തൃശൂർ: വിട പറഞ്ഞ ഗായകൻ പി. ജയചന്ദ്രൻറെ സംസ്കാരം ഇന്ന്. വൈകുന്നേരം മൂന്ന് മണിക്ക് എറണാകുളം ചേന്ദമംഗലത്തെ പാലിയം തറവാട്ടു വളപ്പിലാണ് സംസ്കാരം. തൃശൂർ പൂങ്കുന്നത്തെ വീട്ടിൽ നിന്ന് രാവിലെ 8.30 ഓടെ മൃതദേഹം ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെത്തിക്കും.
സ്കൂളിലെ പൊതുദർശനത്തിന് ശേഷം പാലിയം തറവാട്ടിലേക്ക് കൊണ്ടുപോകും. സാമൂഹിക രാഷ്ട്രീയ കലാ രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തും.
അമല ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വെള്ളി രാവിലെ എട്ടോടെ പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലെത്തിച്ചു. പത്തര മുതൽ പകൽ ഒന്നുവരെ സംഗീതനാടക അക്കാദമിയിൽ പൊതുദർശനത്തിന് വച്ചു. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി മന്ത്രി ആർ ബിന്ദുവും സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി കെ രാജനും സാംസ്‌കാരിക മന്ത്രി സജി ചെറിയാനുവേണ്ടി സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളിയും പുഷ്പചക്രം അർപ്പിച്ചു.
മന്ത്രി എ കെ ശശീന്ദ്രൻ, ശ്രീകുമാരൻ തമ്പി, നടൻ മമ്മൂട്ടി, കലാമണ്ഡലം ഗോപി, സത്യൻ അന്തിക്കാട്, കമൽ, സിബി മലയിൽ, പ്രിയനന്ദനൻ, ഔസേപ്പച്ചൻ, വിദ്യാധരൻ, ഷിബു ചക്രവർത്തി, ബാലചന്ദ്ര മേനോൻ, മനോജ് കെ ജയൻ, എം ജി ശ്രീകുമാർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ആദരാഞ്‌ജലിയർപ്പിച്ചു. പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി റീജണൽ തിയറ്ററിലും ആയിരങ്ങളെത്തി. മകൻ ദിനനാഥ്, സഹോദരൻ കൃഷ്‌ണകുമാർ എന്നിവർ അരികിലുണ്ടായിരുന്നു..