ആഭ്യന്തര കലാപം രൂക്ഷമായ സിറിയയിലെ വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ നിന്നും 2,80,000ത്തിലധികം പേര്‍ പലായാനം ചെയ്തതായി ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് സര്‍ക്കാരിനെതിരെ ഭീകരസംഘടനയായ ഹയാത്ത് തഹ്രീര്‍ അല്‍ ഷാമിന്റെ(എച്ച്ടിഎസ്) നേതൃത്വത്തില്‍ സായുധ കലാപം രൂക്ഷമാകുന്നതിനിടെയാണ് ജനങ്ങളുടെ കൂട്ടപ്പലായനം.
‘വര്‍ധിച്ചുവരുന്ന അക്രമത്തെത്തുടര്‍ന്ന് വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ 280,000-ത്തിലധികം ആളുകള്‍ പിഴുതെറിയപ്പെട്ടു.’ ഐക്യരാഷ്ട്രസഭ എക്‌സ് പോസ്റ്റില്‍ അറിയിച്ചു. 13 വര്‍ഷത്തെ യുദ്ധത്തിന് ശേഷം മോശമായ ജീവിത സാഹചര്യങ്ങളില്‍ ആക്രമണത്തിനിരയായവരെ സഹായിക്കാനുള്ള മാനുഷിക ശ്രമങ്ങള്‍ യുഎന്‍ വ്യാപിപ്പിക്കുകയാണെന്നും’ ഐക്യരാഷ്ട്രസഭ പറഞ്ഞു.
അതേസമയം ഡമാസ്‌കസിലേക്കുള്ള വിമതരുടെ മുന്നേറ്റം കൂടുതല്‍ പരിഭ്രാന്തി പരത്തിയിരിക്കുകയാണ്. ആയിരക്കണക്കിന് പ്രാദേശവാസികള്‍ ഒറ്റരാത്രികൊണ്ട് പടിഞ്ഞാറന്‍ തീരത്തേക്ക് പലായനം ചെയ്യാന്‍ തുടങ്ങി, സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിനെ ഉദ്ധരിച്ച് അല്‍ ജസീറയുടെ റിപ്പോര്‍ട്ട് ചെയ്തു. സിറിയയിലെ രണ്ട് പ്രധാന പട്ടണങ്ങളായ റസ്താനും തല്‍ബിസെയും വിമതര്‍ പിടിച്ചെടുത്തു. വ്യാഴാഴ്ച വടക്ക് ഹമ നഗരം പിടിച്ചടക്കിയ ശേഷം, വിമതര്‍ ക്രോസ്റോഡ് നഗരമായ ഹോംസിനെ ലക്ഷ്യമാക്കി നീങ്ങി.
2011-ല്‍ അറബ് വസന്തകാലത്ത് സമാധാനപരമായ ജനാധിപത്യ അനുകൂല പ്രതിഷേധങ്ങള്‍ ഇല്ലാതാക്കാന്‍ അസദ് നീക്കം നടത്തിയതിനെ തുടര്‍ന്നാണ് സിറിയയില്‍ സംഘര്‍ഷം ആരംഭിച്ചത്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഒരു ദശാബ്ദത്തിലേറെ നീണ്ട യുദ്ധത്തില്‍ 3,00,000 സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നാണ്. മേഖലയിലുടനീളം ദശലക്ഷക്കണക്കിന് ആളുകള്‍ കുടിയൊഴിപ്പിക്കപ്പെട്ടതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് പറയുന്നു.