തിരുവനന്തപുരം: കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ ശ്രീലങ്ക ക്രിക്കറ്റ് മത്സരത്തിനായുള്ള ടിക്കറ്റ് നിരക്ക് ഉയർത്തിയത് സംബന്ധിച്ച് കായികമന്ത്രി വി.അബ്ദുറഹിമാൻ നടത്തിയ വിവാദ പരാമർശത്തിനെതിരെ പ്രതികരിച്ച് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ഏകദിന പരമ്പയുടെ ടിക്കറ്റിൻമേലുള്ള നികുതി കുറയ്ക്കാനാവില്ലെന്നും പട്ടിണികിടക്കുന്നവർ ആരും കളികാണാൻ വരേണ്ടെന്നും അബ്ദുറഹിമാൻ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ഫേസ്ബുക്കിലൂടെയാണ് പന്ന്യൻ രംഗത്തെത്തിയത്.
ഇന്ത്യ ശ്രീലങ്ക ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് നികുതി വർദ്ധനവിനെ കുറിച്ചുള്ള സ്പോർട്സ് മന്ത്രിയുടെ പ്രതികരണം ഒട്ടും ഉചിതമായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ നടക്കുന്ന ഒരു മത്സരം കാണുവാനുള്ള ആഗ്രഹം പാവപ്പെട്ടവർക്കുമുണ്ടല്ലോ. അവർ പട്ടിണി കിടന്നാലും കളിയോടുള്ള കൂറൂകൊണ്ടാണ് കളി കാണാനെത്തുന്നതെന്നു അദ്ദേഹം പറഞ്ഞു.
പാവപ്പെട്ടവർക്കും മറ്റെല്ലാ ജനവിഭാഗങ്ങൾക്കും മത്സരം കാണാൻ പരമാവധി സൗകര്യം ഒരുക്കുവാനുള്ള ഉത്തരവാദിത്വം കേരളത്തിലെ സർക്കാരിനുണ്ട് എന്നകാര്യം വിസ്മരിക്കുന്നത് നീതീകരിക്കാവുന്നതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.