ടി കെ മുസ്‌തഫ വയനാട്
വിഖ്യാത ഇസ്രയേൽ ചരിത്രകാരനും കടുത്ത സയണിസ്റ്റ് വിരുദ്ധനുമായ പ്രൊഫസർ ഇയാൻ പാപ്ലെ ഇസ്രയേൽ രൂപവത്കരണത്തിന്റെ അൻപതാം വാർഷികത്തിൽ രചിച്ച ‘Ten Myths About Isreal’ എന്ന പുസ്തകത്തിൽ അധിനി വേശ ഭീകരതക്കുള്ള സയണിസ്റ്റ് വാദ ഗതികളെയും ന്യായങ്ങളെയും പഠന വിധേയമാക്കുകയും തുടർന്ന് ചരിത്ര വസ്തുതകളുടെ പിൻബലത്തിൽ പ്രസ്തുത വാദഗതികളെയെല്ലാം വസ്തു നിഷ്ഠമായി ഖണ്ഡിക്കുകയും ചെയ്യുന്നുണ്ട്. നൂറ്റാണ്ടുകളായി തങ്ങൾ ആധിപത്യം സ്ഥാപിച്ച് കീഴടക്കിയവരുടെ അതിജീവന പോരാട്ടത്തെ ഭീകരവാദമായി ചിത്രീകരിക്കുകയും ജന്മ നാട്ടിൽ നിന്ന് നിഷ്ഠൂരമായി ആട്ടിയോടിക്കപ്പെട്ട ഒരു ജന വിഭാഗം ഈജിപ്തിന്റെ നിയന്ത്രണത്തിലായിരുന്ന ഗാസ മുനമ്പിൽ തങ്ങൾ തന്നെ മുൻപ് ഒപ്പിട്ട ക്യാമ്പ് ഡേവിഡ് കരാറിന്റ ഭാഗമായി അനുഭവിച്ചു തീർക്കുന്ന ജീവിതത്തെ പോലും അസാധ്യമാക്കുന്ന വിധത്തിലുള്ള ബോംബ് വർഷത്തേയും സമസ്തജീവനോപാധികളുടെ ഉപരോധങ്ങളേയും തീവ്രവാദത്തിന്നെതിരായ യുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്ത് പരിഷ്കൃത ലോകത്തിന് അപമാനകരമായ സാമ്രാജ്യത്വ അധിനിവേശത്തെ വെള്ള പൂശുകയാണ് ഉന്മൂലന തത്വങ്ങളാൽ പ്രചോദിതമായ സെറ്റ്‌ലർ കൊളോണിയലിസം.
ഇസ്രായേൽ പലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട ക്യാമ്പയിനുകളും പോർവിളികളും ചർചകളും സംവാദങ്ങളും മുൻപെങ്ങുമില്ലാത്ത വിധം ഇന്ന് നമ്മുടെ സാമൂഹ്യ മണ്ഡലത്തെ പ്രക്ഷുബ്ധമാക്കുന്നത് രാഷ്ട്രീയവും ഭൂമി ശാസ്ത്രപരവുമായ അപഗ്രഥനങ്ങളേക്കാൾ കടുത്ത സങ്കുചിത പ്രചരണങ്ങളും തീവ്ര മറു വാദങ്ങളുമായുള്ള ആശയ സംഘർഷങ്ങളിലൂടെയാണെന്ന് തോന്നുന്നു. സാമ്രാജ്യത്വ വിരുദ്ധ സമീപനത്തിന്റെ ഭാഗമായുള്ള ഇരകളോടുള്ള ഐക്യപ്പെടലല്ല മറിച്ച് മിത്തുകളെ കൂട്ടു പിടിച്ചും ചരിത്ര പരതയെ തമസ്കരിച്ചുമുള്ള അപര മത വിദ്വേഷത്താൽ വേരുറച്ച അനാരോഗ്യകരവും അപകടകരവുമായ ചർചകളിൽ വ്യാപൃതരായി പക്ഷം ചേരാനാണ് പലർക്കും താല്പര്യം.

അറബ് മേഖലയിൽ അധീശത്വം ഉറപ്പിക്കാനുള്ള സാമ്രാജ്യത്വ പദ്ധതിപ്രകാരമുയർന്ന് വന്ന സയണിസം ആസൂത്രിതമായി തട്ടിയെടുത്ത തങ്ങളുടെ മാതൃരാജ്യത്തെ നിയമപരമായി ആവശ്യപ്പെടുകയും അധിനിവേശത്തില്‍നിന്ന് സ്വാതന്ത്ര്യം തേടുകയും ചെയ്യുന്ന പലസ്തീനികൾക്കെതിരെ ആക്രമണവും അധിനിവേശവും ത്വരിതപ്പെടുത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യം തന്നെയാണ് ആധുനിക ലോകം ദർശിക്കുന്നത്. 2012 ൽ പലസ്തീൻ പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയ ഒരു പഠന പ്രകാരം 1967 മുതൽ വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും ഏതാണ്ട് 20 ശതമാനത്തോടടുത്ത ജനങ്ങൾ ഒരാഴ്ചയോ അതിൽ കൂടുതലോ ഇസ്രയേലി തടവറകളിൽ കഴിഞ്ഞിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്.
1967 ലെ പ്രസിദ്ധമായ ആറുദിന യുദ്ധത്തിന് ശേഷം ഏകദേശം 70000 പലസ്തീൻ അറബികളെയാണ് ഇസ്രായേൽ ഭരണ കൂടം തടവിലാക്കിയത്. മാതൃ രാജ്യത്തിന് വേണ്ടിയുള്ള പലസ്തീൻ ജനതയുടെ ന്യായമായ അവകാശത്തെ ലോകമാസകലമുള്ള മനുഷ്യ സ്നേഹികൾ പിന്തുണക്കുമ്പോഴും ആക്രമിച്ചും ഉപരോധം സൃഷ്ടിച്ചുമുള്ള നിരന്തര പ്രകോപനത്തെ തുടർന്നുണ്ടാകുന്ന ചെറുത്ത് നിൽപ്പിന്റെ പേരിലുള്ള പലസ്‌തീൻ ജനതയുടെ പോരാട്ടങ്ങൾ നിരപരാധികളെ കൊന്നൊടുക്കിയുള്ള വംശീയ ഉന്മൂലനത്തിനുള്ള അവസരമായിത്തന്നെ കാണുകയാണ് ഇസ്രയേൽ. ഇസ്രയേലിനുള്ളിൽ ഇപ്പോൾ ഏകദേശം പത്തൊമ്പത് ജയിലുകളും പുറമെ അധിനിവേശ വെസ്റ്റ് ബാങ്ക് പ്രദേശങ്ങളിൽ താൽക്കാലിക തടവറകളുമുണ്ടെന്നാണ് കണക്ക്.
1,264 ഔദ്യോഗിക രാഷ്ട്രീയ തടവുകാരുടെ എണ്ണം മാത്രമാണ് അന്താരാഷ്ട സമൂഹത്തിനു മുന്നിൽ ഇസ്രയേൽ ഭരണകൂടം നിലവിൽ വെളിപ്പെടുത്തിയിട്ടുള്ളത്. 2023 ജനുവരി 26ന് ഇസ്രയേൽ ബോർഡർ പൊലീസും സൈന്യവും വെസ്റ്റ് ബാങ്കിലെ അഭയാർത്ഥി ക്യാമ്പ് ആക്രമിച്ച് ഒമ്പതുപേരെ കൊലപ്പെടുത്തിയിരുന്നു. ഇറാന്റെ പിന്തുണയുള്ള ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ്, ഹമാസ് എന്നിവരെ ലക്ഷ്യംവച്ചുള്ള ആക്രമണമായിരുന്നു അന്ന് നടന്നത്. 2021ൽ കിഴക്കൻ ജറുസലേമിലെ ഡമാസ്കസ് ഗേറ്റ് പ്ലാസയിലേക്കുള്ള പ്രവേശനം ഇസ്രയേൽ തടഞ്ഞതിനെത്തുടർന്നുണ്ടായ ആക്രമണങ്ങളിൽ 250 പലസ്തീൻകാർ കൊല്ലപ്പെട്ടതിനുശേഷം പൊതുവേ ശാന്തമായിരുന്ന മേഖലയിൽ പ്രസ്തുത ആക്രമണത്തോടെയാണ് 2023 ഒക്ടോബർ 7 ന് സംഘർഷം പുനരാരംഭിച്ചത്.

ലോകത്തിലെ ഏറ്റവും മികച്ചതും കിടയറ്റതുമായ ഇന്റലിജൻസ് പ്രതിരോധ സംവിധാനങ്ങളെ നോക്കുകുത്തിയാക്കിക്കൊണ്ട് അയ്യായിരത്തിലേറെ മിസൈലുകളും ആയിരത്തിലധികം പോരാളികളും ചേർന്ന് ഗാസ അതിർത്തികളിലുടനീളം ഹമാസ് നടത്തിയ സംഘടിതവും ആസൂത്രിതവുമായ ആക്രമണം അന്ന് ഇസ്രയേലിന്റെ സമസ്ത പ്രതിരോധങ്ങളേയും മറികടന്നു. ബുൾഡോസറുകൾ ഉപയോഗിച്ച് സുരക്ഷ വേലികൾ നിമിഷ നേരം കൊണ്ട് തകർത്തെറിഞ്ഞും മിനിറ്റുകൾക്കുള്ളിൽ ആയിരക്കണക്കിന് റോക്കറ്റുകൾ വിക്ഷേപിച്ചു കൊണ്ടും ലോകത്തെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനം ‘അയൺ ഡോം’ സിസ്റ്റം ഭേദിച്ചു കൊണ്ട് ‘ ഓപ്പറേഷൻ അൽ അഖ്സ ഫ്ലഡ് ‘ എന്ന പേരിൽ ഹമാസ് നടത്തിയ ആക്രമണം ഹോളോ ക്രോസ്റ്റിന് ശേഷമുള്ള ഏറ്റവും കൊടിയ ദുരന്തമായി വിലയിരുത്തിയിരുന്നു ഇസ്രയേൽ മാധ്യമങ്ങൾ.
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ യുദ്ധപ്രഖ്യാപനത്തെ തുടർന്ന് ഹമാസിന് തിരിച്ചടിയെന്നോണം ഗാസയ്ക്ക്മേൽ തീ തുപ്പുന്ന ഇസ്രായേൽ യുദ്ധ വിമാനങ്ങളുടെ ആക്രമണം അക്ഷരാർത്ഥത്തിൽ പ്രദേശത്തെ പിന്നീട് സംഘർഷ ഭരിതമാക്കുകയായിരുന്നു. ഗാസക്ക് നേരെയുള്ള കരയാക്രമണത്തിന് ഇസ്രായേൽ ലക്ഷക്കണക്കിന് റിസർവ് സൈനികരെയാണ് സജ്ജരാക്കിയിരുന്നത്. പ്രദേശത്ത് വൈദ്യുതിയും ഭക്ഷണവും ഇന്ധനവും തടഞ്ഞുള്ള കടുത്ത ഉപരോധത്തിന് തുടക്കമിട്ട ഇസ്രായേൽ അനന്തരം കനത്ത വ്യോമാക്രമണവും അഴിച്ചു വിടുകയുണ്ടായി.
പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളും വയോധികരും ഉൾപ്പെടെയുള്ള ഏതാണ്ട് നാല്പത്തി ഒന്നായിരത്തിലധികം മനുഷ്യരാണ് ഇസ്രായേൽ ഭീകരതക്കിരയായി തുടർന്ന് മരണ മടഞ്ഞത്.
ഹമാസിന്നെതിരായ പ്രതിരോധമെന്ന ലേബലിൽ ഇസ്രായേൽ അഴിച്ചു വിടുന്ന ആക്രമണം നിലവിൽ പശ്ചിമേഷ്യയാകെ വ്യാപിച്ചിരിക്കുകയാണ്.
ഗാസയിലും തെക്കൻ ലെബനനിലും അവർ നടത്തിക്കൊണ്ടിരിക്കുന്ന നിഷ്ഠൂരമായ വംശഹത്യക്കെതിരെയുള്ള ഇറാന്റെ മിസൈലാക്രമണങ്ങളോടെ നിലവിലെ സംഘർഷം വലിയ യുദ്ധത്തിലേക്ക് മാറുമെന്ന ആശങ്കയും നില നിൽക്കുന്നു.
സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പലസ്തീൻ ജനതയുടെ പോരാട്ട വീര്യത്തെ തീവ്രവാദമെന്ന് ആരോപിച്ച് അടിച്ചമർത്തുന്ന സയണിസ്റ്റ് മനോഭാവത്തോടുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ കുറ്റകരമായ മൗനവും നിസ്സംഗതയുമാണ് നൂറ്റാണ്ടുകളായി തുടർന്നു പോരുന്ന രാഷ്ട്രീയ സാമൂഹ്യ അരക്ഷിതാവസ്ഥയെ വർദ്ധിപ്പിക്കുന്നത് എന്നതാണ് സത്യം. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും സാമ്രാജ്യത്വ ശക്തികൾ നിർവചനം കുറിക്കുമ്പോൾ ഇരകളെ വക വരുത്തുന്ന വേട്ടക്കാരന്റെ ലാഘവത്തിന് മൗനാനുവാദം നൽകുകയും അമേരിക്ക അടക്കമുള്ളവർ ചുണ്ടിൽ വിരൽ വെച്ച് ‘വീറ്റോ’ കൽപ്പിക്കുമ്പോൾ ഏറാൻ മൂളാനുള്ള ലോക വേദിയായി മാറുകയും ചെയ്യുന്നു പലപ്പോഴും ഐക്യരാഷ്ട്രസഭ.
ഹമാസിന്റെ കടന്നാക്രമണത്തെ ലക്ഷണമൊത്ത ഭീകര വാദമായും ഇസ്രയേലിന്റേത് സ്വാഭാവിക പ്രതികരണം മാത്രമായും വിലയിരുത്തിക്കൊണ്ടുള്ള പ്രസ്താവനകൾ പശ്ചാത്യ ഭരണാധികാരികളിൽ നിന്ന് എക്കാലത്തെയും പോലെ ഇക്കുറിയും ഉയർന്നു വന്നിരുന്നു. അമേരിക്ക, ബ്രിട്ടൻ,ഫ്രാൻസ്, ജർമനി തുടങ്ങി പ്രമുഖ പശ്ചാത്യ രാജ്യങ്ങളുടെയെല്ലാം പിന്തുണ പതിവ് പോലെ ഇസ്രയേലിനുണ്ട്. ഇസ്രയേലിന് പിന്തുണയുമായി പടക്കപ്പലുകളും യുദ്ധവിമാനങ്ങളും അയക്കാൻ ആരംഭത്തിൽ തന്നെ ഉത്തരവിട്ട അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അവരുടെ പ്രത്യാക്രമണത്തെ ഭീകരതക്കെതിരായ ചെറുത്ത് നിൽപ്പായാണ് വിശേഷിപ്പിച്ചത്.
ഹമാസ് ഇസ്രയേലിന് നേരെ നടത്തിയ ആക്രമണങ്ങൾ ഞെട്ടിക്കുന്നതാണെന്നും തിരിച്ചടിക്ക് ഇസ്രയേലിന് അധികാരമുണ്ടെന്നും അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും പ്രതികരിച്ചു. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ, നെതർലൻഡ്സ് പ്രധാനമന്ത്രി മാർക്ക് റൂട്ട്, ബെൽജിയം വിദേശകാര്യ മന്ത്രി ഹാജ ലബിബ് തുടങ്ങിയവരും ഹമാസ് നടപടിയെ അപലപിച്ചും ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചും രംഗത്തെത്തിയിരുന്നു. ഇന്ത്യൻ പ്രധാന മന്ത്രിയാകട്ടെ രാജ്യത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ പാരമ്പര്യത്തെയും ചേരി ചേരാ നയത്തെയും കാറ്റിൽ പറത്തിക്കൊണ്ടാണ് ഇസ്രായേൽ ദാസ്യം പരസ്യമായിത്തന്നെ പ്രകടമാക്കിയത്.
അതേ സമയം ഇസ്രയേലിനെതിരെയുള്ള ഹമാസ് ആക്രമണം രക്ത രൂക്ഷിതമായ ഏഴരപ്പ തിറ്റാണ്ടിനിടയിലെ വിഭജനത്തിന്റെയും അധിനി വേശത്തിന്റെയും ആക്രമണത്തിന്റെയും ഫലമായുള്ള സ്വാഭാവിക പ്രത്യാക്രമണമാണെന്ന വാദഗതിയും ഉയർന്നു വന്നു. ഇറാൻ പരമോന്നത നേതാവിന്റെ ഉപദേശകൻ റഹിം സഫാവി ഹമാസ് പോരാളികളെ അഭിനന്ദിച്ചു തുടക്കത്തിൽ തന്നെ അന്ന് രംഗത്തെത്തി. ഹൂതികൾ, ഹിസ്‌ബുള്ള, സിറിയ എന്നിവരുടെ സഹായവും തുർക്കിയുടെയും റഷ്യയുടെയും പിന്തുണയും ഖത്തറിന്റെ സാമ്പത്തിക സഹായങ്ങളും ഒത്തു ചേർന്ന സാഹചര്യത്തിൽ ഹമാസ് പ്രതിരോധത്തിന് പുതിയൊരു മാനം കൈവരികയും ചെയ്തിരുന്നു. സുന്നി നിലപാടുകളുള്ള ഹമാസും ഷിയ പക്ഷത്തുള്ള ഹിസ്‌ബുള്ളയും ആശയപരമായി വ്യത്യസ്ത ധ്രുവങ്ങളിലാണെങ്കിലും ഭിന്നത മറന്നുള്ള യോജിപ്പ് ഇവിടെ പ്രകടമാണെന്നതും എടുത്ത് പറയേണ്ടതുണ്ട്.
നിലവിൽ ലബനനിൽ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശമെന്ന വാക്കിനെ പോലും അപ്രസക്തമാക്കിക്കൊണ്ടുള്ള കൂട്ടക്കൊലക്ക് ഇസ്രായേലിനെ പ്രേരിപ്പിക്കുന്ന ഘടകവും മറ്റൊന്നല്ല. പ്രവചനാതീതമാകുന്ന രാഷ്ട്രീയ സമ വാക്യങ്ങൾ പിറന്ന നാട്ടിൽ അഭയാർത്ഥികളാക്കപ്പെട്ട ഒരു ജനതയുടെ അതിജീവന പോരാട്ടത്തെ എങ്ങനെ സ്വാധീനിക്കും എന്നതാണ് വർത്തമാന ലോകം ഉറ്റു നോക്കുന്നത്! 1948 ലെ ‘നഖ്ബ’ എന്ന് വിളിക്കുന്ന പലസ്തീനികളുടെ പാലായനത്തിന് ശേഷം യു എൻ രക്ഷ സമിതിയുടെ ഒന്നിലധികം പ്രമേയങ്ങളോടും അന്താരാഷ്ട്ര നിയമ വ്യവസ്ഥകളോടുമുള്ള ഇസ്രായേലിന്റെ നിഷേധാത്മക സമീപനം ഇനിയും ആവർത്തിക്കപ്പെടുകയാണെങ്കിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലുകളിൽ പുതിയ രാഷ്ട്രീയ സമ വാക്യങ്ങൾ എപ്രകാരമായിരിക്കും നിർണ്ണായകമാവുക എന്നതും പ്രധാനമാണ്.
ഇവിടെ ഇസ്രയേലിന്റെ മനുഷ്യത്വ രഹിതമായ പലസ്തീൻ ആക്രമണത്തിനെതിരെ ലോകം ധീരമായി മുന്നോട്ടു വന്നേ മതിയാകൂ,
അത് പോലെ തന്നെ പതിറ്റാണ്ടുകളായി അധിനിവേശം നേരിടുകയും അടിച്ചമർത്തൽ അനുഭവിക്കുകയും ചെയ്യുന്ന ജന വിഭാഗത്തോട് ഐക്യപ്പെടുകയും പ്രസ്തുത വിഷയത്തെ സംബന്ധിച്ച വസ്തു നിഷ്‌ഠ പൊതു അവബോധം സൃഷ്ടിച്ചെടുക്കുകയുമാണ് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളെ പിന്തുണക്കുന്ന ഓരോരുത്തരിലും നിക്ഷിപ്തമായിട്ടുള്ള ഉത്തരവാദിത്വം!