ഓർമ്മയുണ്ടോ കുത്തബ്ദീൻ അൻസാരിയെ? ഗുജറാത്തിൽ ഉന്മൂലന രാഷ്ട്രീയം ലക്ഷ്യം വെച്ച് സംഘ് പരിവാർ ആസൂത്രണം ചെയ്ത കലാപത്തിന്നിടെ തന്റെ ജീവൻ രക്ഷിക്കണമേയേണ് അക്രമികളോട് കേണപേക്ഷിച്ച അൻസാരി മനുഷ്യത്വം മരവിക്കാത്തവന്റെ കണ്ണിലെ നൊമ്പരക്കാഴ്ചയായിരുന്നു. ഇംഫാലിൽ കഴിഞ്ഞ ദിവസം പുറത്ത് വന്ന എട്ട് മാസം പ്രായമുള്ള പിഞ്ച് കുഞ്ഞിനെയടക്കം കൊലപ്പെടുത്തിയ വാർത്ത കുത്തബ്ദീൻ അൻസാരി നേരിട്ട ഭീകര സാഹചര്യത്തെയും മറി കടക്കുന്നു. മണിപ്പൂർ വീണ്ടും കത്തുകയാണ്, വംശീയ വർഗീയ കലാപങ്ങളെ ആളിക്കത്തിച്ച് അതിൽനിന്നുമുള്ള രാഷ്ട്രീയ ലാഭമുപയോഗിച്ച് അധികാരത്തിൽ പിടി മുറുക്കാനുള്ള സംഘ് പരിവാറിന്റെ കുല്സിത നീക്കങ്ങൾ തന്നെയാണ് സംഘർഷം മൂർച്ഛിക്കാൻ ഇടയായത്.
അക്രമവും വംശഹത്യയും ആരംഭിച്ച് പതിനാറ് മാസം പിന്നിടുമ്പോഴും കലാപം നിയന്ത്രിക്കാൻ ക്രിയാത്മകമായ ഇടപെടൽ നടത്തുകയോ ഇന്ത്യൻ പാർലമെന്റിൽ മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയാനോ തയ്യാറാകാത്ത പ്രധാനമന്ത്രി റോമ നഗരം കത്തിയെരിയുമ്പോൾ വീണ വായിച്ച നീറോയെ അനുസ്മരിപ്പിക്കുന്നു.
സംസ്ഥാനത്ത് അധികാരത്തിലുള്ള മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ വിവിധ വിഭാഗങ്ങൾ സംഘടിച്ചു പരസ്പരം ആക്രമണം നടത്തുകയും കൊല്ലുകയും കൊള്ളയടിക്കുകയും ചെയ്യുമ്പോൾ കുറ്റകരമായ മൗനവും നിസംഗതയും പുലർത്തി സംഘർഷാവസ്ഥയെ സജീവമായി നില നിർത്താനാണ് ശ്രമിക്കുന്നത്. മെയ്തി – കുക്കി സംഘർഷത്തിന്നിടയിൽ സർക്കാർ സ്വീകരിച്ച നഗ്നമായ മെയ്തി പക്ഷപാതിത്വമാണ് വിഷയം തുടക്കം മുതൽ വഷളാക്കിയത്.
ജനാധിപത്യത്തിനും മാനവികതക്കുമെതിരായ പ്രതിലോമപരമായ പ്രത്യയശാസ്ത്രം ഗർഭിണികളെയും പിഞ്ചു കുഞ്ഞുങ്ങളെയും വക വരുത്തുന്ന കാടത്തത്തിലൂടെ തങ്ങളുടെ പ്രഖ്യാപിത നയമായ ഫാസിസത്തെ വെളിപ്പെടുത്തുമ്പോൾ മനുഷ്യ സ്നേഹികളുടെ പ്രതിരോധ നിര രൂപപ്പെടുക തന്നെ വേണം.