വർഷങ്ങളുടെ പാരമ്പര്യമുളള മാതൃഭൂമി പോലെയൊരു പത്രം ഇത്ര തരം താഴ്ന്ന രീതിയിൽ വാർത്തകളെ വളച്ചൊടിക്കാൻ പാടുളളതല്ല എന്ന് ആദ്യമേ പറയുന്നു.’രാജയുടെ കയ്പുനീർ’ എന്ന പേരിൽ മാതൃഭൂമിയിൽ അനീഷ് ജേക്കബ് എന്ന വ്യക്തി എഴുതിയ ലേഖനം ഇന്ന് പ്രസിദ്ധീകരിച്ചത് വഴി രാഷ്ട്രീയ അൽപ്പതരത്തിന്റെ കൊടുമുടി കയറിയിരിക്കുകയാണ്. സത്യങ്ങളെ കണ്ടില്ലെന്ന് നടിച്ചും അറിയാവുന്ന സത്യങ്ങളെ മൂടിവെച്ചും കളളങ്ങളുടെ ഒരു കൊട്ടാരം പണിതുയർത്തുകയാണ് മാതൃഭൂമി ചെയ്തിരിക്കുന്നത്. സിപിഐ പോലെയൊരു പാർട്ടിയെയും അതിലെ ദേശീയ നേതാക്കൾ ഉൾപ്പെടെയുളളവരെ ഫ്യൂഡൽ മാടമ്പിത്തരത്തിന്റെ വാക്ക് പ്രയോഗങ്ങൾ ഉപയോഗിച്ച് പൊതു സമൂഹത്തിന്റെ മുൻപിൽ അവഹേളിക്കുകയാണ് മാതൃഭൂമി ഇന്ന് ചെയ്തത്.
സിപിഐയുടെ കേരള സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കാൻ ഡി രാജയെ വിളിച്ചില്ലയെന്നാണ് മാതൃഭൂമി പറയുന്നത്. ഇക്കാര്യം വലിയ വായിൽ കൊട്ടി ആഘോഷിക്കുകയാണ് ഇക്കൂട്ടർ. എന്നാൽ, ഡി രാജ എന്നത് സിപിഐയുടെ ദേശീയ സെക്രട്ടറിയാണെന്നും ഒരു ദേശീയ സെക്രട്ടറിയെ സംബന്ധിച്ചിടത്തോളം സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനത്തേക്കാൽ വലുതായി മറ്റു ചില കാര്യങ്ങളുണ്ടെന്നും ഇവർ അറിയണം. വർഷങ്ങളുടെ പാരമ്പര്യമുളള സിപിഐ എന്ന പാർട്ടി അതിന്റെ 100ാം വാർഷികത്തോട് അനുബന്ധിച്ചുളള പരിപാടികൾക്ക് കാൺപൂരിൽ തുടക്കം കുറിച്ചത് മറ്റ് എല്ലാ മാധ്യമങ്ങളെ പോലെ മാതൃഭൂമിയും അറിഞ്ഞു കാണുമല്ലോ. ഇതിനോട് അനുബന്ധിച്ച് പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനവും പതാക ഉയർത്തലും മറ്റ് പരിപാടികളും കേരളത്തിലെ സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടന ദിവസം തന്നെയായിരുന്നു എന്നതും എല്ലാവരും അറിഞ്ഞതുമാണ്. ഡി രാജ എന്ന ദേശീയ സെക്രട്ടറിയെ സംബന്ധിച്ചിടത്തോളം തന്റെ പാർട്ടിയുടെ 100 ാം വാർഷികമാണ് കൂടുതൽ പ്രാധാന്യമർഹിക്കുന്നത്.
സത്യങ്ങൾ അറിഞ്ഞിട്ടും അവയ്ക്ക് നേരെ കണ്ണടച്ചിരിക്കുകയാണ് മാതൃഭൂമി ചെയ്തിരിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം പേറുന്ന പത്രമാണ് തങ്ങളുടേത് എന്ന് അഹങ്കരിക്കുന്ന മാതൃഭൂമിയെ പോലെയൊരു പത്രം സത്യങ്ങളെ ഇത്തരത്തിൽ വളച്ചൊടിക്കുന്നത് ഒട്ടും ശരിയല്ല. ഒരു പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയെയും മൺ മറഞ്ഞ നേതാക്കളെയും മോശം ഭാഷയിൽ അവഹേളിക്കുകയും സിപിഐയുടെ മുതിർന്ന നേതാവായ ആനി രാജയെ പോലെയൊരു വ്യക്തിയെ ‘ആയമ്മ’ എന്ന് വിളിച്ച് അധിക്ഷേപിക്കുന്ന തരത്തിലേക്ക് മാതൃഭൂമിയുടെ എഡിറ്റോറിയൽ ബോർഡ് തരം താഴ്ന്നിരിക്കുകയാണ്. വിമർശനങ്ങളെ എന്നും മുഖവിലയ്ക്ക് എടുക്കുന്നവരാണ് സിപിഐ. എന്നാൽ, ഇല്ലാത്ത കാര്യങ്ങളെ വളച്ചൊടിച്ച് പൊതുജനങ്ങൾക്കിടയിലും പാർട്ടി പ്രവർത്തകർക്കിടയിലും സംശയത്തിന്റെ വിത്തുകൾ പാകാനാണ് മാതൃഭൂമി നോക്കിയത്.