കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് ബജറ്റിൽ അനുവദിക്കണമെന്ന് സിപിഐ രാജ്യസഭാ ലീഡർ പി സന്തോഷ്‌കുമാർ. സർവ്വകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്റ് സമ്മേളനത്തിന് തലേനാൾ മാത്രം സർവകക്ഷിയോഗം വിളിച്ചുചേർക്കുന്നത് ഔപചാരിക ചടങ്ങു മാത്രമായെന്ന് അദ്ദേഹം യോഗത്തിൽ ചൂണ്ടിക്കാട്ടി. സമ്മേളനം ആരംഭിക്കുന്നതിന് 10 ദിവസം മുമ്പെങ്കിലും സർവകക്ഷിയോഗം വിളിച്ചു ചേർക്കണം. യോഗത്തിൽ ഉയർത്തുന്ന അഭിപ്രായങ്ങൾ അജണ്ടയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷാ നടത്തിപ്പിലെ വീഴ്ചയും ക്രമക്കേടും പ്രവേശന പരീക്ഷകളുടെ സമഗ്രതയിൽ പരിഹരിക്കാനാവാത്ത തകർച്ചയ്ക്ക് വഴിയൊരുക്കി. നിലവിൽ പരിശീലന കേന്ദ്രങ്ങൾക്ക് മാത്രമാണ് നീറ്റ് പ്രയോജനപ്പെടുന്നത്. നീറ്റ് റദ്ദാക്കി സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് വികേന്ദ്രീകൃത പരീക്ഷാ സംവിധാനം പകരം ഏർപ്പെടുത്തണം,
പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷം എട്ടിലേറെ ഭീകരാക്രമണങ്ങളോ ഏറ്റുമുട്ടലുകളോ നടന്നത് ബിജെപിയുടെയും രഹസ്യാന്വേഷണ സംവിധാനത്തിന്റെയും കശ്മീർ നയത്തിന്റെയും പരാജയമാണ്. ഛത്തീസ്ഗഡിൽ നിരപരാധികളായ ആദിവാസികളെ നക്‌സലുകൾ എന്ന് വിശേഷിപ്പിച്ച് പീഡിപ്പിക്കുകയും വ്യാജ ഏറ്റുമുട്ടലിൽ കൊന്നൊടുക്കുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും സന്തോഷ് കുമാർ ആവശ്യപ്പെട്ടു.