സീറ്റ് നൽകാത്ത കോൺഗ്രസിലേക്ക് ഇനിയില്ല എന്ന പത്മജയുടെ വാശി ബിജെപിയിലേക്കെത്തിച്ചു. പത്മജ ഇന്ന് വൈകീട്ട് അഞ്ചോടെ ബിജെപി അംഗത്വം സ്വീകരിക്കുമെന്ന് ഭർത്താവ് വേണുഗോപാൽ വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. നിലവിൽ ഡൽഹിയിലുള്ള പത്മജ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അംഗത്വം സ്വീകരിക്കുക. ഇക്കാര്യം പിന്നീട് പത്മജയും സ്ഥിരീകരിച്ചിരുന്നു.
അതിനിടെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിലേക്ക് പോയപ്പോൾ പത്മജ പങ്കുവച്ച പോസ്റ്റ് ഇപ്പോൾ വൈറൽ ആവുകയാണ്. “കരുണാകരന്റെ മക്കളായാലും ആന്റണിയുടെ മക്കളായാലും അവർ ജനിച്ചത് മുതൽ വിശ്വസിക്കുന്നതും കാണുന്നതും കോൺഗ്രസിന്റെ രാഷ്ട്രീയമാണ്. കുഞ്ഞുനാൾ മുതൽ അച്ഛനും അമ്മയും പറഞ്ഞ് തന്നതും ഞങ്ങൾ കണ്ടതും എല്ലാം കോൺഗ്രസ് നേതാക്കളുടെ ത്യാഗത്തിന്റെ കഥകളാണ്. അങ്ങനെ വളർന്ന ഒരാൾ എന്തുകൊണ്ട് പാർട്ടി വിട്ട് പോയി എന്നത് വളരെ ആഴത്തിൽ ആലോചിക്കേണ്ട കാര്യമാണ്. ഒരു കുടുംബം ആകുമ്പോൾ ഇണക്കവും പിണക്കവും ഉണ്ടാകും. അതെല്ലാം നിസാരമായി കാണുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. വിഷമങ്ങൾ പലർക്കും ഉണ്ട്. അതൊക്കെ പറഞ്ഞ് തീർത്ത് ഒരുമിച്ച് പോയാൽ മാത്രമേ പ്രസ്ഥാനം രക്ഷപ്പെടൂ…” എന്നാണ് പത്മജ പോസ്റ്റിൽ പറയുന്നത്.
അനിൽ ആന്റണി ബിജെപിയിലെത്തി ഒരു വർഷം തികയാനിരിക്കെയാണ് അതേ വഴിയിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി പത്മജയുടെ നീക്കം. ആദ്യമൊക്കെ ബിജെപി അംഗത്വം സ്വീകരിക്കും എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നായിരുന്നു പത്മജയുടെ പ്രതികരണം. ബിജെപിയില്‍ ചേരുന്നുവെന്ന വാർത്ത ഏതോ ഒരു മാധ്യമത്തിൽ നിന്നാണ് കേട്ടതെന്നും എങ്ങനെയാണിത് വന്നതെന്ന് അറിയില്ലെന്നുമായിരുന്നു അവർ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.
“ഇതേക്കുറിച്ച് ഒരു ചാനൽ ചോദിച്ചപ്പോൾ തന്നെ ശക്തമായി നിഷേധിച്ചതാണ്. ഇപ്പോഴും നിഷേധിക്കുന്നു. അപ്പോൾ ഭാവിയിൽ പോകുമോ എന്നവർ ചോദിച്ചു. ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റൂ നാളത്തെ കാര്യം എങ്ങനെ പറയാൻ കഴിയും എന്നവരോട് തമാശയായി പറഞ്ഞതാണ്. അതാണ് വളച്ചൊടിച്ചത്,” എന്നായിരുന്നു പത്മജയുടെ കുറിപ്പ്. എന്നാൽ, പത്മജ പാർട്ടിയിൽ ചേരുമെന്ന സൂചന ബിജെപി വൃത്തങ്ങളിൽനിന്ന് പുറത്തുവന്നതോടെ പത്മജ ഈ പോസ്റ്റ് നീക്കം ചെയ്തു.
‘കോൺഗ്രസ് എന്നെ ബിജെപിയാക്കി’ എന്നാണ് പാർട്ടി പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പത്മജ പ്രതികരിച്ചിരിക്കുന്നത്. “ഞാൻ ചതിയല്ല ചെയ്തത്. എന്റെ മനസിന്റെ വേദനകളാണ് എന്നെക്കൊണ്ട് ഇത് ചെയ്യിപ്പിക്കുന്നത്. അവർ എന്നെ ഇതിലേക്ക് കൊണ്ടെത്തിക്കുകയാണ് ചെയ്തത്. മടുത്താണ് കോൺഗ്രസ് വിടുന്നതെത്. മനസമാധാനത്തോടെ പ്രവർത്തിക്കുവാൻ സാധിക്കുക എന്നതാണ് തന്റെ ഇപ്പോഴത്തെ മുൻഗണയെന്നും പത്മജ പറയുന്നു.
കോൺഗ്രസ് നേതൃത്വത്തിനെതിരെ ആരോപണങ്ങളുയർത്തിക്കൊണ്ടാണ് പത്മജ പാർട്ടി വിട്ടിരിക്കുന്നത്. തിരെഞ്ഞെടുപ്പിൽ തോൽക്കാൻ കാരണക്കാരായവർക്കെതിരെ പരാതി നൽകിയിട്ടും അത് പരിഗണിക്കാനോ എന്തെങ്കിലും നടപടി സ്വീകരിക്കാനോ നേതൃത്വം തയ്യാറില്ല. ഇങ്ങനെ ധാരാളം അവഗണകൾ സഹിക്കേണ്ടി വന്നു. മടുത്താണ് പാർട്ടി വിടുന്നത്. ഏറെ നാളായി പാർട്ടിയുമായി അകൽച്ചയിലായിരുന്നുവെന്നും പ്രവർത്തനങ്ങൾക്കൊന്നും ഇറങ്ങാറില്ലെന്നും അവർ പറയുന്നു.