വാടാനപ്പള്ളി: ചായകടക്കാരൻ സാധാരണക്കാരന്റെ പ്രതീകമാണെന്നും എന്നാൽ ഇന്ത്യ ഭരിക്കുന്ന ചായകടക്കാരൻ്റെ മകന് മുതലാളിമാരുമായാണ് ചങ്ങാത്തമെന്നും മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. 9-ാമത് അൻസിൽ രക്തസാക്ഷി ദിന അനുസ്മരണ സമ്മേളനവും പ്രകടനവും വാടാനപ്പള്ളി സെൻ്ററിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ കള്ളപ്പണം മുഴുവൻ പിടിച്ചെടുത്ത് 15 ലക്ഷം രൂപ വീതം ഇന്ത്യയിലെ ജനങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന് 10 വർഷം പിന്നിട്ടു. നരേന്ദ്ര മോഡിയുടെ ഇത്തരം വാഗ്ദാനങ്ങൾ എല്ലാം പൊള്ളത്തരങ്ങളാണെന്ന് തിരിച്ചറിയുന്ന ദിനങ്ങളാണ് വരാൻ പോകുന്നതെന്നും പന്ന്യൻ രവീന്ദ്രൻ കൂട്ടിച്ചേർത്തു.
എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷെബീർ അധ്യക്ഷനായി. മണലൂർ മണ്ഡലം സെക്രട്ടറി സാജൻ മുടവാങ്ങട്ടിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, സിപിഐ സംസ്ഥാന കൗൺസിൽ അംഗം രാഗേഷ് കണിയാംപറമ്പിൽ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി കെ കൃഷ്ണൻ, എൻ കെ സുബ്രഹ്മണ്യൻ, ജില്ലാ കൗൺസിൽ അം ഗം കെ വി വിനോദൻ, മണലൂർ മണ്ഡലം സെക്രട്ടറി വി ആർ മനോജ്, ലോക്കൽ സെക്രട്ടറി സി ബി സുനിൽകുമാർ, എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, എഐഎസ്എഫ് ജില്ലാ സെക്രട്ടറി അഖിലേഷ്, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി കെ വിനീഷ്, കനിഷ്കൻ, ടി പി സുനിൽ, അൻസിലിന്റെ പിതാവ് ഹംസ എന്നിവർ സംസാരിച്ചു.
ചിലങ്ക സെൻ്ററിൽ നിന്നും തുടങ്ങിയ പ്രകടനത്തിന് സി കെ രമേഷ്, സി വി സന്ദീപ്, ബിജിത ഗിരീഷ്, ബിജു, സജീഷ് വാലാപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.