കുമളി: താത്കാലികമായി നിലം നികത്താം എന്നു പറയുന്നത് പോക്കറ്റടിക്കാം, പിന്നീട് തിരിച്ചു കൊടുത്താൽ മതിയെന്ന് പറയുന്നത് പോലെയാണെന്ന് കൃഷിമന്ത്രി പി പ്രസാദ്. എഐവൈഎഫ് സംസ്ഥാന ശിൽപശാലയിൽ പരിസ്ഥിതിയും വികസനവും മാർക്സിയൻ കാഴ്ചപ്പാടുകളും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പഠന ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിക്ക് എതിരാ വികസന രീതിയല്ല കമ്മ്യൂണിസ്റ്റുകാർ മുറുക്കെപ്പിടിക്കേണ്ടത്. മന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് അനധികൃതമായി വയൽ നികത്താൻ ഒരു ഫയലിൽ പോലും ഒപ്പുവെച്ചിട്ടില്ല. അത് മുൻകാല എഐവൈഎഫ് പ്രവർത്തകൻ ആയതുകൂടി കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
താത്കാലികമായി വയൽ നികത്താമെന്ന് ചില ഉദ്യോഗസ്ഥർ ഫയലിൽ എഴുതി. ഫയൽ തന്റെയടുത്ത് വന്നപ്പോൾ ഈ നിലപാട് തെറ്റായതുകൊണ്ട് ഒപ്പിട്ടില്ല. ചിലർ അതിനെതിരെ ഹൈക്കോടതിയിൽ പോയി. എന്നാൽ ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് എതിരായ വിധിയാണ് വന്നത്. ഇത്തരം വിധികൾ കോടതിയുടെ വിശ്വാസ്യത തകർക്കുന്നതാണ്. പിന്നീട് ഡിവിഷൻ ബെഞ്ച് ഈ വിധി സ്റ്റേ ചെയ്തു. സർക്കാർ നിലപാട് ശരിയാണെന്ന് തെളിഞ്ഞു. കമ്മ്യൂണിസിറ്റുകാരും ഇടതുപക്ഷക്കാരും പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന വികസന നയങ്ങൾ പഠിക്കാൻ ശ്രമിക്കണം. അനധികൃതമായി നിലം നികത്തുന്ന സ്ഥലത്ത് എഐവൈഎഫ് കുത്തുന്ന കൊടിക്കൊപ്പമാണ് താനെന്നും അദ്ദേഹം പറഞ്ഞു.
വികസനം പാടില്ലെന്നല്ല, പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കുന്ന അശാസ്ത്രീയ വികസന അജണ്ടകൾ പാടില്ലെന്നാണ് കമ്മ്യൂണിസ്റ്റുകളുടെ നിലപാട്. ഒരു വികസനവും പാടില്ലെന്ന് മാർക്സ് പറഞ്ഞിട്ടില്ല. പരിസ്ഥിതിയും വികസനം തമ്മിൽ പൊരുത്തപ്പെട്ടുപോകണം, ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും വെറും വാക്കുകളല്ല. സംസ്ഥാനത്ത് ഇടുക്കിയിൽ ഉഷ്ണതരംഗം നടക്കുന്ന അതേ മാസം തന്നെ കളമശ്ശേരിയിൽ മേഖവിസ്ഫോടനം നടക്കുന്നു. ഒരുമാസം തന്നെ സംസ്ഥാനത്ത് കേളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ കാലാവസ്ഥ വ്യതിയാനങ്ങൾ സംഭവിക്കുന്നു. ആഗോളതാപനത്തിന്റെ കാലം കഴിഞ്ഞെന്നും ഗ്ലോബൽ ബോയിലിങ് ആണ് ഇപ്പോൾ നടക്കുന്നതെന്നും ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് പരിസ്ഥിതിയെ കുറിച്ചും വികസനത്തെ കുറിച്ചും ഇടത് സംഘടനകൾ കൂടുതൽ കാര്യക്ഷമമായി പഠിച്ച് നിലപാടുകൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.