ലക്ഷ്യബോധമില്ലാത്ത പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പന്ന്യൻ രവീന്ദ്രൻ. കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പന്ന്യൻ. കോൺഗ്രസും ബിജെപിയും ഒരേ സ്വരത്തിൽ സംസാരിക്കുന്നു. ബിജെപി അനുകൂല നിലപാട് പുലർത്തുന്ന യുഡിഎഫിന് കേന്ദ്രസർക്കാരിന്റെ ദോഷകരമായ നയങ്ങളെ എതിർക്കാനുമാകുന്നില്ല.
സംസ്ഥാനത്ത് എല്ലാത്തിനെയും എതിർക്കുക എന്നത് മാത്രമായിരിക്കുന്നു പ്രതിപക്ഷ നയം. ഇടതുപക്ഷ ഭരണത്തുടർച്ച പ്രതിപക്ഷ കക്ഷികളെ അക്രമാസക്തരാക്കിയിരിക്കുന്നു. സർക്കാരിനെതിരെ എന്തെങ്കിലും പറഞ്ഞുപരത്തുക എന്നതാണ് അവരുടെ സമീപനം.
രാജ്യത്തെ കോൺഗ്രസ് കൃത്യമായി നിലപാടും നേതൃത്വവുമില്ലാത്ത പാർട്ടിയായി മാറിയിരിക്കുന്നു. അപക്വമായ കേന്ദ്ര നേതൃത്വമാണ് ആ പാർട്ടിക്കുള്ളത്.
കേന്ദ്രം ഭരിക്കുന്ന ബിജെപിയാകട്ടെ, പൊതുമേഖലാ സ്ഥാപനങ്ങൾ ചുളുവിലയ്ക്ക് കോർപറേറ്റുകൾക്ക് വിൽക്കുന്നു. കോർപറേറ്റുകൾക്ക് രാജ്യം വിറ്റതിന് കിട്ടുന്ന ലാഭത്തിന്റെ പങ്ക് കൈപ്പറ്റിയാണ് ബിജെപി വളരുന്നത്. കേരളത്തിലെ എൽഡിഎഫ് സർക്കാർ രാജ്യത്തിന് മുന്നിൽ ഒരു ജനകീയ ബദൽ ഉയർത്തി മുന്നോട്ടുപോകുകയാണ്. ആ ബദലിനെ ശക്തിപ്പെടുത്തേണ്ടത് നാടിന്റെ ഏറ്റവും വലിയ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പറയേണ്ട കാര്യങ്ങൾ എവിടെ എങ്ങനെ ഉന്നയിക്കണം എന്നതിൽ പാർട്ടിയ്ക്ക് ബോധ്യമുണ്ട്. മുന്നണിക്കും നാടിനുമായുള്ള വിട്ടുവീഴ്ച കീഴ്പ്പെടലായി ചിത്രീകരിക്കേണ്ടതില്ലെന്നും പന്ന്യൻ കൂട്ടിച്ചേർത്തു.
മുതിർന്ന നേതാവ് കെ സി കുമാരൻ പതാക ഉയർത്തി. വി കെ സന്തോഷ്‌കുമാർ രക്തസാക്ഷി പ്രമേയവും ആർ സുശീലൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. അഡ്വ. വി ബി ബിനു സ്വാഗതം പറഞ്ഞു.
ദേശീയ എക്സിക്യൂട്ടിവ് അംഗം കെ ഇ ഇസ്മായിൽ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ ഇ ചന്ദ്രശേഖരൻ, എ കെ ചന്ദ്രൻ, പി വസന്തം തുടങ്ങിയവർ സംബന്ധിച്ചു.
ജില്ലാ സെക്രട്ടറി സി കെ ശശിധരൻ പ്രവർത്തന റിപ്പോർട്ടും എ സി ജോസഫ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഒ പി എ സലാം, ഹേമലതാ പ്രേംസാഗർ, അഡ്വ. എസ് പി സുജിത്, കെ അജിത് എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. ഗ്രൂപ്പ് ചർച്ച ഇന്നും തുടരും. മറുപടി, തെരഞ്ഞെടുപ്പ് എന്നിവയോടെ സമ്മേളനം വൈകുന്നേരം അവസാനിക്കും.