തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിലെ അന്യായമായ ടോൾ വർദ്ധനവ് പിൻവലിക്കുക എന്നാവശ്യപ്പെട്ട് എഐവൈഎഫ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ടോൾ പ്ലാസയിലേക്ക് നടന്ന മാർച്ച് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ഉദ്ഘാടനം നിർവഹിച്ചു.
മണ്ണുത്തി–ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കര ടോൾ പ്ലാസയിൽ പുതുക്കിയ ടോൾ നിരക്ക് ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. 15 ശതമാനം വരെ നിരക്ക് വർധനയുണ്ട്. ടോൾ പ്ലാസ ഒരുതവണ മറികടക്കാൻ വിവിധ വിഭാഗങ്ങളിലുള്ള വാഹനങ്ങൾക്ക് 10 മുതൽ 65 രൂപ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതനുസരിച്ച് കാറുകൾക്ക് 80 രൂപ ടോൾ നൽകിയിരുന്നത് ഇന്നു അർധരാത്രി മുതൽ 90 രൂപ നൽകണം.
പാലിയേക്കരയിൽ ടോൾ തുടങ്ങി പത്തു കൊല്ലം പിന്നിടുമ്പോൾ റോഡ് നിർമ്മാണത്തിന് ചിലവായ തുകയേക്കാൾ ടോൾ കമ്പനി ഇതിനോടകം പിരിച്ചെടുത്തു. 721.17 കോടി രൂപയാണ് മണ്ണൂത്തി-ഇടപ്പള്ളി നാല് വരിപ്പാത നിർമാണത്തിന് ആകെ ചെലവായത്. കഴിഞ്ഞ വർഷം ഒക്ടോബർ വരെ 957.68 കോടി പിരിഞ്ഞു കിട്ടിയതായാണ് വിവരാവകാശ രേഖയിൽ ദേശീയ പാതാ അതോറിറ്റി വ്യക്തമാക്കുന്നത്. അതായത് ചിലവായതിനേക്കാൾ ഏകദേശം ഇരുനൂറ് കോടിയിലേറെ തുക ടോൾ ഇനത്തിൽ പിരിച്ചെടുത്തുവെന്ന് വ്യക്തം.