മലപ്പുറം: ജമ്മു കശ്മീരിലെ പഹൽഗാമിൽ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിൽ നിന്നും രക്ഷപ്പെട്ട് പ്രാണരക്ഷാർത്ഥം പ്രദേശത്തു തുടുന്നവരിൽ നിന്നും പലായനചെയ്ത് പോകുന്നവരിൽ നിന്നും ലോഡ്ജ് ഉടമകളും ടാക്സികാർ ഉടമകളും കൊള്ള ലാഭം പിടിച്ചുവാങ്ങുന്നതിനെതിരെ നടപടി സ്വീകരിക്കാനാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് സിപിഐ രാജ്യസഭ എം പി പി പി സുനീർ.
ജമ്മു കശ്മീരിലെ പഹൽഗാം പ്രദേശത്ത് ചില ഭീകരർ നടത്തിയ ക്രൂരവും ഭീരുത്വപരവുമായ ആക്രമണത്തിൽ സാധാരണക്കാരായ വിനോദസഞ്ചാരികളിൽ പലർക്കും ജീവൻ നഷ്ടമാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന വാർത്ത വളരെ ദൗർഭാഗ്യകരവും ഞെട്ടലുളവാക്കുന്നതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വിനോദ സഞ്ചാരത്തിനായെത്തിയി മലയാളികളുൾപ്പെടെ നിരവധിപേർ പഹൽഗാമിലടക്കം കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കലുക്ഷിതമായ സാഹചര്യത്തിൽ മുറിവാടകയും ടാക്സി ചാർജും കുത്തനെ ഉയർത്തി ഒരു വിഭാഗം ലോഡ്ജുടമകളും ടാക്സി തൊഴിലാളികളും ഭീകരാക്രണണത്തിൽ അകപ്പെട്ടവരെ മുതലെടുക്കുകയാണ്.
അതിനാൽ, ഈ സാഹചര്യം മനസ്സിലാക്കി കേരളീയർ ഉൾപ്പെടെയുള്ള ഒറ്റപ്പെട്ടുപോയ എല്ലാ വിനോദസഞ്ചാരികളുടെയും ഭക്ഷണവും പാർപ്പിടവും ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പാക്കി അവരെ സുരക്ഷിതമായി തിരിച്ചു നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അമിത്ഷായോട് പി പി സുനീർ കത്തിലൂടെ ആവശ്യപ്പെട്ടു.
പ്രദേശവാസികളായ ഹോട്ടലിന്റെയും ടാക്സി കാറിന്റെയും ഉടമകൾ സാഹചര്യം അനാവശ്യമായി മുതലെടുക്കുന്നത് തടയാൻ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.