ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണലിനുള്ള അന്തിമ ഒരുക്കങ്ങൾ പൂർണം. കൺട്രോൾ യൂണിറ്റുകൾ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമുകൾ തുറന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ വൻസുരക്ഷയിലാണ് നടപടികൾ പുരോഗമിക്കുന്നത്. സ്‌ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരുന്നു കൺട്രോൾ യൂണിറ്റുകൾ പോലീസ് അകമ്പടിയോടെ കൗണ്ടിങ് സെന്ററുകളിലേക്ക് എത്തിച്ചു.
ആദ്യമെണ്ണുക ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും, പോസ്റ്റൽ ബാലറ്റുകളുമായിരിക്കും. അത് റിട്ടേണിങ് ഓഫീസറുടെ മേശപ്പുറത്താവും എണ്ണുക. ഇതിനു ശേഷമാണ് വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങുന്നത്.
വോട്ടിങ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റാണ് വോട്ടെണ്ണലിന് ഉപയോഗിക്കുക. പോൾ ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ ഫോം 17 സിയും അതത് കൺട്രോൾ യൂണിറ്റുമാണ് വോട്ടെണ്ണൽ മേശപ്പുറത്ത് വെക്കുക. കൗണ്ടിങ് ടേബിളിൽ കൺട്രോൾ യൂണിറ്റ് എത്തിച്ച ശേഷം കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ കൗണ്ടിങ് സൂപ്പർവൈസർ വോട്ടിങ് യന്ത്രം പരിശോധിച്ച് കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷം സീൽപൊട്ടിക്കും. തുടർന്ന് ഏജന്റുമാരുടെ നിരീക്ഷണത്തിൽ ഓരോ യന്ത്രത്തിലെയും റിസൽട്ട് ബട്ടണിൽ സൂപ്പർവൈസർ വിരൽ അമർത്തി ഓരോ സ്ഥാനാർഥിക്കും ലഭിച്ച വോട്ട് ഡിസ്പ്ലേ എജന്റുമാരെ കാണിച്ച ശേഷം രേഖപ്പെടുത്തും.