തിരുവനന്തപുരം: സംഘപരിവാറിനാൽ നയിക്കപ്പെടുന്ന മോദി ഭരണകൂടം രാജ്യത്തെ ജനങ്ങളുടെ എല്ലാ അവകാശങ്ങളെയും വിലങ്ങ് വച്ചുകൊണ്ടിരിക്കുകയാണെന്ന് സിപിഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ. ദീർഘനാളത്തെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിലൂടെ ഇന്ത്യ നേടിയെടുത്ത ജനാധിപത്യാവകാശങ്ങളെ ഇല്ലാതാക്കാൻ ഇന്ത്യൻ ജനത അനുവദിക്കില്ലെന്നാണ് ഇന്ത്യയുടെ ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുള്ളത്.രാജ്യത്ത് ഉയർന്നു വരുന്ന ഭിന്നസ്വരങ്ങളെ മോദി ഭരണകൂടം ഭയക്കുന്നു.
അതുകൊണ്ടാണ് ടീസ്റ്റയെയും ആർ.ബി.ശ്രീകുമാറിനെയും മുഹമ്മദ് സുബൈറിനെയും അന്യായമായി അറസ്റ്റ് ചെയ്ത് തടങ്കലിൽ വച്ചിരിക്കുന്നതെന്നും പന്ന്യൻ രവീന്ദ്രൻ കൂട്ടിച്ചേർത്തു. ടീസ്റ്റാ സെദൽവാദിനെയും ആർ.ബി.ശ്രീകുമാറിനെയും നിരുപാധികം വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് തിരുവനന്തപുരം ഐക്യദാർഢ്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനാധിഷ്ഠിതമായ അവകാശങ്ങൾക്കുവേണ്ടി അക്ഷീണം പോരാടിയ ടീസ്റ്റാ സെദൽവാദിനെയും ആർ.ബി. ശ്രീകുമാറിനെയും അറസ്റ്റ് ചെയ്ത നടപടിയെ ഐക്യരാഷ്ട്ര സഭപോലും അപലപിച്ചിട്ടും മോദിക്ക് യാതൊരു കുലുക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ കൂട്ടായ്മയിൽ ആർ.അജയൻ അധ്യക്ഷനായിരുന്നു. അഡ്വ.എം.എ.ഫ്രാൻസിസ്, ഷജീർഖാൻ, പി.പി.സത്യൻ, ബിജു എന്നിവർ പ്രസംഗിച്ചു.