ഷിബിത എടയൂർ
“ഇവനെ കണ്ടാലോ കാക്കേടെ നിറം, കാല് അകത്തിവെച്ച് കളിക്കേണ്ട കലാരൂപം ആണുങ്ങൾ കളിക്കുന്ന കാണുന്നതേ അരോചകം. അതുമല്ലെങ്കിൽ ആണുങ്ങളുടെ കൂട്ടത്തിലെ സൗന്ദര്യമുള്ള ആണാണെങ്കിൽ വേണ്ടില്ല. ഇവനെ കണ്ടാൽ ദൈവം പോലും… പെറ്റ തള്ളപോലും സഹിക്കില്ല.” പറഞ്ഞത് കലാമണ്ഡലം സത്യഭാമ, പറയുന്നത് കലാമണ്ഡലം ആർഎൽവി രാമകൃഷ്ണനെക്കുറിച്ച്.
ഇത്രമാത്രം വെറിയെടുത്ത് ആക്രോഷിക്കാൻ ഈയൊരു കലാകാരിയെ പ്രേരിപ്പിച്ചതെന്താണ്…? അയാളെന്നും അവനെന്നും അദ്ദേഹത്തെ നിസ്സാരവൽക്കരിക്കുമ്പോൾ, അതിക്ഷേപിക്കുമ്പോൾ നിങ്ങൾ പറഞ്ഞ കറുത്തവൻ, മോഹിനിയാട്ടത്തിലെ ആൺപ്രതിഭ നേട്ടങ്ങളുടെ കൊടുമുടി തൊട്ടവനാണെന്നോർത്തിരുന്നില്ലേ ?
മേൽക്കോയ്മകളുടെ പിൻബലമില്ലാതെ ആണൊരുത്തൻ പെണ്ണിന്റെ അരങ്ങുകീഴടക്കിയതിലെ ലജ്ജാവഹമായ കേവലം അസൂയക്കപ്പുറം മനുഷ്യനെന്ന ചുറ്റുപാടിൽ പെടാത്ത സവർണന്റെ ഹുങ്കാണ് ഒരു മാധ്യമത്തിനു മുൻപിൽ ആ സ്ത്രീയെ വിടുവായിത്തരം പുലമ്പാൻ പ്രേരിപ്പിച്ചത്.
എത്രയൊക്കെ പുരോഗമനം പ്രസംഗിച്ചാലും വേർതിരിവുകളുടെ പടിപ്പുരയ്ക്ക് അപ്പുറം തമ്പ്രാനും, ഇപ്പുറം അടിയാനുമാണെന്ന് ഓർമപ്പെടുത്താൻ ശ്രമിക്കുകയാണ് കലാമണ്ഡലം സത്യഭാമയെപോലുള്ളവർ. എന്നാൽ ഓർത്തോളൂ ഇത് കേരളമാണ് ഇവിടെ പെണ്ണിന്റെ അരങ്ങിൽ ആണാടും. കറുത്തവനാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ മുലപ്പാലൂട്ടിയ ‘പെറ്റ തള്ള’മാരുണ്ട് ഇവിടെ ഇപ്പോഴും. ഇനിയുമനേകം ആർഎൽവി രാമകൃഷ്ണന്മാർക്ക് നിങ്ങൾ കയ്യടിക്കേണ്ടിവരും. സഹിഷ്ണുതയുടെ ഭാഷ കൂടിയാണ് കല. കലാമണ്ഡലം ആരുടേയെങ്കിലും തറവാടു വക ശൗചാലയമാകാത്തിടത്തോളം നിങ്ങളധിക്ഷേപിച്ച കലാകാരനെ നിങ്ങൾ ഇനിയും അംഗീകരിക്കേണ്ടി വരും.