നടപ്പാക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ ഉന്നതാധികാര സമിതി തയ്യാറാക്കിയ റിപ്പോർട്ടിന് കേന്ദ്ര മന്ത്രി സഭ യോഗം അംഗീകാരം നൽകിക്കഴിഞ്ഞു. ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ലോക്സഭ-നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുക എന്ന വിഷയം പരിഗണിക്കുന്നതിന് വേണ്ടി മൂന്നു സമിതികൾ മുൻപ് രൂപീകരിക്കുകയുണ്ടായി. വിഷയവുമായി ബന്ധപ്പെട്ട് 2015ൽ പേഴ്സണൽ പബ്ലിക് ഗ്രീവൻസ് ലോ ആൻഡ് ജസ്റ്റിസ് പാർലമെന്ററി കമ്മിറ്റി ഇക്കാര്യത്തിൽ സർക്കാരിന് ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
പിന്നീട് ‘ഒരുമിച്ചുള്ള തിരഞ്ഞെടുപ്പ് വിശകലനം’ എന്ന രേഖയുമായി ബന്ധപ്പെട്ട ചർച്ചകളുടെ ഭാഗമായി നിതി ആയോഗും ചില നിർദ്ദേശങ്ങൾ സമർപ്പിച്ചു. 2018 ആഗസ്റ്റിലാണ് നിയമ കമ്മിഷൻ ഈ വിഷയത്തിൽ ഒരു കരട് റിപ്പോർട്ട് സമർപ്പിക്കുന്നത്. കമ്മിറ്റികളുടെ നിർദേശം നിലവിലെ നിയമസഭകളിൽ ചിലതിന്റെ കാലാവധി വെട്ടിക്കുറയ്ക്കുക, അല്ലെങ്കിൽ മറ്റു ചിലതിന്റെ കാലാവധി നീട്ടി നൽകുക എന്നതായിരുന്നു. രണ്ടിലൊരു മാർഗത്തിലൂടെ എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളും ലോക്-സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്താൻ കഴിയുമെന്നായിരുന്നു നിർദ്ദേശം. രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയിൽ കേന്ദ്ര മന്ത്രി അമിത് ഷാ, അധിർ രഞ്ജൻ ചൗധരി, ഗുലാം നബി ആസാദ്, 15ാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ എൻ കെ സിങ്, മുൻ ലോക്സഭാ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരാണ് അംഗങ്ങൾ.
നിലവിൽ ഒരു ഗവണ്മെന്റ് അവിശ്വാസത്തിലൂടെ പുറത്താക്കപ്പെടുകയോ, ധനബില്ലിന്റെ വോട്ടെടുപ്പിൽ വിജയിക്കാനാവശ്യമായ വോട്ട് ലഭിക്കാതെ വരികയോ ചെയ്താൽ രാജിവയ്ക്കാൻ ഭരണ ഘടനയനുസരിച്ച് ആ ഗവൺമെന്റ് നിർബന്ധിതമാണ്. ഇത്തരം സാഹചര്യങ്ങളിൽ ഒരു ബദൽ ഗവൺമെന്റ് രൂപീകരിക്കാൻ കഴിയുന്നില്ലെങ്കിൽ സഭ പിരിച്ചു വിടുകയാണ് തുടർന്ന് ചെയ്യുക. ശേഷം ഇടക്കാല തിരഞ്ഞെടുപ്പ് അനിവാര്യമാകുകയും ചെയ്യും. ലോക്-സഭയ്ക്കോ സംസ്ഥാന നിയമസഭകൾക്കോ നിശ്ചിത കാലാവധി ഭരണഘടന ഉറപ്പുനൽകുന്നില്ല. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സമ്പ്രദായം നിലവിൽ വരുന്നതോട് കൂടി ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുമ്പോൾ സർക്കാരിന്റെ കാലാവധി മുൻ സഭയുടെ അഞ്ച് വർഷ കാലാവധിയിൽ ശേഷിച്ചിരുന്ന സമയത്തേക്ക് മാത്രമായി ചുരുങ്ങും. 2023 ൽ രാജ്യത്തെ 10 സംസ്ഥാനത്ത് നിയമ സഭ തെരഞ്ഞെടുപ്പ് നടന്നിരുന്നു.ഈ സംസ്ഥാനങ്ങളിൽ 2028 ൽ അടുത്ത നിയമ സഭ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ കേവലം ഒരു വർഷത്തോടടുത്ത കാലാവധി മാത്രമാണ് പുതിയ സമ്പ്രദായ പ്രകാരം ലഭ്യമാവുക.
കേന്ദ്രസർക്കാരിന്റെ അധികാര കേന്ദ്രീകരണവും ഫെഡറലിസത്തിന്റെ തകർച്ചയുമാണ് പുതിയ സംവിധാനത്തിൽ ഒളിഞ്ഞിരിക്കുന്ന മറ്റൊരു അപകടം. സംസ്ഥാന നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കാനോ നീട്ടി നൽകാനോ രാഷ്ട്രപതിക്കു നൽകുന്ന അധികാരം, അതായത് കേന്ദ്രസർക്കാരിനു നൽകുന്ന അധികാരം, സംസ്ഥാനങ്ങളുടെയും അവിടങ്ങളിലെ നിയമസഭ അംഗങ്ങളുടെയും അവകാശങ്ങളെ ഹനിക്കുന്നതാണ്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സമ്പ്രദായം എന്ന നിലയിൽ തിരഞ്ഞെടുപ്പ് നടത്തുമ്പോൾ ഭരണഘടന അനുഛേദം 83 (സഭയുടെ കാലാവധി), അനുഛേദം 85 (ലോക്-സഭ പിരിച്ചുവിടൽ), അനുഛേദം 172 (നിയമസഭകളുടെ കാലാവധി), അനുഛേദം 174 (നിയമസഭകളുടെ പിരിച്ചുവിടൽ), അനുഛേദം 356 (ഭരണസംവിധാനം തകരാറിലാകൽ) എന്നിവയെല്ലാം ഭേദഗതി ചെയ്യേണ്ടിവരുമെന്നതാണ് വസ്തുത.
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ജനാധിപത്യ വിരുദ്ധവും രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങളെ തകർക്കുന്നതുമാണെന്ന് പ്രഥമ ദൃഷ്ട്യ തന്നെ ബോധ്യപ്പെടും. രാജ്യത്തിന്റെ വൈവിധ്യ സംസ്കാരത്തെ ഇല്ലായ്മ ചെയ്ത് ജനാധിപത്യ ഇന്ത്യ എന്ന ആശയത്തിനുമേൽ ഹിന്ദുത്വ ഇന്ത്യ എന്ന പ്രയോഗം നടപ്പിലാക്കാനുള്ള കുല്സിത ശ്രമത്തിന്റെ ഭാഗം തന്നെയാണിത്. അത് കൊണ്ട് അടിസ്ഥാനപരമായി തന്നെ ഫാസിസ്റ്റ് സ്വഭാവം പുലർത്തുന്ന മാനവിക വിരുദ്ധതയിൽ അധിഷ്ഠിതമായ പ്രത്യയശാസ്ത്രം പ്രായോഗിക തലത്തിൽ ആളിക്കത്തിക്കാൻ ശ്രമിക്കുന്ന സങ്കുചിത താല്പര്യങ്ങളെ പ്രതിഷ്ഠിക്കാനുള്ള സംവിധാനമാക്കി തെരഞ്ഞെടുപ്പ് പ്രകൃയയെ മാറ്റുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരിക തന്നെ വേണം.