Thursday, November 21, 2024
spot_imgspot_img
HomeKeralaസിപിഐയ്ക്ക് യുവമുഖം: പി സന്തോഷ്‌ കുമാർ രാജ്യസഭ സ്ഥാനാർത്ഥി

സിപിഐയ്ക്ക് യുവമുഖം: പി സന്തോഷ്‌ കുമാർ രാജ്യസഭ സ്ഥാനാർത്ഥി

തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്കുളള സിപിഐ സ്ഥാനാർത്ഥിയെ തീരുമാനിച്ചു. സിപിഐയുടെ കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാറാണ് വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി. എഐവൈഎഫിന്റെ മുൻ ദേശീയ ജനറൽ സെക്രട്ടറിയാണ് പി സന്തോഷ് കുമാർ.

2012ന് ശേഷം ആദ്യമായാണ് സിപിഐയ്ക്ക് കേരളത്തില്‍ നിന്ന് രാജ്യസഭയില്‍ ഒരേസമയം രണ്ട് പ്രതിനിധികള്‍ ഉണ്ടാകുന്നത്. ബിനോയ് വിശ്വമാണ് നിലവില്‍ സിപിഐയുടെ രാജ്യസഭാംഗം.ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ ഒരു സീറ്റിൽ സിപിഎമ്മും മത്സരിക്കും.

സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമാണ് പി സന്തോഷ് കുമാർ (51). എഐവൈഎഫ് ദേശീയ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സിപിഐ ദേശീയ കൗൺസിൽ അംഗമായിരുന്നു. വിദ്യാർത്ഥി യുവജന സംഘടനകളിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തിയത്.

ചിറ്റാരിപ്പറമ്പ് ഹൈസ്ക്കൂൾ, ശ്രീകണ്ഠപുരം എസ്ഇഎസ് കോളജ്, കണ്ണൂർ എസ്എൻകോളജ്, തിരുവനന്തപുരം ലോ അക്കാഡമി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സാമ്പത്തിക ശാസ്ത്രത്തിലും നിയമത്തിലും ബിരുദമെടുത്ത പി സന്തോഷ് കുമാർ തളിപ്പറമ്പ് ബാറിൽ അഭിഭാഷകനായിരുന്നു.

എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി ,ജില്ലാ സെക്രട്ടറി, പ്രസിഡന്റ് ,സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എഐവൈഎഫ് കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, സിപിഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. നിരവധി രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്.

സേലം ജയിൽ രക്തസാക്ഷി ഒ പി അനന്തൻ മാസ്റ്ററുടെയും സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന കെ കെ അടിയോടിയുടെയും പൗത്രനാണ്. പഞ്ചായത്ത് എൻജിഒ ഫെഡറേഷൻ നേതാവായിരുന്ന കെ പി പ്രഭാകരന്റെയും പി വി രാധയുടെയും മകനാണ്. ഹൈസ്ക്കൂൾ അധ്യാപിക എം ലളിതയാണ് ഭാര്യ. ഹൃദ്യ, ഋത്വിക് എന്നിവർ മക്കളുമാണ്.

2011ൽ ഇരിക്കൂർ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്കും 2005 ൽ കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കും മത്സരിച്ചിട്ടുണ്ട്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares