പലസ്തീനിൽ അൽ ജസീറ ചാനലിനെ താത്ക്കാലികമായി നിരോധിച്ചിരിക്കുകയാണ് പലസ്തീൻ ഭരണകൂടം.തുടർച്ചയായി നിയമങ്ങൾ ലംഘിക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി. സാംസ്‌കാരിക, ആഭ്യന്തര, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന പാലസ്തീനിയൻ മന്ത്രിതല സമിതിയാണ് അൽജസീറയെ വിലക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതായി പലസ്തീന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്യുന്നത്. അൽ ജസീറയുമായി ബന്ധപ്പെട്ട എല്ലാ മാധ്യമപ്രവർത്തകരുടെയും ജീവനക്കാരുടെയും അനുബന്ധ ചാനലുകളുടെയും പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാനും കമ്മിറ്റി ഉത്തരവിട്ടു. നിരോധനം താത്കാലികമാണെന്ന് പ്രത്യേകം പറയുന്നുണ്ടെങ്കിലും എന്നുവരെ എന്ന് വ്യക്തമാക്കുന്നില്ല.
ജെനിനിലെ പലസ്തീൻ ദേശീയ സുരക്ഷാ സേനയും പലസ്തീൻ പ്രതിരോധ പോരാളികളും തമ്മിലുള്ള ഏറ്റുമുട്ടൽ പുറത്തുവിട്ടതാണ് അൽ ജസീറയെ നിരോധിക്കാൻ കാരണമായതെന്നാണ് സൂചന. എന്നാൽ പലസ്തീൻ നിയമങ്ങളും ചട്ടങ്ങളും തുടർച്ചയായി അൽ ജസീറ ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് ആഭ്യന്തര-വാർത്താവിനിമയ മന്ത്രാലങ്ങൾ അറിയിക്കുന്നത്. അതേസമയം നടപടി നിർഭാഗ്യകരമെന്ന് അൽ ജസീറ പ്രതികരിച്ചു.
ഇസ്രായേൽ വംശഹത്യയെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്ന മാധ്യമത്തെ നിരോധിക്കുന്നത് അപകടകരമായ തീരുമാനമാണ്. ജീവൻ പണയം വെച്ചുകൊണ്ടാണ് രാവും പകലും ഇസ്രായേൽ ഗാസയിൽ നടത്തുന്ന വംശഹത്യയെ കുറിച്ച് അൽ ജസീറയുടെ റിപ്പോർട്ടർ ദഹ്ദൂഹ് ഉൾപ്പെടെയുള്ള മാധ്യമ പ്രവർത്തകർ ലോകത്തെ അറിയിക്കുന്നത്.
ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന ഏകപക്ഷീയമായ ഇസ്രയേൽ ആക്രമണങ്ങളുടെ നേർചിത്രം പുറം ലോകത്തെത്തിക്കുക എന്ന നിശ്ചയ ദാർഢ്യവുമായി മാധ്യമപ്രവർത്തനം നടത്തുന്നയാളാണ് വാഇൽ. എന്നാൽ ഈ പ്രവർത്തനങ്ങൾക്കിടയിൽ അദ്ദേഹത്തിന് നഷ്ടമായത് ഏറ്റവും ഉറ്റവരായ കുടുംബത്തെയാണ്. ഒക്ടോബറിൽ ഭാര്യയും രണ്ടുമക്കളും പേരക്കുട്ടിയുമടക്കം നാലുപേർ ഒരൊറ്റ ആക്രമണത്തിൽ ഇസ്രയേൽ സൈന്യം വധിച്ചു. അതിന്റെ അടുത്ത ദിവസം തന്റെ പ്രാണനായിരുന്ന മകൻ ഹംസ ദഹ്ദൂഹും ബോംബാക്രമണത്തിൽ നഷ്ടമായി. അൽജസീറയുടെ ഫോട്ടോ ജേർണലിസ്റ്റ് കൂടിയായിരുന്നു ഹംസ.
അതേടൊപ്പം, ഗാസയിൽ ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ് അൽ ജസീറയുടെ മാധ്യമപ്രവർത്തകയായ ഷിറേൻ അബു അഖ്ലെ കൊല്ലപ്പെട്ടിരുന്നു. യാതൊരു മുന്നറിയിപ്പോ പ്രകോപനമോ ഇല്ലാതെ മാധ്യമപ്രവർത്തകർക്ക് നേരെ ഇസ്രയേലി സൈന്യം വെടിയുതിർത്തിയതിന് പിന്നാലെയായിരുന്നു ഷിറേൻ അബു അഖ്ലെയുടെ മരണം.
ഇത്തരത്തിൽ ഇസ്രയലിന്റെ ക്രൂരതകൾ ലോകത്തിന് മുന്നിൽ സധൈര്യം തുറന്നു പറയുന്ന അൽ ജസീറയെ പോലെയൊരു മാധ്യമ സ്ഥാപനത്തിന് വിലക്കേർപ്പെടുത്തുന്നത് തീർത്തും അപലപനീയമാണ്. തങ്ങളുടെ ജീവനും കുടുംബവും പണയം വെച്ച് പലസ്തീനായി പൊരുതുന്ന ദഹ്ദൂഹിനെ പോലെയുളള മാധ്യമപ്രവർത്തകർക്ക് തന്റെ രാജ്യം നൽകിയ തിരിച്ചടിയാണ് ഈ വിലക്ക്.
അമേരിക്കൻ പാവ സർക്കാരാണ് പലസ്തീൻ അതോറിറ്റിയെന്ന് ഹമാസും അവരെ പിന്തുണയ്ക്കുന്നവരും നിരന്തരമായി ആരോപിക്കുന്നുണ്ട്. ഹമാസിന്റെ ചെയ്തികളെ ന്യായീകരിക്കുന്നില്ല, എന്നാൽ, പൊരുതുന്ന പലസ്തീൻ ജനതയുടെ നിലവിലെ ഏറ്റവും ദുഷ്കരമായ സാഹചര്യം വള്ളിപുള്ളി തെറ്റാതെ പുറംലോകത്തെ അറിയിക്കുന്ന മാധ്യമസ്ഥാപനത്തെ വിലക്കുന്നതിലൂടെ, പലസ്തീൻ അതോറിറ്റി ലോകത്തോട് വിളിച്ചുപറയുന്ന സന്ദേശം എന്താണ്? സ്വന്തം ജനതയെ വംശഹത്യക്ക് വിധേയരാക്കുന്നവർക്കൊപ്പമാണ് തങ്ങളെന്നാണോ…?