പാലക്കാട്: പാലക്കാട് നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് തിങ്കൾ വൈകിട്ട് ആവേശ സമാപനം. ഇനി നിശബ്‌ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ. ബുധനാഴ്‌ചയാണ് വോട്ടെടുപ്പ്. ശക്തമായ പ്രചാരണത്തിലൂടെ ജനങ്ങളിലേക്കെത്താൻ എൽഡിഎഫിന് കഴിഞ്ഞു. കോൺഗ്രസ്, ബിജെപി കോട്ടകളിൽ വിള്ളൽവീഴ്‌ത്താൻ കഴിഞ്ഞുവെന്നത് എൽഡിഎഫിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. സ്ഥാനാർഥി ഡോ. പി സരിന്റെ വ്യക്തിപ്രഭാവവും വലിയ സ്വീകാര്യതയുണ്ടാക്കി. അതിന്റെ ആവേശം പ്രതിഫലിപ്പിക്കുന്നതായിരുന്നു കൊട്ടിക്കലാശം.
പതിമൂന്നര വർഷം എംഎൽഎയായിരുന്ന ഷാഫി പറമ്പിൽ മണ്ഡലത്തിലെ വികസനത്തിൽ ശ്രദ്ധിക്കാത്തത് സജീവ ചർച്ചയാണ്. നഗരസഭ ഭരിക്കുന്ന ബിജെപിക്കെതിരെയും ജനവികാരം ശക്തം.
മണ്ഡലത്തിൽ 1,94,706 വോട്ടർമാരാണുള്ളത്. പാലക്കാട് നഗരസഭ, കണ്ണാടി, പിരായിരി, മാത്തൂർ പഞ്ചായത്തുകൾ ചേർന്നതാണ് പാലക്കാട് മണ്ഡലം. വോട്ടർമാരിൽ സ്‌ത്രീകളാണ് കൂടുതൽ–-1,00,290. 94,412 പുരുഷ വോട്ടർമാരും നാല് ട്രാൻസ്‌ജെൻഡർ വോട്ടർമാരുമുണ്ട്. രാഹുൽ മാങ്കൂട്ടത്തിലാണ് യുഡിഎഫ് സ്ഥാനാർഥി. എൻഡിഎയ്‌ക്കായി മത്സരിക്കുന്നത് സി കൃഷ്‌ണകുമാറും.