തിരുവനന്തപുരം: കായിക മന്ത്രി വി അബ്ദുറഹ്മാനെതിരെ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. “പട്ടിണി കിടക്കുന്നവർ കളികാണേണ്ട”എന്ന പരാമർശം വരുത്തിവെച്ച വിന ഇന്നലെ നേരിൽകണ്ടുവെന്ന് അദ്ദേഹം പറഞ്ഞു . ഒഴിഞ്ഞ ഗ്യാലറികൾ നിർഭാഗ്യകരവും പരിതാപകരവുമാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞു. കളിയെ പ്രോത്സാഹിപ്പിക്കേണ്ടവർ നടത്തിയ അനാവശ്യ പരാമർശങ്ങൾ കാരണം നഷ്ടം സംഭവിച്ചത് കെസിഎക്ക് മാത്രമല്ല, സർക്കാരിനു കൂടിയാണ്. പരാമർശിക്കുന്നവർ ഇക്കാര്യം ഇനിയെങ്കിലും മനസിലാക്കണം. ഇന്റർനാഷണൽ മത്സരങ്ങൾ നഷ്ടപ്പെട്ടാൽ നഷ്ടം ക്രിക്കറ്റ് ആരാധകർക്കും സംസ്ഥാന സർക്കാരിനുമാണെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
ഇന്ത്യ ശ്രീലങ്ക ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് നികുതി വർദ്ധനവിനെ കുറിച്ചുള്ള സ്പോർട്സ് മന്ത്രിയുടെ പ്രതികരണം ഒട്ടും ഉചിതമായില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. കേരളത്തിൽ നടക്കുന്ന ഒരു മത്സരം കാണുവാനുള്ള ആഗ്രഹം പാവപ്പെട്ടവർക്കുമുണ്ടല്ലോ. അവർ പട്ടിണി കിടന്നാലും കളിയോടുള്ള കൂറൂകൊണ്ടാണ് കളി കാണാനെത്തുന്നതെന്നു അദ്ദേഹം പറഞ്ഞിരുന്നു.