പി സന്തോഷ് കുമാർ/വീണാരാജ്
ന്യൂഡൽഹി: കഴിഞ്ഞ ദിവസം രാജ്യസഭയിൽ സിപിഐ എംപി അഡ്വ. പി സന്തോഷ്‌കുമാറുൾപ്പെടെയുളള 19 എംപിമാരെ സസ്‌പെൻ്റ് ചെയ്തത് രാജ്യവ്യാപകമായി വലിയ വിവാദങ്ങൾക്ക് കാരണമായി . ഈ വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള സിപിഐ രാജ്യസഭ പ്രതിനിധി അഡ്വ. പി സന്തോഷ്‌കുമാർ യങ് ഇന്ത്യയോട് പ്രതികരിച്ചപ്പോൾ;
നമ്മുടെ പാർലമെന്ററി സമ്പ്രാദയത്തിനകത്ത് എത്രയോ കാലങ്ങളായി തുടർന്നു വരുന്നതും കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളതുമായ നടപടിക്രമങ്ങളുണ്ട്. എങ്ങനെയായിരിക്കണം പാർലമെന്റിന്റെ പ്രവർത്തനമെന്നതിന് പ്രത്യേക ചട്ടങ്ങളും നടപടിക്രമങ്ങളുമുണ്ട് . ഈ ചട്ടങ്ങളും നടപടിക്രമങ്ങളും വച്ചായിരിക്കണം സഭകൾ പ്രവർത്തിക്കേണ്ടത്. നമ്മുടെ രാജ്യസഭ ചട്ടങ്ങളിൽ വളരെ പ്രധാനപ്പെട്ട വകുപ്പുകളിലൊന്നാണ് 267 ൽ പറയുന്നത്. അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകുന്നതുമായി ബന്ധപ്പെട്ട വകുപ്പാണ് 267. അടിയന്തര പ്രാധാന്യമായ പ്രശ്‌നങ്ങൾ ഉന്നയിക്കാനുള്ള അവസരത്തിനാണ് ഇത്തരം ഒരു വകുപ്പ് എഴുതിച്ചേർത്തിരിക്കുന്നത്. അടിയന്തര പ്രമേയം ആരുടെയും ഔദാര്യമല്ല.
അടിയന്തര പ്രമേയത്തിന്റെ ഭാഗമായാണ് രാജ്യത്ത് വർദ്ധിച്ചു വരുന്ന ദുസഹമായ വിലക്കയറ്റത്തെക്കുറിച്ചും ജിഎസ്ടി ഉൾപ്പെടെയുള്ളവയെ കുറിച്ചും ചർച്ചചെയ്യണമെന്ന് തങ്ങൾ ആവശ്യപ്പെട്ടത്. രണ്ടോ മൂന്നോ മണിക്കൂർ ഈ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്തു പോയാൽ എന്താണ് സംഭവിക്കുന്നത്?. രാത്രി പന്ത്രണ്ട് മണിവരെ ചർച്ചകൾ നടന്നിട്ടുള്ള ചരിത്രം തന്നെ നമ്മുടെ പാർലമെന്റിനുണ്ട്. ഈ രാജ്യത്തെ പാർലമെന്റ് എന്നു പറയുമ്പോൾ, ഇത്തരം കാര്യങ്ങളൊക്കെ ചർച്ച ചെയ്യാനുള്ളതാണ്. ഈ നാട്ടിലെ മഹാഭൂരിപക്ഷം ജനങ്ങളെയും ബാധിക്കുന്ന അതീവ ഗുരുതരമായ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ അനുവാദം ഇല്ലെങ്കിൽ പിന്നെ എന്തിനാണ് പാർലമെന്റ് സമ്മേളനം? രണ്ടോ മൂന്നോ മണിക്കൂർ ഗൗരവപൂർവം ചർച്ച ചെയ്ത് പരിഹാരം കാണാനുള്ള സമയം എംപിമാർക്ക് ഇല്ലെങ്കിൽ പിന്നെ എങ്ങനെയാണ് സ്വയം ജനപ്രതിനിധികൾ എന്ന് വിളിക്കുന്നത്? ജനാധിപത്യ രാഷ്ട്രത്തിൽ ജനങ്ങൾ ആണ് പരമാധികാരത്തിന്റെ സ്രോതസ് എന്ന് ഭരണാധികാരികൾ മറന്നുപോകുമ്പോൾ അത് ഓർമ്മിപ്പിക്കേണ്ട കടമ ജനപ്രതിനിധികൾക്ക് ഉണ്ട്. ഭരണഘടനയും പാർലമെന്ററി നടപടി ക്രമങ്ങളും അനുസരിച്ചു തന്നെയാണ് അടിയന്തിരപ്രമേയത്തിന് നോട്ടീസ് നൽകിയത്. പക്ഷെ, തുടർച്ചയായി അനുമതി നിഷേധിക്കപ്പെടുമ്പോൾ എന്താണ് എംപിമാർ ചെയ്യേണ്ടത്? പാർലമെന്റ് സംവാദത്തിനും, പ്രതിഷേധത്തിനും കൂടിയുള്ള ഇടമാണ്. ആ അവകാശം ഓരോ പാർലമെന്റ് അംഗത്തിനും നൽകിയിരിക്കുന്നത് മോദിയും ബിജെപിയും അല്ല. മറിച്ച്, ബിജെപി പിറവിയെടുക്കുന്നതിനും എത്രയോ മുൻപ് ഈ മണ്ണിൽ ഉറച്ചുപോയ പാർലമെന്ററി ജനാധിപത്യത്തിന്റെ നടപടിക്രമങ്ങൾ ആണ് ഇവ.
എന്നാൽ പാർലമെന്റ് പ്രധാനമന്ത്രി മോദിയുടെ ഭക്തജനങ്ങൾക്ക് ഭജനപാടാനുള്ളിടമാക്കി മാറ്റുക എന്നതാണ് കേന്ദ്ര സർക്കാരും ബിജെപിയും നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പാർലമെന്റിൽ ഈ അവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജനപ്രതിനിധികൾ മുദ്രാവാക്യങ്ങളൊക്കെ വിളിക്കും. അതിൽ അസ്വഭാവികമായൊന്നുമില്ല. എന്നാൽ, ഈ ബഹളത്തിനിടെയിൽ നടത്തുന്ന ചർച്ചകളിൽ പോലും അങ്ങേയറ്റം വർഗീയ വിഷം ഉള്ള പരാമർശം നടത്തി സാമുദായിക വിവേചനത്തിനുള്ള ഒരു അവസരമാക്കി ഈ ചർച്ചകളെയെല്ലാം മാറ്റുക എന്ന സമീപനമാണ് ബിജെപി അംഗങ്ങൾ ചെയ്യുന്നത്.
ഉദാഹരണത്തിനു , അന്തർ ദേശീയ ധാരണയനുസരിച്ച് ഇന്ത്യൻ പാർലമെന്റ് പാസാക്കിയിട്ടുള്ള വെപ്പൺസ് ഓഫ് മാസ് ഡിറ്റെക്ഷൻ എന്ന ഒരു പുതിയ വകുപ്പുണ്ട്. ഈ വകുപ്പുമായി ബന്ധപ്പെട്ടുള്ള ചർച്ചയിൽ പോലും ബിജെപി അംഗങ്ങൾ എന്താണ് പറഞ്ഞത്; മുഴുവൻ വർഗീയദ്രുവീകരണം സൃഷ്ടിക്കുന്ന കാര്യങ്ങളാണ്. അതൊക്കെ രാജ്യസഭയുടെ വെർബാറ്റൺ ചെക്ക് ചെയ്താണ് പരിശോധിക്കേണ്ടത്. ജിഎസ്ടി, വിലക്കയറ്റമടക്കം ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന പ്രശനങ്ങൾ ചർച്ച ചെയ്തുകൊണ്ട് ബിജെപി ഒഴികെയുള്ള ഏതാണ്ട് എല്ലാ പാർട്ടികളും സമര രംഗത്തേക്ക് വരുമ്പോൾ ആ സമയത്ത് നടക്കുന്ന ചർച്ച പോലും വർഗീയ ദ്രുവീകരണത്തിന് ഉപയോഗിക്കുകയെന്നു പറയുന്നത് നാണം കെട്ട പ്രവർത്തിയാണ്. രാജ്യത്തിനു അപകടകരമായ രാഷ്ട്രീയവുമാണ് കേന്ദ്രസർക്കാരും ബിജെപിയും സ്വീകരിക്കുന്നത്.അതിനെ പാർലമെന്റിൽ തന്നെ നേരിടുകയാണ് താനടക്കംമുള്ളവർ ചെയ്തത്.
കഴിഞ്ഞ ഒരാഴ്ചയായി ശ്രമിച്ചിട്ടും വിലക്കയറ്റം ചർച്ച ചെയ്യാൻ സമ്മതിക്കാത്തത് കൊണ്ടാണ് താനടക്കമുള്ള ജനപ്രതിനിധികൾ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കേണ്ടി വന്നത്. ന്യായമായ ആവശ്യം അംഗീകരിക്കുന്നതിന് പകരം താനും ശിവദാസനും, റഹീമും അടക്കമുള്ള പത്തൊൻപത് എംപിമാരെ സസ്പെൻഡ് ചെയ്തത് ജനങ്ങളോടുള്ള അവഹേളനം ആയിട്ടാണ് കാണുന്നത്. അതുകൊണ്ട് ഈ സസ്‌പെൻഷനൊന്നും തന്നെ ബാധിക്കില്ലെന്നും ഇനിയും ഇതിനെതിരെയെല്ലാം കടുത്ത സ്വരത്തിൽ ശബ്ദം ഉയർത്തുക തന്നെ ചെയ്യുമെന്ന് പി സന്തോഷ്കുമാർ പറഞ്ഞു.