എറണാകുളം : ഭാവഗായകൻ ഇനി ഓർമകളിൽ. അന്തരിച്ച പ്രിയ ഗായകൻ പി ജയചന്ദ്രന് വിട നൽകി കേരളം. മൃതദേഹം ചേന്നമംഗലം പാലിയത്തെ ശ്മശാനത്തിൽ സംസ്കരിച്ചു. സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ഇന്നലെ പൂങ്കുന്നത്തെ വീട്ടിലും കേരള സംഗീത നാടക അക്കാദമിയിലും പൊതു ദർശനത്തിനു വച്ച ശേഷം മൃതദേഹം ഇന്ന് ഇരിങ്ങാലക്കുടയിലെത്തിച്ചിരുന്നു.
പി ജയചന്ദ്രൻ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പൊതുദർശനത്തിന് ശേഷമാണ് വീട്ടിലെത്തിച്ചത്. പതിനായിരങ്ങളാണ് പ്രിയഗായകനെ ഒരുനോക്ക് കാണാനായി രണ്ടുദിവസമായി ഒഴുകിയെത്തിയത്. വിവിധ തുറകളിലുള്ള പ്രമുഖർ പ്രിയഗായകന് അന്ത്യോപചാരമർപ്പിക്കാനെത്തി.