ന്യൂഡല്‍ഹി: ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ നികുതി കുറയ്ക്കാത്തതിന് പ്രതിപക്ഷ മുഖ്യമന്ത്രിമാരെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മുഖ്യമന്ത്രിമാര്‍. കോവിഡ് അവലോകന യോഗത്തിനിടെയാണ് ഇന്ധനവില വര്‍ധനവിന് ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ തലയില്‍ പഴിചാരി രക്ഷപ്പെടാന്‍ മോദി ശ്രമിച്ചത്. കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്നും അതാണ് വില വര്‍ധനവിന് കാരണമെന്നുമായിരുന്നു മോദിയുടെ വാദം.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പെട്രോള്‍, ഡീസല്‍ ഉത്പന്നങ്ങളിലൂടെ ലഭിക്കുന്ന സംസ്ഥാന നികുതി കുറയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം തെറ്റിദ്ധാരണാജനകമാണെന്ന് സംസ്ഥാന ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കഴിഞ്ഞ ആറുവര്‍ഷമായി പെട്രോളിന്റെയും ഡീസലിന്റെയും സംസ്ഥാന നികുതിയില്‍ എല്‍ഡിഎഫ് ഗവണ്‍മെന്റുകള്‍ വര്‍ധനവ് വരുത്തിയിട്ടില്ല. ജി എസ് ടി നിലവില്‍ വന്നതോടെ സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താന്‍ അധികാരമുള്ള ഉത്പ്പന്നങ്ങള്‍ പെട്രോളും ഡീസലും മദ്യവും മാത്രമാണ്.
എന്നാല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ട നികുതി കുറച്ചുകൊണ്ടുവരികയും, സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടതില്ലാത്ത സെസ്സുകളും സര്‍ചാര്‍ജുകളും ഏര്‍പ്പെടുത്തുകയും ചെയ്യുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭരണഘടനയിലെ ചില വകുപ്പുകളെ ദുരുപയോഗം ചെയ്തുകൊണ്ട് സെസുകളും സര്‍ചാര്‍ജുകളും ചുമത്തുന്ന നടപടി നികുതി ചുമത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്.
സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട വലിയ നികുതി വരുമാനം ഇത്തരം സെസുകളിലൂടെയും സര്‍ചാര്‍ജുകളിലൂടെയും കേന്ദ്ര ഗവണ്‍മെന്റ് കൈക്കലാക്കുകയാണ്. ഇത് ഫെഡറലിസത്തിനുമേലുള്ള കടന്നുകയറ്റമാണ്. സെസുകളും സര്‍ച്ചാര്‍ജുകളും അവസാനിപ്പിക്കുകയും സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട നികുതിവിഹിതം നല്‍കുകയും സംസ്ഥാനത്തിന്റെ നികുതി അധികാരത്തില്‍ കൈകടത്താതിരിക്കുകയും ചെയ്യുകയാണ് കേന്ദ്രം ചെയ്യേണ്ടതെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി.
പ്രധാന മന്ത്രിക്കെതിരെ തുറന്നടിച്ച് തെലങ്കാന മുഖ്യമന്ത്രിയും രംഗത്തെത്തി. യാഥാര്‍ത്ഥ്യത്തെ മറച്ചുവച്ച് ജനങ്ങളെയാകെ തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനങ്ങളോട് നികുതി കുറയ്ക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെടുന്നത്. നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടാന്‍ പ്രധാനമന്ത്രിക്ക് ലജ്ജയില്ലേയെന്നാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പരിഹസിച്ചു.
‘സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നതിന് പകരം കേന്ദ്രത്തിന് നികുതി കുറയ്ക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്. കേന്ദ്രം വര്‍ധിപ്പിച്ച നികുതി മാത്രമല്ല, സെസും പിരിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ വര്‍ധിപ്പിച്ച നികുതികള്‍ ഏതൊക്കെയാണെന്ന് ജനങ്ങളോട് പറയൂ,’ ചന്ദ്രശേഖര റാവു വെല്ലുവിളിച്ചു.
പെട്രോള്‍, ഡീസല്‍ വിലയ്ക്ക് സബ്‌സിഡി നല്‍കാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 1,500 കോടി രൂപ ചെലവഴിച്ചതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പറഞ്ഞു. ‘തികച്ചും ഏകപക്ഷീയവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസംഗമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. അദ്ദേഹം പങ്കുവെച്ച കാര്യങ്ങള്‍ തെറ്റായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഓരോ ലിറ്റര്‍ പെട്രോളിനും ഡീസലിനും ഞങ്ങള്‍ 1 രൂപ സബ്‌സിഡി നല്‍കുന്നു. ഞങ്ങള്‍ 1500 കോടി രൂപ ഇതിന് വേണ്ടി ചെലവഴിച്ചു കഴിഞ്ഞു, മമത ബാനര്‍ജി പറഞ്ഞു.
‘ഞങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്നും 97,000 കോടി രൂപ കുടിശ്ശികയായി കിട്ടാനുണ്ട്. തുകയുടെ പകുതി കിട്ടുന്ന അടുത്ത ദിവസം 3000 കോടി രൂപ പെട്രോള്‍, ഡീസല്‍ സബ്‌സിഡി നല്‍കും. അത്തരമൊരു സബ്‌സിഡി ജനങ്ങള്‍ക്ക് നല്‍കുന്നതില്‍ ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല. അത് നല്‍കാന്‍ തയ്യാറാണ്. പക്ഷേ കേന്ദ്രം അത് തരാതെ ഞങ്ങള്‍ എങ്ങനെ തങ്ങളുടെ സര്‍ക്കാരിനെ മുന്നോട്ടു നയിക്കും, മമത ബാനര്‍ജി ചോദിച്ചു.
ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പെട്രോള്‍, ഡീസല്‍ സബ്‌സിഡിയായി 5,000 കോടി രൂപയും 3,000 കോടി രൂപയും മോദി അനുവദിച്ചു. ഈ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്ന് നല്ല സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്. എന്നാല്‍ പശ്ചിമ ബംഗാളിന് അത് ലഭിച്ചിക്കുന്നില്ല, മമത വ്യക്തമാക്കി.
ഇന്ധനവില കുതിച്ചുയരുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ ഉത്തരവാദികളല്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും പറഞ്ഞു.’ഇന്ന്, മുംബൈയില്‍ ഒരു ലിറ്റര്‍ ഡീസല്‍ വിലയില്‍ നിന്നും കേന്ദ്രത്തിന് 24.38 രൂപയും സംസ്ഥാനത്തിന് 22.37 രൂപയുമാണ് ലഭിക്കുക. പെട്രോള്‍ വിലയില്‍ 31.58 പൈസ കേന്ദ്രനികുതിയും 32.55 പൈസ സംസ്ഥാന നികുതിയുമാണ്. അതിനാല്‍ മോദി പറഞ്ഞത് വസ്തുതയല്ല. സംസ്ഥാനം കാരണം പെട്രോളിനും ഡീസലിനും വിലകൂടിയെന്ന അദ്ദേഹത്തിന്റെ വാദം തെറ്റാണ്, ഉദ്ധവ് താക്കറെ പറഞ്ഞു.