’’ഔഷധച്ചെടികളുടെ ചങ്ങാതിയായിത്തീർന്ന കുട്ടിയോട് അച്ഛൻ പറയുന്നു. ‘നീ വൈദ്യനാവണ്ട’.
ആയില്ല.
രാഷ്ട്രീയാദർശങ്ങൾ ആത്മാവിൽ വെളിച്ചം പകർന്നപ്പോഴും ഉള്ളിലിരുന്നാരോ വിലക്കി: ‘രാഷ്ട്രീയപ്രവർത്തകനാകേണ്ട!’.
അതുമായില്ല.
പിന്നെയൊരിക്കൽ നീയാരാണെന്ന ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരം ടഗോറിന്റെ ഒരു പ്രഭാഷണത്തിൽ കണ്ടെത്തി: ‘അമീ കവി’(ഞാൻ കവിയാണ്)’’ ഒഎൻവി ഒരിക്കലെഴുതി.
മലയാള കവിതയുടെ ജനകീയ വത്കരണത്തിൽ ഒഎൻവി വഹിച്ച പങ്ക് വലുതാണ്. നാട്ടുമൊഴികളുടെ പ്രയോഗങ്ങൾ കൊണ്ടാ കവിതൾ അത്രമേൽ സരസമായി.
നെല്ലുകൊയ്ത കർഷകന്റെ,പണിയെടുക്കുന്ന മനുഷ്യന്റെ വിയർപ്പിനടയാളമായ കൃഷിപ്പാട്ടുകളും വായ്ത്താരികളും ഒഎൻവിയെ സ്വാധീനിച്ചിരുന്നു.
ആ കാവ്യവൃക്ഷത്തിൽ നിന്ന് പടർന്നുപന്തലിച്ച ചില്ലകളായിരുന്നു സിനിമാ പാട്ടുകൾ. പാടുവാൻ നീതീർത്ത മൺവീണ ഞാൻ എന്നെഴുതുന്നൊരു മനുഷ്യന്റെ ഹൃദയത്തിൽ അഗാധമായ പ്രണയമല്ലാതെ മറ്റെന്താണുണ്ടാവുക?
അല്ലിമലർക്കാവിലും ഞാറ്റുവേല കിളിയേയും ഒരിക്കലെങ്കിലും മൂളാതെ തൊണ്ണൂറുകളുടെ തലമുറ കടന്നുപോയിട്ടുണ്ടാകില്ല. ഗോളാന്തര വാർത്തയിലെ ഇനിയൊന്നു പാടൂ ഹൃദയമേ എന്ന ജോൺസൺ മെലഡിയിൽ ഒഎൻവി എഴുതിവെച്ചു; ഒരുവേലിയേറ്റത്തിൽ എൻ ഹൃദയം വെള്ളിത്തിരകളിലാടുകയായി…തപ്പും തുടിയുമായി പാടുകയായി…
പുളകിതയമാനി മലരങ്കണത്തിലെൻ കുയിലുകൾ പാടുകയായി…
കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ കൂട്ടിനു മിന്നാം മിന്നിയെ വിളിക്കുന്ന വരികളിൽ കെഎസ് ചിത്രയുടെ ശബ്ദം കൂടിയാകുമ്പോൾ, നിറഞ്ഞുപോകും കേൾക്കുന്നവരുടെ മനസ്. ചിത്രം, പൊന്നുച്ചാമി.
നർത്തനമാടുവാൻ മോഹമുണ്ടെങ്കിലീ ഹൃത്തടം വേദിയാക്കാൻ പ്രിയപ്പെട്ടവളോട് പറയാത്ത ഏതെങ്കിലും കാമുകമനസുകളുണ്ടാകുമോ…(കടലിനഗാഥമാകം നീലിമയിൽ)
നീകണ്ടു മോഹിച്ച പൊൻമത്സ്യമായി
നീരാഴിയിൽ നീന്തി ഞാൻ പോവതായ്
കണ്ടു കിനാവൊന്നു ഞാനിന്നലെ…(ഓളങ്ങളെ, ഓടങ്ങളേ) കെ എസ് ചിത്രയിലൂടെ ആയിരം കാമുകിമാർ ആയിരം തവണ കണ്ടൊരു പാതിരാ കിനാവ്.
തഴുകുന്ന നേരം പൊന്നിതളുകൾ കൂമ്പുന്ന മലരിന്റെ നാണം പോൽ അരികത്തുനിൽക്കുന്ന കാമുകിയെ കാണുമ്പോൾ കവിയ്ക്ക് പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ട് പൊട്ടിപ്പോകുന്നു, അതിന്റെ താളമാകട്ടെ നാടൻ പാട്ടും… (കാതിൽ തേൻമഴയായി)
ഒരുനാൾ ശുഭയാത്ര നേർന്നു പോയി നീ… ഇതിലേ ഒരു പൂക്കിനാവായി വന്ന നീ…അയാളെഴുതി വെച്ച ഈ വരികൾ പോലെ, ഒരുനാൾ അയാൾ തനിച്ചിറങ്ങിപ്പോയി. പാടാൻ, കേൾക്കാൻ, താലോലിക്കാൻ, പ്രേമിക്കാൻ, കരയാൻ അത്രമേൽ പ്രിയപ്പെട്ട പാട്ടുകളുണ്ടാക്കിവെച്ച്.