Friday, November 22, 2024
spot_imgspot_img
HomeOpinionഅഹമ്മദിയ്യ വിഭാഗവും പൗരത്വ ഭേദഗതി നിയമവും

അഹമ്മദിയ്യ വിഭാഗവും പൗരത്വ ഭേദഗതി നിയമവും

ടി കെ മുസ്തഫ വയനാട്

പ്രപഞ്ചോത്പത്തി സംബന്ധിച്ച സ്റ്റാൻഡേർഡ് മോഡൽ സിദ്ധാന്തത്തിന് നൽകിയ സംഭാവനകളുടെ പേരിൽ പ്രശസ്തനായ പാകിസ്ഥാനി ശാസ്ത്രജ്ഞനാണ് തിയററ്റിക്കൽ ഫിസിസിസ്റ്റായ ഡോ അബ്ദു സലാം. അദ്ദേഹത്തിന്റെ ‘ Electroweak unification theory ‘ക്ക് 1979 ൽ ഫിസിക്സിലെ നൊബേൽ സമ്മാനം ലഭിക്കുകയുമുണ്ടായി. അദ്ദേഹത്തിന്റെ മരണ ശേഷം ശവക്കല്ലറക്ക് മുകളിൽ ”ആദ്യത്തെ മുസ്ലിം നൊബേൽ ജേതാവ്” എന്ന് നാട്ടുകാരും ആരാധകരും അഭിമാനപൂർവം എഴുതിവെച്ചു. എന്നാൽ അദ്ദേഹം ഉൾകൊള്ളുന്ന ‘അഹമ്മദിയ്യ’ വിഭാഗത്തെ അമുസ്ലിംകളാക്കിക്കൊണ്ടുള്ള നിയമം പാകിസ്ഥാനിൽ പ്രാബല്യത്തിൽ വന്നതിനെ തുടർന്ന് പിൽകാലത്ത് ശവക്കല്ലറയിൽ എഴുതി വെച്ച വാചകത്തിൽ നിന്നും ‘മുസ്ലീം’ എന്നതിനെ മായിച്ചു കളയുകയായിരുന്നു.

മുഖ്യ ധാര ഇസ്ലാമിക സമൂഹത്തിൽ നിന്ന് വിഭിന്നമായ കാഴ്ചപ്പാടുകൾ സ്വീകരിച്ചും മുസ്ലിംകളുടെ പല വിശ്വാസ പ്രമാണങ്ങളെയും തിരസ്കരിച്ചും വിമർശിച്ചും ഖുർ ആ ൻ വചനങ്ങൾക്കും ഹദീസുകൾക്കും തങ്ങളുടേതായ വ്യാഖ്യാനങ്ങൾ സൃഷ്ടിച്ചു കൊണ്ടും പ്രവർത്തിക്കുന്ന എന്നാൽ മുസ്ലിംകൾ ആണെന്ന് സ്വയം അവകാശപ്പെടുന്ന വിഭാഗമാണ് ‘അഹമ്മദിയ്യ’. സിയ ഉൾഹഖിന്റെ കാലത്ത് ‘അഹമ്മദിയ’ വിഭാഗത്തെ അമുസ്ലിംകൾ ആയി പ്രഖ്യാപിക്കുകയും ഇസ്ലാമിക അഭിവാദന രീതികളും മതപദങ്ങളും ഉപയോഗിക്കുന്നതിൽ നിന്നും അവരെ വിലക്കി കൊണ്ടുള്ള ഭരണഘടനാ ഭേദഗതി പാകിസ്ഥാനിൽ നിലവിൽ വരികയും ചെയ്തു.

തന്നെയുമല്ല പുറമെ നിന്ന് വരുന്ന മുസ്ലിംകൾക്ക് പാകിസ്ഥാനിൽ പൗരത്വം കിട്ടണമെങ്കിൽ അഹമ്മദിയ്യ വിഭാഗം പ്രവാചകനായി കാണുന്ന മിർസ ഗുലാം അഹമ്മദ് വ്യാജനായിരുന്നു എന്ന് എഴുതി ഒപ്പിട്ടുകൊടുക്കുകയോ അതല്ലെങ്കിൽ ജനറൽ ക്വാട്ടയിൽ അപേക്ഷിക്കുകയോ ചെയ്യണം എന്നതാണ് അവസ്ഥ. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ പഞ്ചാബിലെ ഖാദിയാൻ സ്വദേശിയായ മിർസാ ഗുലാം അഹ്മദ് സ്ഥാപിച്ച മത വിഭാഗമാണ് അഹമ്മദിയ്യ പ്രസ്ഥാനം.

ഖാദിയാനിൽ തുടക്കം കുറിച്ച സംഘടന എന്ന നിലയിൽ ‘ഖാദിയാനികൾ’ എന്നും അവരെ വിളിക്കാറുണ്ട്. ഇസ്ലാം വിശ്വാസത്തിന്റെ അടിസ്ഥാനത്തിന് വിരുദ്ധമായി പ്രവാചക പരമ്പര മുഹമ്മദ്‌ നബിയോട് കൂടി അവസാനിച്ചു എന്ന വാദഗതിയെ നിരാകരിക്കുന്ന അവർ മുഹമ്മദ്‌ നബിക്ക് ശേഷം മിർസാ ഗുലാം അഹ്മദ് പ്രവാചകനായിരുന്നു എന്ന് വിശ്വസിക്കുന്നവരാണ്.ഖുർആനിലെ 61 – മത്തെ അദ്ധ്യായം 6 -മത്തെ വചനത്തിൽ വരാനിരിക്കുന്ന ‘അഹ്മദ്’ എന്നൊരു പ്രവാചകനെ കുറിച്ച് വായിക്കാൻ കഴിയുന്നുണ്ട്. ആ പ്രവാചകൻ മിർസാ ഗുലാം അഹ്മദ് ആണെന്ന് അഹ്‌മദികൾ വിശ്വസിക്കുമ്പോൾ പ്രസ്തുത വാദ ഗതിയെ തീർത്തും നിരാകരിക്കുകയും ‘അഹ്മദ്’ എന്നത് മുഹമ്മദ്‌ എന്നതിന്റെ മറ്റൊരു പേരാണെന്നും ഖുർആൻ പറയുന്ന ‘അഹ്മദ്’ മുഹമ്മദ്‌ നബിയെ കുറിച്ച് തന്നെയാണെന്നും വിശ്വസിക്കുന്നു മുസ്ലിംകൾ.

ഇപ്രകാരം വേറിട്ട കാഴ്ചപ്പാടുകളുടെ പേരിലും ഇസ്ലാം വിശ്വാസത്തിന്റെ അടിസ്ഥാന വിഷയങ്ങളിലടക്കം പുലർത്തിപ്പോരുന്ന കടുത്ത അഭിപ്രായ ഭിന്നതകളെ കണക്കിലെടുത്തും മറ്റു ഇസ്ലാം വിഭാഗങ്ങൾ യഥാർത്ഥ മുസ്ലിംകളായി ഇക്കൂട്ടരെ അംഗീകരിക്കാറില്ലെന്ന് മാത്രമല്ല ഇവർ നൂതനാശയക്കാരും മുസ്ലിം വിരുദ്ധരുമെന്നാരോപിച്ച് കൊണ്ട് അകലം പാലിക്കുകയും തങ്ങളുടെ അനുയായികൾക്കിടയിൽ അഹമ്മദിയ്യ വിശ്വാസത്തെ സംബന്ധിച്ചുള്ള അവബോധം പരമാവധി സൃഷ്ടിക്കുകയും ചെയ്യുന്നു.കേരളത്തിലും അഹമ്മദിയ്യ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ സജീവമാണ്. മലയാളത്തിൽ അവർ പുറത്തിറക്കുന്ന സത്യ ദൂതൻ എന്ന മാസിക പലപ്പോഴായി വായിക്കാൻ ഈ ലേഖകന് അവസരം ലഭിച്ചിട്ടുണ്ട്.

മതത്തിന്റെ അടിസ്ഥാനത്തിലുള്ള പീഡനം നിമിത്തം ഇന്ത്യയിൽ അഭയം തേടാൻ നിർബന്ധിതരാക്കപ്പെട്ടവർക്ക് രാജ്യത്ത് പൗരത്വം നൽകുക വഴി അനധികൃത കുടിയേറ്റപ്രവർത്തനങ്ങളിൽ നിന്നും ഈ വിഭാഗത്തിൽ പെട്ടവരെ സംരക്ഷിക്കുകയെന്ന ലക്ഷ്യം മുൻ നിർത്തിക്കൊണ്ട് നടപ്പാക്കുന്നു എന്നവകാശപ്പെടുന്ന പൗരത്വ ഭേദഗതി നിയമത്തിൽ നിന്ന് മുസ്ലിം വിഭാഗത്തെ ഒഴിവാക്കിയതിന് കണ്ടെത്തുന്ന ന്യായീകരണം മുസ്ലിം രാജ്യങ്ങളിൽ മുസ്ലിംകൾ മത പരമായ പീഡനം നേരിടുന്ന സാഹചര്യം നില നിൽക്കുന്നില്ല എന്നതാണ്.

എന്നാൽ മുസ്ലിംകൾ യഥാർത്ഥ മുസ്ലിംകൾ ആയി പരിഗണിക്കാതിരിക്കുകയും ഭരണ കൂടം അമുസ്ലിംകളായി വിലയിരുത്തുകയും ഇതര ന്യൂന പക്ഷങ്ങൾ അനുഭവിക്കുന്ന കടുത്ത വിവേചനങ്ങളും പീഡനങ്ങളും സമാന രീതിയിൽ തന്നെ അനുഭവിക്കുകയും ചെയ്യുന്ന അഹമ്മദിയ്യ വിഭാഗത്തെ നിയമത്തിന്റെ പരിധിയിൽ നിന്ന് മാറ്റി നിർത്തുന്നതിലൂടെ മറ നീക്കി പുറത്തു വരുന്നത് ജനങ്ങളെ വർഗ്ഗീയമായി ചേരി തിരിച്ച് ഭരണ ഘടന വിരുദ്ധമായി മതാടിസ്ഥാനത്തിൽ വിഭജിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘ് പരിവാർ അജണ്ട തന്നെയാണ്. 1950 കളുടെ തുടക്കത്തിൽ തന്നെ അഹമദിയ്യാക്കൾക്കെതിരെയുള്ള അക്രമങ്ങൾക്കും നിയമനടപടികൾക്കും പാക്കിസ്ഥാനൻ തുടക്കം കുറിച്ചിരുന്നു.ബംഗ്ലാദേശിലും സമാനതകൾ ഇല്ലാത്ത പീഡനങ്ങൾക്കും വിവേചനങ്ങൾക്കുമാണ് അഹ്‌മദിയ്യ വിഭാഗക്കാർ ഇരയാകുന്നത്.

പൗരത്വ ഭേദഗതി നിയമത്തിന്നെതിരെയുള്ള ഹർജികളിൽ സുപ്രീം കോടതി ഇടക്കാല ഉത്തരവ് നൽകുന്നതിനെ എതിർത്ത് കേന്ദ്രം നൽകിയ സത്യ വാങ് മൂലത്തിൽ ആസൂത്രിതമായ മത പീഡനങ്ങളാണ് കണക്കിലെടുക്കുന്നതെന്നും മതത്തിനുള്ളിലെ പ്രശ്നങ്ങളും ചില മതങ്ങളെ ഭൂരിപക്ഷ മതത്തിന്റെ ഭാഗമായി അംഗീകരിക്കാ ത്തതും മത ന്യൂന പക്ഷങ്ങൾ നേരിടുന്ന പീഡനവുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.

മറ്റു മത ന്യൂന പക്ഷങ്ങളോടുള്ള നിഷേധാത്മക സമീപനങ്ങളും നിയമ നടപടികളും സമാനമായ രീതിയിൽ തന്നെ ഒരു വിഭാഗം കാലങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്നതിനെ കണ്ടില്ലെന്ന് നടിച്ച് രാജ്യത്തെ മതാധിഷ്ഠിതമായി പുനർനിർവചിക്കുന്നതിനുള്ള ഹിഡൻ അജണ്ടക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കേന്ദ്രം എന്ന് വ്യക്തം!

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares