Friday, November 22, 2024
spot_imgspot_img
HomeKeralaഅന്ന് വേദിയില്‍ ഇരുന്ന് വയലാര്‍ ആ പാട്ടെഴുതി; തിരതല്ലുന്ന സംസ്ഥാന സമ്മേളന ഓര്‍മ്മകള്‍

അന്ന് വേദിയില്‍ ഇരുന്ന് വയലാര്‍ ആ പാട്ടെഴുതി; തിരതല്ലുന്ന സംസ്ഥാന സമ്മേളന ഓര്‍മ്മകള്‍

പന്ന്യൻ രവീന്ദ്രൻ (സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ)

1964 ജനുവരി മാസത്തിലാണ് ഞാന്‍ പാര്‍ട്ടിയില്‍ അംഗമാകുന്നത്. അന്ന് പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടായിരുന്നില്ല. പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാവുന്നത് 1964 ഏപ്രില്‍ മാസത്തിലാണ്. കോട്ടയത്ത് നടന്ന പാര്‍ട്ടി സമ്മേളനത്തിലാണ് ഞാന്‍ ആദ്യമായി പങ്കെടുക്കുന്നത്. എന്നാല്‍, ഞാന്‍ അന്ന് പ്രതിനിധിയായിരുന്നില്ല. മറക്കാനാവത്ത ഒത്തിരി ഓര്‍മ്മകളാണ് കോട്ടയം സമ്മേളനം എനിക്ക് സമ്മാനിച്ചത്. കേരളത്തില്‍ അറിയപ്പെടുന്ന സാംസ്‌കാരിക നായകന്മാര്‍ ഒരുമിച്ചു കൂടിയ സമ്മേളനമായിരുന്നു അത്. വയലാര്‍ രാമവര്‍മ്മയായിരുന്നു അന്നത്തെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തത്. അന്ന് അദ്ദേഹത്തിന്റെ മനോഹരമായ ഒരു പാട്ടുണ്ടായിരുന്നു.

ഒരുനാളില്‍ ഒരുദിക്കില്‍ സമ്മേളിച്ചു
ഒരായിരം ചുവപ്പുകള്‍ സമ്മേളിച്ചു
പലപല നാട്ടില്‍ നിന്നും വന്നവര്‍
പലപല ചെടികളില്‍ പൂത്തുവിടര്‍ന്നവര്‍
ഒരുനാളില്‍ ഒരുദിക്കില്‍ സമ്മേളിച്ചു
ഒരായിരം ചുവപ്പുകള്‍ സമ്മേളിച്ചു

ആ പാട്ട് വയലാര്‍ സ്റ്റേജില്‍ വന്നിരുന്നപ്പോള്‍ എഴുതിയതാണ്. ദീപശിഖ ജ്വലിക്കുന്നു, പതാകകള്‍ പാറിക്കളിക്കുന്നു, അത് കണ്ടപ്പോള്‍ വയലാറിന്റെ ഉള്ളിന്റെ ഉള്ളില്‍ നിന്നും വന്ന ഒരു ചുവപ്പിന്റെ അഭിനിവേശമായിരുന്നു ആ പാട്ട്. ആ സമ്മളനത്തില്‍ നമ്മുടെ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാവരും ഉണ്ടായിരുന്നു.

1979ല്‍ എഐവൈഎഫിന്റെ സംസ്ഥാന പ്രസിഡന്റായി എന്നെ തെരഞ്ഞെടുത്തു. അങ്ങനെ, 1982ല്‍ ആലപ്പുഴയില്‍ നടന്ന സമ്മേളനത്തിലാണ് ഞാന്‍ ആദ്യമായി പ്രതിനിധി എന്ന നിലയില്‍ പങ്കെടുക്കുന്നത്. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ എങ്ങനെയായിരിക്കണം, എങ്ങനെ ജീവിക്കണം, പാര്‍ട്ടിയോടുള്ള കടപ്പാടെന്താണ്, എങ്ങനെയാണ് ഒരു സമ്മേളനത്തെ സമീപിക്കേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ ആ സമ്മേളനത്തിലൂടെ എനിക്ക് പഠിക്കാന്‍ സാധിച്ചു.

ആ സമ്മേളനത്തില്‍ വച്ചാണ് എന്നെ ആദ്യമായി സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കുന്നത്. ആ സമയത്ത്, എഐവൈഎഫ് സംസ്ഥാന പ്രസിഡന്റും സിപിഐയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്നു ഞാന്‍. അതിനു ശേഷം, നിരന്തരമായി എല്ലാ സമ്മേളനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ഓരോ പാര്‍ട്ടി പ്രവര്‍ത്തകരുടെയും മനസിനകത്തെ എല്ലാ തരത്തിലുള്ള പ്രശ്നങ്ങളും ചര്‍ച്ചയാകുന്നത് സമ്മേളന വേദിയിലാണ്. രാഷ്ട്രീയ കാര്യങ്ങളെ പറ്റി തുറന്ന ചര്‍ച്ച നടക്കുന്നതവിടെയാണ്. അവിടെ എടുക്കുന്ന പൊതു തീരുമാനങ്ങളാണ് രാഷ്ട്രീയ തീരുമാനങ്ങളായി വരുന്നത്. പ്രത്യേകിച്ച് പാര്‍ട്ടി കോണ്‍ഗ്രസില്‍. ഒരു വ്യക്തി പാര്‍ട്ടി മെമ്പറായി കഴിഞ്ഞാല്‍, പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രമേയം പാസാക്കുമ്പോള്‍ അദ്ദേഹത്തിനും കൂടി സംഭാവന നല്‍കാനാവുമെന്നതാണ് ഈ പാര്‍ട്ടിയുടെ പ്രത്യേകത.

ഇന്ത്യയില്‍ 6 ലക്ഷത്തിലധികം പാര്‍ട്ടി മെമ്പര്‍മാരാണ് സിപിഐക്കുളളത്. ഈ പാര്‍ട്ടി മെമ്പര്‍മാരുടെ പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. എന്നാല്‍, പാര്‍ട്ടി മെമ്പര്‍മാര്‍ക്ക് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിക്കുന്ന രാഷ്ട്രീയ പ്രമേയത്തില്‍ അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള അവസരമുണ്ട്. അതിനായി, നമ്മുടെ രാഷ്ട്രീയ പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രണ്ടു മാസം മുമ്പ് തന്നെ പ്രസിദ്ധപ്പെടുത്തും. അതു കഴിഞ്ഞാല്‍ അതിന്മേലുളള ഭേദഗതികള്‍ അയക്കാം. 27,000ത്തിലധികം ഭേദഗതികളാണ് കഴിഞ്ഞ തവണ സമ്മേളനത്തില്‍ വന്നത്.

നമ്മുടെ പാര്‍ട്ടി മെമ്പര്‍ഷിപ്പിനു തന്നെ ഒരു ചിട്ടയും ക്രമവുമൊക്കെയുണ്ട്. ആ മെമ്പര്‍ഷിപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിനിധികള്‍ വരുന്നത്. പ്രതിനിധികള്‍ക്കുള്ള അവകാശങ്ങളും പാര്‍ട്ടി മെമ്പര്‍മാര്‍ക്കുള്ള അവകാശങ്ങളുമെല്ലാം ഒരുപോലെ പരിഗണിക്കുന്നതാണ് പാര്‍ട്ടി കോണ്‍ഗ്രസ്. ആ പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായിട്ടാണ് സംസ്ഥാന സമ്മേളനങ്ങള്‍ നടക്കുന്നത്. തിരുവനന്തപുരത്ത് 1995ല്‍ ഒരു സമ്മേളനം നടന്നിരുന്നു. പിന്നീട്, 25 വര്‍ഷത്തിനു ശേഷമാണ് തലസ്ഥാനം വേദിയായി സിപിഐയുടെ സംസ്ഥാന സമ്മേളനം നടക്കുന്നത്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളത് ഒരു ലക്ഷത്തി എഴുപത്തിയേഴായിരത്തോളം പാര്‍ട്ടി മെമ്പര്‍മാരാണ്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും പതിനായിരത്തിലധികം മെമ്പര്‍മാരുടെ എണ്ണം സംസ്ഥാനത്ത് ഉയര്‍ത്താന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ട്. ആ വര്‍ധിച്ചു വരുന്ന മെമ്പര്‍ഷിപ്പുകളുടെ ബലത്തിലാണ് ഇക്കുറി നമ്മുടെ സംസ്ഥാന സമ്മേളനം നടക്കുന്നത്. സിപിഐ സംസ്ഥാന സമ്മേളനം നമ്മുടെ നാടിന്റെ ഭൂപടത്തില്‍ ഒരു പ്രധാനപ്പെട്ട ചുവപ്പ് രേഖയാണ് കുറിച്ചിടുന്നത്. സമ്മേളനം ഒരു ഹൃദയത്തുടിപ്പ് ഇവിടെ രേഖപ്പെടുത്തുമെന്ന കാര്യത്തില്‍ യാതൊരു വിധ സംശയവുമില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നു പറയുന്നത് ജനങ്ങളോട് പ്രതിബദ്ധതയുള്ള മനുഷ്യരുടെ പാര്‍ട്ടിയാണ്. അതുകൊണ്ട് തന്നെ പാര്‍ട്ടിക്കകത്ത് ഒരുപാട് തര്‍ക്കങ്ങള്‍ വരില്ല. തര്‍ക്കങ്ങള്‍ വരുന്നത് രാഷ്ട്രീയ കാര്യങ്ങളിലാണ്. അതും സമന്വയത്തോടെ തീരുമാനിക്കുക തന്നെ ചെയ്യും.

നമ്മുടെ രാജ്യം ഭയാനകമായ ഒരു അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. തീവ്ര ഹിന്ദുത്വമാണ് ആര്‍എസ്എസിന്റെ നിലപാട്. അങ്ങനെ തീവ്ര ഹിന്ദുത്വത്തെ എതിര്‍ക്കാന്‍ വേണ്ടി പ്രോപ്പുലര്‍ ഫ്രണ്ടിനെ പോലുള്ള സംഘടനകള്‍ രാജ്യത്ത് നടത്തിയ ഹര്‍ത്താലിനു മുന്‍പിലാണ് നമ്മള്‍ നില്‍ക്കുന്നത്. ഇക്കാര്യത്തിലും നമ്മുടെ പാര്‍ട്ടിക്ക് വ്യക്തമായ ഒരു കാഴ്ച്ചപാടുണ്ട്. ഭൂരിപക്ഷസമുദായത്തെ നേരിടാന്‍ ന്യൂനപക്ഷം ആയുധമെടുത്ത് സഞ്ചരിക്കുന്നത് ഏറ്റവും വലിയ തെറ്റാണ്. മത ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഇവിടെ മത ന്യൂനപക്ഷങ്ങള്‍ തന്നെ ശ്രമിക്കുന്നതാണ് മതനിരപേക്ഷത. ഹിന്ദു വിഭാഗത്തില്‍പ്പെട്ട മഹാഭൂരിപക്ഷം ജനങ്ങള്‍ ഇന്ത്യയിലുണ്ട്. ഏകദേശം 80 ശതമാനത്തോളം ആളുകള്‍ ഹിന്ദു വിഭാഗത്തിലുള്‍പ്പെട്ടവരാണ്. അവരില്‍ ബിജെപിയുടെ കൂടെ നിലകൊള്ളുന്നത് വളരെ ചെറിയ ശതമാനം ആളുകള്‍ മാത്രമാണ്. അതില്‍ എത്രയോ ശതമാനം താഴെയാണ് ആര്‍എസ്എസിലുള്ളത്. ആര്‍എസ്എസ് എന്ന് പറയുന്ന സംഘടനയുടെ തെറ്റായ നീക്കങ്ങള്‍ എതിര്‍ക്കാന്‍ വേണ്ടി മഹാഭൂരിപക്ഷം വരുന്ന മത നിരപേക്ഷവാദികളും ഒരുമിച്ച് നില്‍ക്കണം. ആ മത നിരപേക്ഷക കൂട്ടായ്മയില്‍ ഒരു ഭാഗമാണ് രാജ്യത്തെ ഇടത് പക്ഷ പാര്‍ട്ടികളെല്ലാം. ഇന്നത്തെ ഇന്ത്യ എന്ന് പറയുന്നത് മതാതിഷ്ടിത രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരിക്കുന്ന ഇന്ത്യയാണ്. മതത്തിന്റെ പേരില്‍ ജനങ്ങളെ അകറ്റി നിര്‍ത്തുകയെന്നാതാണ് അവരുടെ പ്രധാനപ്പെട്ട തന്ത്രം. രാജ്യത്തിന്റെ സമ്പത്തെല്ലാം കൊള്ളയടിക്കാന്‍ വേണ്ടി മുതലാളിമാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നു.

അത്തരത്തില്‍, നമ്മുടെ നാട്ടിലെ പണം കൊള്ളയടിച്ച് ബിജെപി ഫണ്ടിലേക്ക് കൊടുക്കുകയും അതു വഴി നമ്മുടെ നാട്ടിലെ ജനാധിപത്യ സംസ്‌കാരത്തിന്റെ ഭാഗമായുള്ള തെരഞ്ഞെടുപ്പിനെ പോലും അട്ടിമറിക്കുകയാണ്. പല പാര്‍ട്ടികളിലെയും എംഎല്‍എമാരെയും എംപിമാരെയും വിലയ്‌ക്കെടുക്കാന്‍ ഈ കാശുപയോഗിക്കുന്നു. കോടി കണക്കിന് രൂപയുടെ കളളപ്പണമാണ് നമ്മുടെ നാട്ടില്‍ നിറഞ്ഞാടുന്നത്. അതെല്ലാം ബിജെപിയുടെ പ്രത്യേക നിര്‍ദ്ദേശത്തോടെ നടക്കുന്നതാണ്. ഭരണസംവിധാനത്തില്‍ ഒട്ടും ഒഴിച്ചു കൂടാനാകാത്ത ഘടകമാണ് മാധ്യമങ്ങള്‍ക്കുള്ളത്. എന്നാല്‍, ഇപ്പോള്‍ രാജ്യത്തെ പ്രധാന മാധ്യമപ്രവര്‍ത്തകരെയെല്ലാം തുറങ്കിലടക്കുകയും മറ്റു പലരെയും തോക്കിനിരകളാക്കുകയും ചെയ്തതില്‍ ബിജെപിയുടെ പങ്ക് വിസ്മരിക്കാനാവില്ല.

ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താന്‍ കേന്ദ്രത്തിന്റെ പ്രതിനിധിയായി ഗവര്‍ണര്‍മാരെ അയച്ചുകൊണ്ട് അവിടെയെല്ലാം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. കേരളത്തില്‍ ഇത് നമ്മള്‍ നേരില്‍ കാണുന്നതാണ്. രാജ്യത്ത് മിക്ക സംസ്ഥാനത്തും ഇതു തന്നെയാണ് നടക്കുന്നത്. തങ്ങള്‍ക്കിഷ്ടമില്ലാത്ത സംസ്ഥാന സര്‍ക്കാരിനെ നിലയ്ക്ക് നിര്‍ത്താന്‍ ബിജെപി സര്‍ക്കാര്‍ ആദ്യം ഉപയോഗപ്പെടുത്തുന്നത് ഈ ഗവര്‍ണര്‍മാരെ വച്ചുകൊണ്ടാണ്. അങ്ങനെ, നമ്മുടെ നാടിനെ തകര്‍ക്കുന്ന, മനുഷ്യന്റെ ജീവിതം ദുസഹമാക്കുന്ന, മനുഷ്യനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തുന്ന, മനുഷ്യന്റെ പ്രതീക്ഷകള്‍ അസ്തമിക്കുന്ന ഒരു നാടായി നമ്മുടെ രാജ്യം മാറുമ്പോള്‍ അതിനെതിരെ പ്രതിരോധിക്കാന്‍ ഇവിടത്തെ ഇടത് പക്ഷ പാര്‍ട്ടികള്‍ക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും മതനിരപേക്ഷക പാര്‍ട്ടികള്‍ക്കും മാത്രമേ സാധിക്കുകയുളളൂ. അതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്നതും.

അതുകൊണ്ട്, ഇതുവരെ നടന്ന പല സമ്മേളനങ്ങളിലും പ്രതിനിധി ആകാന്‍ ഭാഗ്യമുണ്ടായ എനിക്ക് ഈ സമ്മേളനം എന്ന് പറയുന്നത് വളരെ പ്രധാനമാണ്. ഈ സമ്മേളനത്തിന്റെ തീരുമാനങ്ങളില്‍ ഭാഗവാക്കാകാന്‍ കഴിയുന്നത് തന്നെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു സ്മരണീയ നേട്ടമായി കാണുകയാണ്.തിരുവനന്തപുരത്ത് 30 ന് ആരംഭിച്ച് ഒക്ടോബര്‍ 3 ന് അവസാനിക്കുന്ന ഈ സംസ്ഥാന സമ്മേളനം ഒരു വമ്പിച്ച വിജയമാക്കാന്‍ നമ്മളെല്ലാവരും ഒരുങ്ങുകയാണ്. അതുകഴിഞ്ഞ്, ഒകടോബര്‍ 14 മുതല്‍ 18 വരെ വിജയവാഡ സമ്മേളനം കഴിയുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങില്‍ ഓരോ പ്രവര്‍ത്തകന്റെ മനസ്സും അവന്റെ എല്ലാമെല്ലാം ഈ സമ്മേളനത്തിനോടൊപ്പമായിരിക്കും. സമ്മേളനങ്ങള്‍ എന്നു പറഞ്ഞാല്‍ നമുക്ക് എല്ലാം മനസ്സില്‍ ഒരുപാട് പഴയകാലത്തെ ഓര്‍മ്മകള്‍ തിരതല്ലി വരുന്ന അനുഭവം ഉണ്ടാവും. ആ അനുഭവം നിങ്ങളുമായി പങ്ക് വയ്ക്കാന്‍ സാധിച്ചതില്‍ എനിക്ക് വളരെയേറെ സന്തോഷമുണ്ട്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares